Story Dated: Saturday, March 14, 2015 03:13
പുല്‍പ്പള്ളി: ജീവിതവഴിയിലെ പ്രതിസന്ധികളെ അതിജീവിച്ച അതെ പുഞ്ചിരിയോടെ ജിമി കാലിക്കറ്റ് സര്‍വകലാശാലയിലെത്തി ടോപ്പേഴ്‌സ് അവാര്‍ഡ് ഏറ്റുവാങ്ങി. സ്വയം നിയന്ത്രിക്കാവുന്ന ചക്രകസേരയില്‍ അവാര്‍ഡ്‌ദാന ചടങ്ങിലേക്ക് ജിമി എത്തിയത് സഹോദരി സുമിക്കും മാതാപിതാക്കള്‍ക്കും പ്രിയ അധ്യാപകന്‍ വി. മധുവിനും ഒപ്പമായിരുന്നു. സദസ് നിറഞ്ഞ കയ്യടിയോടെയാണ് ജിമി സ്വീകരിച്ചു. ബി.എം.എം.സി. കോഴ്‌സില്‍ സര്‍വകലാശാലയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ജിമിക്കായിരുന്നു.
പുല്‍പ്പള്ളി പാടിച്ചിറ സ്വദേശി പാമ്പാനിക്കല്‍ ജോണിന്റെയും മേരിയുടെയും മക്കളായ ജിമിയും സുമിയും പേശികളുടെ ബലക്കുറവ് മൂലം ശരീരം നിയന്ത്രിക്കാനാവാത്ത സ്യൂഡോ മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി രോഗബാധിതരാണ്. ഇപ്പോള്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി.യില്‍ എം.എ. മള്‍ട്ടി മീഡിയ വിദ്യാര്‍ഥികളാണ് ഇരുവരും. ചികിത്സകള്‍ക്ക് ഫലമില്ലെന്ന് അറിഞ്ഞതോടെ ജീവിതത്തെ മനോബലം കൊണ്ട് തോല്‍പ്പിക്കുകയും സമൂഹത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് ഈ സഹോദരിമാര്‍. കബനിഗിരി നിര്‍മ്മല ഹൈസ്‌ക്കൂളിലാണ് ജിമി എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയത്. സ്‌കൂളിലെത്തി പഠിക്കുവാന്‍ സാധിക്കാതിരുന്ന ജിമിക്ക് എല്ലാ സഹായങ്ങളും പ്രോത്സാഹനവും നല്‍കിയത് സ്‌കൂളിലെ അധ്യാപകനായ വി. മധുവാണ്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്‌ഥമാക്കിയാണ് ജിമി പാസായത്. സ്വന്തം ജീവിതകഥ ലൈഫ് ഓണ്‍ വീല്‍ എന്നപേരില്‍ ഡോക്യുമെന്റിയാക്കിയിട്ടുണ്ട് ഈ മിടുക്കി. വിവര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കാന്‍ ശരീരിക പ്രയാസങ്ങള്‍ തടസമല്ലെന്ന് തെളിയിക്കുകയാണിവര്‍.
from kerala news edited
via IFTTT