121

Powered By Blogger

Friday, 13 March 2015

തമിഴ് വാര്‍ത്താചാനലിനുനേരേ ബോംബാക്രമണം








തമിഴ് വാര്‍ത്താചാനലിനുനേരേ ബോംബാക്രമണം


കെ.കെ. സുരേഷ് കുമാര്‍


Posted on: 13 Mar 2015



ആറുപേര്‍ അറസ്റ്റില്‍

ഉപയോഗിച്ചത് ടിഫിന്‍ബോക്‌സ് ബോംബ്




ചെന്നൈ: തമിഴ് വാര്‍ത്താചാനലായ 'പുതിയ തലമുറ'യുടെ ഓഫീസിനുനേരേ ടിഫിന്‍ ബോക്‌സ് ബോംബാക്രമണം. വ്യാഴാഴ്ച രാവിലെ മൂന്നുമണിയോടെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് രണ്ട് ടിഫിന്‍ ബോക്‌സ് ബോംബുകള്‍ എറിഞ്ഞത്. ആര്‍ക്കും പരിക്കില്ല.

ബോംബാക്രമണം നടത്തിയെന്ന് കരുതുന്ന ആറുപേരെ പിടികൂടി. ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു യുവജനസേനയുടെ സംസ്ഥാന പ്രസിഡന്റ് ജയം പാണ്ഡിയന്‍ മധുരയിലെ കോടതിയില്‍ കീഴടങ്ങി. ബോംബാക്രമണത്തെ പത്രപ്രവര്‍ത്തക സംഘടനകളും രാഷ്ട്രീയകക്ഷികളും അപലപിച്ചു.


രണ്ട് ബോംബുകളില്‍ ഒന്ന് ടി.വി. ചാനല്‍ ഓഫീസിന്റെ മുറ്റത്തിന് അകത്തും മറ്റൊരെണ്ണം മതിലിനുതട്ടി പുറത്തും വീണു. വന്‍ ശബ്ദത്തോടെ രണ്ടും പൊട്ടിത്തെറിച്ചു. ശബ്ദംകേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.വി. ചാനല്‍ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും പുറത്തേക്ക് എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. ഓഫീസിനുമുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി.ക്യാമറ പരിശോധിച്ചപ്പോള്‍ ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ഏതാനുംപേര്‍ ഓഫീസിനുമുന്നില്‍ ബൈക്കില്‍ ചുറ്റിത്തിരിയുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നുവെന്നും സി.സി.ടി.വി.ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആറുപേരെ പിടികൂടിയതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ജോര്‍ജ് അറിയിച്ചു. ഹിന്ദു യുവജനസേന നേതാവ് വേണുഗോപാല്‍, പ്രവര്‍ത്തകരായ രാജ, മുരളി, മഹേന്ദ്രന്‍, ശിവ, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരെയും ചെന്നൈയില്‍നിന്നാണ് പിടികൂടിയത്.


സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. പോലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. ശക്തി കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. തമിഴ്‌നാട്ടിലെ സ്ത്രീകളുടെ 'താലിമാല'യുടെ പ്രധാന്യത്തെകുറിച്ച് വനിതാദിനത്തോടനുബന്ധിച്ച് 'പുതിയ തലമുറ'യില്‍ സംവാദം ടെലിക്കാസ്റ്റ് ചെയ്തിരുന്നു. സംവാദത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ടി.വി. ചാനല്‍ ഓഫീസിനുമുന്നില്‍ ധര്‍ണനടത്തിയിരുന്നു.


ധര്‍ണയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ പുതിയ തലമുറയുടെ ക്യാമറമാനെ ഒരു സംഘമാളുകള്‍ ആക്രമിച്ചിരുന്നു. ഹിന്ദുമുന്നണി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ടായിരുന്നു.സംഭവത്തില്‍ പത്തുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഓഫീസിന് നേരേ ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. ക്യാമറാമാനെ ആക്രമിച്ച സംഭവത്തിനുശേഷം വാര്‍ത്താചാനലിന്റെ ഓഫീസിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ടിഫിന്‍ ബോക്‌സ് ബോംബാക്രമണം നടക്കുമ്പോള്‍ ഓഫീസ് പരിസരത്ത് പോലീസ് ഉണ്ടായിരുന്നില്ല.













from kerala news edited

via IFTTT