121

Powered By Blogger

Friday, 13 March 2015

14 വര്‍ഷമായി റിസോഴ്‌സ് അധ്യാപകര്‍ കാരാര്‍ വേതനത്തില്‍; ജോലി സ്‌ഥിരതയ്‌ക്ക് നടപടിയില്ലെന്ന്‌ പരാതി











Story Dated: Saturday, March 14, 2015 03:02


കോഴിക്കോട്‌: സംസ്‌ഥാനത്തെ ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ പതിനാല്‌ വര്‍ഷമായി ജോലി ചെയ്യുന്നത്‌ കരാര്‍ വേതനത്തില്‍.സംസ്‌ഥാനത്ത്‌ 148777 വിഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി 1335 റിസോഴ്‌സ് അധ്യാപരെയാണ്‌ ജില്ലാ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്‌. വര്‍ഷങ്ങളായി ഈ മേഖലയില്‍ തന്നെ ജോലി ചെയ്യുന്നതിനാല്‍ ജോലി സ്‌ഥിരതയ്‌ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ്‌ അധ്യാപകര്‍ പറയുന്നത്‌. ഇവരുടെ സ്‌ഥിര നിയമനത്തിനു യാതൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട്‌ സര്‍വേ, മെഡിക്കല്‍ ക്യാമ്പ്‌, ഉപകരണ വിതരണം,ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം,തത്സമയ സഹായം തുടങ്ങി ഇരുപതോളം പ്രവര്‍ത്തനങ്ങളാണ്‌ അധ്യാപകര്‍ നടത്തി വരുന്നത്‌.പക്ഷേ ഇവരുടെ ജോലി സുരക്ഷയ്‌ക്കായി അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ല.

അധ്യാപനത്തിനപ്പുറം വലിയൊരു സേവനം എന്ന നിലയ്‌ക്ക് സര്‍ക്കാര്‍ തങ്ങള്‍ക്ക്‌ അര്‍ഹമായ പരിഗണന നല്‍കണമെന്ന്‌ റിസോഴ്‌സ് അധ്യാപകര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ സോര്‍ട്ട്‌ കേരള ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ജോലി ചെയ്യുന്നവരില്‍ 90 ശതമാനവും 35 വയസ്‌ പൂര്‍ത്തിയായവരാണ്‌.അത്‌ കൊണ്ട്‌ തന്നെ മറ്റൊരു മത്സര പരീക്ഷ എഴുതി ജോലി നേടുകയെന്നത്‌ ഇവരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയില്ലാത്തതുമാണ്‌.ഇപ്പോള്‍ അധ്യാപകര്‍ക്ക്‌ 13500 രൂപ ഹോണറോറിയും ഇനത്തിലും,500 രൂപ ടി.എ ഇനത്തിലുമായി ലഭിക്കുന്നുണ്ടെങ്കിലും ജോലി സുരക്ഷയില്ലാത്തത്‌ വലിയ ഭീഷണിയായിരിക്കുകയാണെന്ന്‌ സോര്‍ട്ട്‌ സംസ്‌ഥാന പ്രസിഡന്റ്‌ ടി.കെ റിയാസ്‌ പത്രമ്മേളനത്തല്‍ പറഞ്ഞു.നിലവിലെ കാരാര്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ഇവര്‍ക്കുള്ള പുനര്‍ നിയമന ഉത്തരവ്‌ ഉടന്‍ ഉണ്ടാകണമെന്നാണ്‌ അധ്യാപകര്‍ പറയുന്നത്‌.

ഇന്ന്‌ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സോര്‍ട്ടിന്റെ മൂന്നാം സംസ്‌ഥാന സമ്മേളനം വിഷയം ഗൗരവമായി ചര്‍ച്ചചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇന്ന്‌ വൈകീട്ട്‌ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബാണ്‌ സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്‌.പത്രമ്മേളനത്തില്‍ സോര്‍ട്ട്‌ പ്രതിനിധികളായ ഡി.ദേവ്‌പാല്‍,എ.മനീഷ്‌,ടി.ശ്രീരാജ്‌ എന്നിവരും പങ്കെടുത്തു.










from kerala news edited

via IFTTT