Story Dated: Saturday, March 14, 2015 03:13
കല്‍പ്പറ്റ: കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക വകുപ്പിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ ശാഖ വയനാട്ടില്‍ സ്‌ഥാപിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് അഞ്ചുവര്‍ഷം. ഇതുവരെ സ്‌ഥലമെടുപ്പു പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ അനിശ്‌ചിതത്വമാണ് നിര്‍ദിഷ്‌ട ചികിത്സാ കേന്ദ്രത്തെ വിടാതെ പിന്തുടരുന്നത്. 500 കോടി രൂപ മതിപ്പുചെലവില്‍ ശ്രീചിത്തിരയുടെ ഉപകേന്ദ്രവും പഠന-ഗവേഷണ സ്‌ഥാപനവും വയനാട്ടില്‍ ആരംഭിക്കാന്‍ തീരൂമാനിച്ച ശ്രീചിത്തിര ഭരണസമിതി ഇതിനായി 200 ഏക്കര്‍ സ്‌ഥലമാണ് ആവശ്യപ്പെട്ടത്. ഇത്രയും ഭൂമി കണ്ടെത്താന്‍ 2009 ആഗസ്‌റ്റ് 20ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് പല കലക്‌ടര്‍മാര്‍ മാറിവന്നുവെങ്കിലും ഭൂമി സംബന്ധിച്ച നിയമക്കുരുക്ക് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പിന്നീട് 200 ഏക്കര്‍ മാറി 80 ഏക്കര്‍ ഭൂമി മതിയാകുമെന്ന് ശ്രീചിത്തിര അധികൃതര്‍ അറിയിച്ചിട്ടും സ്‌ഥലം ഏറ്റെടുത്ത് കൈമാറാന്‍ കഴിഞ്ഞില്ല. നിര്‍ദിഷ്‌ട ഉപകേന്ദ്രത്തെക്കുറിച്ച് ജനപ്രതിനിധികള്‍ക്കോ ശ്രീചിത്തിര അധികൃതര്‍ക്കോ ഇപ്പോള്‍ മിണ്ടാട്ടമില്ല.
വയനാട്ടില്‍ ഉപകേന്ദ്രം സ്‌ഥാപിക്കാന്‍ ശ്രീചിത്തിര ഭരണസമിതി തീരുമാനിച്ചതായി 2009 ല്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ.ഷാനവാസാണ് അറിയിച്ചത്. പിന്നീട് ജില്ലാ കലക്‌ടറും ജില്ലാ പഞ്ചായത്ത് ഭാരവാഹികളും ഉള്‍പ്പെടുന്ന സംഘം ഉപകേന്ദ്രത്തിനു യോജിച്ച സ്‌ഥലം കണ്ടെത്തുന്നതിനു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിക്കും വിവിധ വകുപ്പു മന്ത്രിമാര്‍ക്കും 2009 ഡിസംബര്‍ രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനുശേഷം ചേര്‍ന്ന ഇന്‍സ്‌റ്റിറ്റ്യൂട്ട് ഭരണസമിതി യോഗത്തിലായിരുന്നു വയനാട്ടില്‍ ഉപകേന്ദ്രം സ്‌ഥാപിക്കാനുള്ള തീരൂമാനം. ഉപകേന്ദ്രത്തിനു ആവശ്യമായ സ്‌ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുമെന്ന് 2010ല്‍ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി ഡോ.തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. വൈകാതെ ചേര്‍ന്ന ഇന്‍സ്‌റ്റിറ്റ്യൂട്ട് ഭരണസമിതി യോഗം സര്‍ക്കാര്‍ സ്‌ഥലം ഏറ്റെടുത്ത് കൈമാറുന്ന മുറയ്‌ക്ക് ഉപകേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ചു. ഇക്കാര്യം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഉപകേന്ദ്രത്തിനായി സ്‌ഥലം കണ്ടെത്തുന്നതിനുള്ള നീക്കം സജീവമായി.
