121

Powered By Blogger

Wednesday, 31 December 2014

മൂക്കുന്നിമല: ഖനനമുപേക്ഷിച്ചവരും മടങ്ങിയെത്തി











Story Dated: Wednesday, December 31, 2014 07:34


mangalam malayalam online newspaper

മലയിന്‍കീഴ്‌: ഇക്കഴിഞ്ഞ മേയ്‌മാസത്തില്‍ വിജിലന്‍സ്‌ ഉദ്യോഗസ്‌ഥ സംഘം നടത്തിയ പരിശോധനക്കിടെ ഖനനം ഉപേക്ഷിച്ച്‌ മലയിറങ്ങിയ 15 ഓളം ചെറുകിട പാറമട ഉടമകള്‍ വീണ്ടും മൂക്കുന്നിമലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ ക്രഷ്‌ യൂണിറ്റ്‌ പ്രവര്‍ത്തിപ്പിക്കുന്നവരും ഉള്‍പ്പെടും. മടങ്ങിയെത്തിയ പാറമട ഉടമകള്‍ക്ക്‌ പള്ളിച്ചല്‍ പഞ്ചായത്ത്‌ നല്‍കിയ ലൈസന്‍സുകള്‍ ഉണ്ടെന്നാണ്‌ അവകാശവാദം. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെയും ഉദ്യോഗസ്‌ഥ വൃന്ദത്തിന്‌ അനധികൃത ഖനനത്തെക്കുറിച്ച്‌ വ്യക്‌തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത്‌ ലൈസന്‍സ്‌ ഉള്ളതുകാരണം നടപടികളൊന്നുമെടുത്തിട്ടില്ല.


സ്‌ഫോടന ശബ്‌ദം പരമാവധി കുറച്ച്‌ നിയന്ത്രിക്കാനാവശ്യമായ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ്‌ പര്‍വത ശിഖരങ്ങള്‍ ഉടച്ചുവാരുന്നത്‌. ഖനനം ചെയ്‌തെടുക്കുന്ന പാറയുടെ 90 ശതമാനവും ക്രഷ്‌ യൂണിറ്റുകള്‍ക്കാണ്‌ വില്‍ക്കുന്നത്‌. ശേഷിച്ചവ പുറത്തേക്ക്‌ കൊണ്ടുപോകും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ സിംഹഭാഗവും വന്‍കിട ക്രഷ്‌ യൂണിറ്റുകളുടെ ബിനാമികളാണെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌.


യാതൊരു ലൈസന്‍സുകളുമില്ലാതെയാണ്‌ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിസര്‍വ്‌ ഫോറസ്‌റ്റില്‍ ഉള്‍പ്പെട്ട മൂക്കുന്നിമലയിലെ ഖനനം അനധികൃതമാണെന്നും പരിസ്‌ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതും സര്‍ക്കാരിന്‌ ഭീമമായ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നതുമായ ഖനനം, ഒരര്‍ഥത്തില്‍ രാജ്യസുരക്ഷക്ക്‌ വെല്ലുവിളിയാണെന്നും കാണിച്ച്‌ ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പരിസ്‌ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ മാര്‍ച്ച്‌ 12ന്‌ കത്തു നല്‍കിയിരുന്നു.


നാടിന്റെ വികസനം, തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ്‌ സര്‍ക്കാര്‍ ആഭ്യന്തര -പരിസ്‌ഥിതി വകുപ്പുകളുടെ ശിപാര്‍ശ നിരാകരിച്ചതെന്നാണ്‌ വിവരം. അതേ സമയം സര്‍ക്കാരിന്‌ ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്‌ടം തിരിച്ചു പിടിക്കാന്‍ ധനകാര്യ വകുപ്പ്‌ തയാറാകാത്തതില്‍ ദൂരൂഹതയുണ്ടെന്ന ആക്ഷേപവുംശക്‌തമാണ്‌.










from kerala news edited

via IFTTT