Story Dated: Sunday, December 14, 2014 12:10
റാന്നി: വിദേശത്തു ജോലിക്കായി പോയ യുവാവ് ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മരണപ്പെട്ട സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം. റാന്നി വൈക്കം തെക്കേപാറാനിക്കല്‍ സിബിന്‍ തോമസി(23)ന്റെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്നും മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സി.പി.എം റാന്നി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
എം.ബി.എ പഠനം നടത്തുമ്പോള്‍തന്നെ സ്വയം തൊഴില്‍ കണ്ടെത്തി കുടുംബം പുലര്‍ത്തിയിരുന്ന യുവാവിന്റെ മരണം സുബിന്റെ കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. രോഗികളായ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഏകാശ്രയമായിരുന്നു സിബിന്‍. നവംബര്‍ 23 നാണ് ജോലിക്കായി അബുദാബിയിലേക്കു പോയത്. റാന്നി വയലത്തല കണ്ടത്തുങ്കേല്‍ മാത്യു ഏബ്രഹാമാണ് സിബിനെ ജോലിക്കായി കൊണ്ടു പോയത്.
അബുദാബിയിലെത്തി മൂന്നാം ദിവസം സിബിന്‍ ബഹുനില കെട്ടിടത്തിന്റെ താഴെ മരിച്ചു കിടക്കുന്നതായ വിവരമാണ് നാട്ടില്‍ ലഭിച്ചത്. മകന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണം അന്വേഷിക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് സിബിന്റെ പിതാവ് പി.സി. തോമസ് ഇന്ത്യയിലേയും അബുദാബിയിലേയും അംബാസഡര്‍മാര്‍ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്.
മകന്റെ മരണം നടന്ന് മൂന്നാഴ്‌ചയായിട്ടും പോസ്‌റ്റുമാര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കാത്തതിലും സിബിന്‍ മരണപ്പെട്ടത് എങ്ങനെയാണെന്ന കാര്യം വ്യക്‌തമാകാത്തതിലും കുടുംബം ദു:ഖിതരാണ്. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവിന്റെ ദുരൂഹ മരണത്തെപ്പറ്റി അന്വേഷിക്കണമെന്നും കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്നും സി.പി.എം റാന്നി ലോക്കല്‍ സെക്രട്ടറി ടി.എന്‍. ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
from kerala news edited
via IFTTT