Story Dated: Friday, March 13, 2015 03:00
കണ്ണൂര്‍: പാവപ്പെട്ടവരും കര്‍ഷകരും കടല്‍ത്തീരവാസികളുമായ സാധാരണക്കാരുടെ ആവശ്യങ്ങളോടും പ്രശ്‌നങ്ങളോടും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കണമെന്ന് മലബാര്‍ മേഖലാ കത്തോലിക്കാമെത്രാന്മാരുടെ സമ്മേളനം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കിരയായി പല കര്‍ഷകജീവനുകള്‍ പൊലിഞ്ഞിട്ടും ക്രിയാത്മകമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്വന്തം കൃഷിയിടത്തില്‍ പോലും കടന്നുകയറുന്ന വന്യമൃഗങ്ങളില്‍നിന്നും മനുഷ്യജീവനും വിളവുകളും സംരക്ഷിക്കുവാന്‍ ഉപയുക്‌തമായ ശാസ്‌ത്രീയമായ വേലികള്‍ അടിയന്തിരമായി നിര്‍മ്മിക്കണം. തീരദേശവാസികളുടെ അതിജീവനം ദുഷ്‌കരമാക്കുന്ന മീനാകുമാരിറിപ്പോര്‍ട്ട് അസ്വീകാര്യമാണെന്ന് സമ്മേളനം വിലയിരുത്തി. കേരളസര്‍ക്കാരിന്റെ മദ്യനയം അര്‍ത്ഥശങ്കക്കിടയാകാത്തവിധത്തതില്‍ പ്രഖ്യാപിക്കണമെന്നും സമ്പൂര്‍ണ്ണ മദ്യനിരോധനം ലക്ഷ്യംവച്ചുകൊണ്ട്, ക്രമാനുഗതമായി മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്ന പ്രവര്‍ത്തനപരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏറ്റവും അസംഘടിതരും ദരിദ്രരും സ്വാധീനശക്‌തിയില്ലാവരുമായ ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജനാധിപത്യസംവിധാനത്തില്‍ സര്‍ക്കാരിനുള്ള ചുമതലയെപ്പറ്റി സമ്മേളനം ഓര്‍മ്മപ്പെടുത്തി. തലശ്ശേരി അതിരൂപതാ ആസ്‌ഥാനത്തുചേര്‍ന്ന സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശ്ശേരി), ബിഷപ്പ് ജോസഫ് മാര്‍ തോമസ് (ബത്തേരി), മാര്‍ ജോസ് പൊരുന്നേടം (മാനന്തവാടി), ഡോ. അലക്‌സ് വടക്കുംതല (കണ്ണൂര്‍), മാര്‍ ജോസഫ് പണ്ടാരശ്ശേരി (കോട്ടയം അതിരൂപതാസഹായമെത്രാന്‍), ബിഷപ്പ് ഗീവര്‍ണ്മീസ് മാര്‍ ദിവന്നസ്യോസ് (പുത്തൂര്‍), ആര്‍ച്ചുബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT