Story Dated: Sunday, December 14, 2014 06:56
കാഞ്ഞിരപ്പള്ളി: കടബാദ്ധ്യതയില്‍ മുങ്ങി കേരളത്തിന്റെ മണ്ണില്‍ തൊഴില്‍തേടിയെത്തിയ ആന്ധ്രാ സ്വദേശിക്ക് കാരുണ്യാ ലോട്ടറിയിലൂടെ ഭാഗ്യത്തിന്റെ കാരുണ്യം. ഒരു കോടി രൂപയാണ് അടിച്ചത്. ആന്ധ്രാ സ്വദേശിയായതിനാല്‍ ഒരു കോടിയുടെ സമ്മാനത്തിന് അര്‍ഹമായ ലോട്ടറി സൂക്ഷിക്കാന്‍ സംസ്‌ഥാനത്തെ പ്രമുഖ ബാങ്കുകള്‍ തയ്യാറാകാതെ വന്നതോടെ ബമ്പര്‍ ലോട്ടറിയുമായി ഭാഗ്യശാലിക്ക് കാവലിരിക്കേണ്ട ഗതികേടിലായി കാഞ്ഞിരപ്പള്ളി പോലീസിന്.
കാഞ്ഞിരപ്പള്ളിയില്‍ നിര്‍മാണ തൊഴിലാളിയായ സോമ്‌ന നായിക് (26) ന് ആണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. ആന്ധ്രപ്രദേശിലെ അനന്തപുരി ജില്ലയില്‍ ബാബന്‍പള്ളി കതിരി മണ്ഡല സ്വദേശിയാണ് ഇദ്ദേഹം. മഴയില്ലാത്തതിനാല്‍ വരണ്ടുണങ്ങിയ നാട്ടില്‍ കൃഷിയിടങ്ങള്‍ പൂര്‍ണമായി നശിച്ചതോടെ നിത്യവൃത്തിക്ക് വഴിതേടിയാണ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോമ്‌ന നായിക്കും കൂട്ടുകാരും കേരളത്തിലെത്തിയത്.
അഞ്ച് വര്‍ഷമായി കാഞ്ഞിരപ്പള്ളിയില്‍ താമസിക്കുന്ന സോമ്‌ന സ്‌ഥിരമായി ലോട്ടറി എടുത്തിരുന്നുവെങ്കിലും സമ്മാനങ്ങള്‍ ലഭിച്ചിരുന്നില്ല.കിട്ടുന്ന കൂലിയുടെ പാതിയും ലോട്ടറി വാങ്ങുന്നതിനായി മാറ്റിവെച്ചിരുന്ന സോംന ഇന്നലെയും പതിവ് പോലെ ഫലം പരിശോധിക്കുന്നതിനായി കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ശ്രീ ലക്കി സെന്ററില്‍ എത്തുകയായിരുന്നു. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ഏജന്‍സിയില്‍ വാങ്ങിസൂക്ഷിച്ചതിന് ശേഷം സ്‌റ്റേഷനില്‍ വിവരം ധരിപ്പിക്കാന്‍ പറഞ്ഞയച്ച ലോട്ടറി ഉടമ പോലീസ് എത്തിയ ശേഷമാണ് ലോട്ടറി സുരക്ഷിതമായി കൈമാറിയത്.
എസ്.ഐ ഷിന്റൊ പി.കുര്യന്‍, രമേശന്‍, ജമാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സോംനയുമായി തിരികെ സ്‌റ്റേഷനിലെത്തിയ പോലീസ് ലോട്ടറി സുരക്ഷിതമായി ഏല്‍പ്പിക്കുന്നതിന് പ്രമുഖ ബാങ്കുകളുടെ അധികൃതരെ സമീപിച്ചെങ്കിലും ആന്ധ്രാ സ്വദേശിയായതിനാല്‍ കേരളത്തിലെ ബാങ്കുകള്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് രാത്രി വൈകിയും കാഞ്ഞിരപ്പള്ളി സ്‌റ്റേഷനില്‍ പോലീസ് സംരക്ഷണത്തില്‍ സമ്മാനാര്‍ഹമായ ലോട്ടറിടിക്കറ്റുമായി സോംനയ്‌ക്ക് കാവലിരിക്കുകയാണ് പോലീസ്. ഭാര്യയും രണ്ട് കുട്ടികളുമുള്ള സോംനയ്‌ക്ക് നാട്ടിലെ കടബാദ്ധ്യതകള്‍ തീര്‍ക്കണമെന്നും കടത്തില്‍ മുങ്ങി വില്‍ക്കേണ്ടി വന്ന കൃഷിയിടങ്ങള്‍ തിരികെ വാങ്ങണമെന്നുമാണ് ആഗ്രഹം.
from kerala news edited
via IFTTT