121

Powered By Blogger

Wednesday, 31 December 2014

ഭവനരഹിതരുടെ കുടിശിക പണത്തിന്‌ ധനവകുപ്പ്‌ ഇടങ്കോലിടുന്നു











Story Dated: Wednesday, December 31, 2014 07:34


മലയിന്‍കീഴ്‌: ഇന്ദിര ആവാസ്‌യോജന പദ്ധതി പ്രകാരം നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച രണ്ടായിരത്തിലേറെ ഭവന രഹിതര്‍ക്ക്‌ നല്‍കാനുള്ള വര്‍ധിപ്പിച്ച തുക ധനകാര്യ വകുപ്പ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ നേമം ബ്ലോക്ക്‌ പഞ്ചായത്തംഗവും കോണ്‍ഗ്രസ്‌ നേതാവുമായ ബിനു തോമസ്‌ മലയിന്‍കീഴിലെ നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ കാര്യാലയത്തില്‍ ജനുവരി അഞ്ചിന്‌ ഉപവസിക്കും. മലയിന്‍കീഴ്‌ മീഡിയാസെന്ററില്‍ ബിനു തോമസ്‌ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ സര്‍ക്കാര്‍ നയത്തിനെതിരെ ആഞ്ഞടിച്ചത്‌.


കോണ്‍ഗ്രസ്‌ ഭരണ സമിതിയാണ്‌ നേമം ബ്ലോക്ക്‌ പഞ്ചായത്തില്‍ അധികാരം കൈയാളുന്നത്‌. ഭവനരഹിതര്‍ക്ക്‌ 2014 സാമ്പത്തികവര്‍ഷം മുന്നൂറില്‍താഴെ വീടുകള്‍ക്കാണ്‌ അനുമതി നല്‍കിയത്‌. എന്നാല്‍ ബ്ലോക്ക്‌ പഞ്ചായത്തിനുകീഴിലുള്ള മലയിന്‍കീഴ്‌, മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, പളളിച്ചല്‍, ബാലരാമപുരം, കല്ലിയൂര്‍ പഞ്ചായത്തുകളിലായി 3500 ഓളം ഭവനരഹിതരുണ്ട്‌. ഇവര്‍ക്ക്‌ കിടപ്പാടമില്ലെന്ന വസ്‌തുത ഏറെ ഗുരുതരമാണ്‌.


2011 മാര്‍ച്ച്‌ ഒന്നുമുതല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച രണ്ടായിരത്തിലധികം വീടുകള്‍ക്കായി സര്‍ക്കാര്‍ പത്തു കോടിയോളം രൂപ നല്‍കാനുണ്ട്‌. കഴിഞ്ഞ സര്‍ക്കാര്‍ 75,000 രൂപ ഭവന നിര്‍മാണത്തിന്‌ നല്‍കിയത്‌ അപര്യാപ്‌തമാണെന്ന്‌ മനസിലാക്കിയ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഒന്നേകാല്‍ലക്ഷം രൂപ കൂടി നല്‍കാന്‍ നിര്‍ദേശിച്ചു. ഈ തുക രണ്ടു സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ടും നല്‍കാന്‍ ധനകാര്യവകുപ്പ്‌ തയാറായിട്ടില്ല.


ധനകാര്യവകുപ്പിന്റെ നിഷേധാത്മാക നിലപാടില്‍ പ്രതിഷേധിച്ച്‌ 2014 ഒക്‌ടോബര്‍ മുതല്‍ സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം താന്‍ നിഷേധിക്കുകയാണെന്നും ബിനു തോമസ്‌ വ്യക്‌തമാക്കി. ജനുവരി അഞ്ചിലെ ഉപവാസം ആര്‍ക്കെങ്കിലും എതിരായി നടത്തുന്നതല്ലെന്നും ഭവന രഹിതരായ പൊതുസമൂഹത്തോടന്‌ അനുഭാവംപ്രകടിപ്പിക്കാനാണെന്നും ബ്ലോക്ക്‌ പഞ്ചായത്തംഗം ചൂണ്ടിക്കാട്ടി. യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം ജനറല്‍ സെക്രട്ടറി എസ്‌.ആര്‍. വിഷ്‌ണു, വിളവൂര്‍ക്കല്‍ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ മണികണ്‌ഠന്‍ എന്നിവരും ബിനു തോമസിനൊപ്പം ഉണ്ടായിരുന്നു.










from kerala news edited

via IFTTT