മാനന്തവാടി താലൂക്കില്‍ തലപ്പൂഴ മക്കിമലയിലെ 180 ഏക്കര്‍ റവന്യൂ ഭൂമി, ബോയ്‌സ് ടൗണിലെ 200 ഏക്കര്‍ വരുന്ന ഗ്ലെന്‍ലവന്‍ എസേ്‌റ്ററ്റ്, തലപ്പുഴയിലെ പാരിസണ്‍ എസേ്‌റ്ററ്റ്, വൈത്തിരി താലൂക്കില്‍ ലക്കിടിയില്‍ പ്രിയദര്‍ശിനി സഹകരണസംഘത്തിന്റെ കൈവശമുള്ള 176 ഏക്കര്‍, ബത്തേരി താലൂക്കില്‍ ബീനാച്ചിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള കാപ്പിത്തോട്ടം, ഇരുളത്തിനു സമീപം വനം വികസന കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള മരിയനാട് കാപ്പിത്തോട്ടം തുടങ്ങി 14 സ്‌ഥലങ്ങളാണ് ഉപകേന്ദ്രത്തിനായി പരിഗണിക്കുന്നതിനു ജില്ലാ ഭരണകൂടം പരിഗണിച്ചത്.
ഉപകേന്ദ്രത്തിനായി ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടിയ സ്‌ഥലങ്ങള്‍ 2011 ഒകടോബര്‍ രണ്ടാം വാരത്തിലാണ് ശ്രീചിത്തിരയില്‍നിന്നുള്ള വിദഗ്‌ധസംഘം പരിശോധിച്ചത്. ദേശീയപാത, അയല്‍സംസ്‌ഥാനങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ എന്നിവയുമായുള്ള സമീപ്യം, വൈദ്യുതി- വെള്ളം ലഭ്യത, ഭൂമിയുടെ കിടപ്പ് തുടങ്ങിയവ മാനദണ്ഡങ്ങളാക്കിയായിരുന്നു പരിശോധന. ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതില്‍ ലക്കിടിയില്‍ പ്രിയദര്‍ശിനി സഹകരണസംഘത്തിന്റെ കൈവശമുള്ള ഭൂമിയാണ് ഉപകേന്ദ്രത്തിനു ഏറ്റവും യോജിച്ചതെന്ന് വിദഗ്‌ധസംഘം കണ്ടെത്തി. ഈ വിവരം സര്‍ക്കാരിന് മൂന്നാഴ്‌ചക്കകം റിപ്പോര്‍ട്ട് ചെയ്യുമെന്ന് 2011 ഒക്‌ടോബര്‍ 13ന് ശ്രീചിത്തിര ഡയറക്‌ടര്‍ അറിയിച്ചു. എന്നാല്‍ ലക്കിടിയിലെ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനായില്ല. ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായ സ്‌ഥലം മറ്റ് ആവശ്യത്തിനു വിനിയോഗിക്കുന്നതിനെതിരെ ചില ആദിവാസി സംഘടനകള്‍ രംഗത്തുവന്നതാണ് സ്‌ഥലമെടുപ്പിനു തടസമായത്. ഇതിനുശേഷം മാനന്തവാടി ബോയ്‌സ് ടൗണിലെ ഗ്ലെന്‍ലവന്‍ എസ്‌റ്റേറ്റ് ഏറ്റെടുത്ത് കൈമാറുന്നതിന് ജില്ലാ ഭരണകൂടം തുടങ്ങിയ നീക്കം എങ്ങുമെത്തിയില്ല. ഈ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനു ഉടമസ്‌ഥാവകാശം സംബന്ധിച്ച നിയമനൂലാമാലകളാണ് തടസം. മിച്ചഭൂമിയും മറ്റ് നിയമക്കുരുക്കുകളുമുള്ള ഭൂമി ശ്രീചിത്തിരക്കു വേണ്ടി ഏറ്റെടുപ്പിക്കാന്‍ ജനപ്രതിനിധികളടക്കമുള്ള ഒരു സംഘം ആളുകള്‍ നടത്തിയ ശ്രമമാണ് ശ്രീചിത്തിര സെന്റര്‍ സ്‌ഥാപനം അനിശ്‌ചിത്വത്തിലാക്കിയതെന്ന്
ആരോപണമുയര്‍ന്നിട്ടുണ്ട്.
from kerala news edited
via IFTTT