Story Dated: Sunday, December 14, 2014 12:10
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ ഉപേക്ഷിച്ചുപോയ ബാഗിനുള്ളില്‍ നിന്നു മൂന്നു കിലോ സ്വര്‍ണം കണ്ടെത്തി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കഴിഞ്ഞ ബുധനാഴ്‌ച കരിപ്പൂരില്‍ എത്തിയ യാത്രക്കാരന്‍ ഉപേക്ഷിച്ചുപോയ ബാഗില്‍ നിന്നാണ് കരിപ്പൂര്‍ എയര്‍ കസ്‌റ്റംസ് സ്വര്‍ണം കണ്ടെത്തിയത്. ബാഗിന്റെ ഉടമസ്‌ഥനായ യാത്രക്കാരനെക്കുറിച്ചു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പിടികൂടിയ സ്വര്‍ണത്തിനു 90 ലക്ഷം രൂപ വില ലഭിക്കും. യാത്രക്കാരന്‍ എത്തുമെന്നു കാത്തിരുന്ന അധികൃതര്‍ മൂന്നുദിവസം കഴിഞ്ഞാണ് ബാഗ് പരിശോധിച്ചത്. ബാഗിലുണ്ടായിരുന്ന എമര്‍ജന്‍സി ലാംപിന്റെ ബാറ്ററിയുടെ ഭാഗത്തു 500 ഗ്രാം തൂക്കമുള്ള ആറു സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
ബുധനാഴ്‌ച കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ബാഗ് ഉപേക്ഷിച്ച് മുങ്ങിയതാണെന്നു കരുതുന്നു. ബാഗില്‍ നിന്നു ലഭിച്ച ഫോണ്‍ നമ്പറില്‍ ഉദ്യോഗസ്‌ഥര്‍ ബന്ധപ്പെട്ടപ്പോള്‍ ആള്‍ സ്‌ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ടു കസ്‌റ്റംസ് അനേ്വഷണം ഊര്‍ജിതമാക്കി. കരിപ്പൂരില്‍ ഒരാഴ്‌ചക്കിടെ പതിനാലരകിലോ സ്വര്‍ണാണ് പിടികൂടിയത്. കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണര്‍മാരായ സി.പി.എം.റഷീദ്, ശ്യാം സുന്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്റിലജന്റ്‌സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, ഇ.പി.ശശിധരന്‍, എന്‍.എസ്.എ പ്രസാദ്, ടി.ടി.രഞ്‌ജിത്, യു.ബാലന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
from kerala news edited
via IFTTT