121

Powered By Blogger

Wednesday, 31 December 2014

മീനാക്ഷിക്കും നിഷക്കും ആനുകൂല്യ നിഷേധം; മന്ത്രി ജയലക്ഷ്‌മി വിശദീകരണംതേടി











Story Dated: Wednesday, December 31, 2014 03:51


കല്‍പ്പറ്റ: വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികില്‍സയില്‍ കഴിയുന്ന പുല്‍പ്പള്ളി പാക്കം പാലഞ്ചോല കോളനിയിലെ മീനാക്ഷിക്കും നിഷയ്‌ക്കും പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ അനുവദിച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ട സംഭവത്തില്‍ പട്ടികവര്‍ഗ്ഗക്ഷേമ, യുവജനകാര്യ വകുപ്പ്‌ മന്ത്രി പി.കെ. ജയലക്ഷ്‌മി ഉദ്യോഗസ്‌ഥരില്‍നിന്നും വിശദീകരണം തേടി. പത്ത്‌ മാസം മുമ്പ്‌ വാഹനാപകടത്തില്‍ പരിക്കേറ്റ മീനാക്ഷിക്കും നിഷക്കും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്‌ നല്‍കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ ഡയറക്‌ടറോടും 40,000 രൂപ വീതം ചികില്‍സാ ധനസഹായമായി നല്‍കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ഒകേ്‌ടാബര്‍ ഒന്നിന്‌ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തയെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നടപടി.


40,000 രൂപ വീതം ഇരുവര്‍ക്കും അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌ 2014 നവംബര്‍ 12ന്‌ പുറത്തിറങ്ങി . എന്നാല്‍ ഇരുവര്‍ക്കും ചികില്‍സാ സഹായം ലഭിച്ചില്ലെന്ന വാര്‍ത്ത വീണ്ടും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ മന്ത്രി ജയലക്ഷ്‌മി വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥര്‍ ആരാണെന്ന്‌ കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ ഡയറക്‌ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌. ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ ചികില്‍സാ സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ യഥാസമയത്ത്‌ ആദിവാസികള്‍ക്ക്‌ നല്‍കുന്നതില്‍ ചിലര്‍ ഉദ്യോഗസ്‌ഥര്‍ വീഴ്‌ച വരുത്തുന്നുണ്ടെന്ന്‌ പരാതി ഉയര്‍ന്നിരുന്നു.


കല്‍പ്പറ്റയില്‍ ആദിവാസി യുവാവിന്‌ ചികില്‍സ ലഭിക്കാത്ത സംഭവത്തില്‍ ടി.ഇ.ഒയെ സസ്‌പെന്റ്‌ ചെയ്യുകയും പിന്നീട്‌ ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്ത്‌ സ്‌ഥലംമാറ്റി നിയമിക്കുകയും ചെയ്‌തിരുന്നു. ഇത്തരത്തിലുള്ള മറ്റ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഒരു താക്കീതെന്ന രീതിയിലാണ്‌ അന്ന്‌ നടപടി ഉണ്ടായത്‌. രോഗികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അടിയന്തിര ധനസഹായം മന്ത്രി പ്രഖ്യാപിക്കാറുണ്ടെങ്കിലും യഥാസമയം ഇവ താഴെത്തട്ടിലെത്തി വിതരണം നടത്തിയിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടതാണെന്ന്‌ മന്ത്രി വകുപ്പ്‌ ഉദ്യോഗസ്‌ഥരോട്‌ നിര്‍ദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT