121

Powered By Blogger

Friday 13 March 2015

ഓര്‍മകള്‍ക്ക് ഒരു ക്ഷണക്കത്ത്‌







തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അന്തരിച്ചിട്ട്

മാര്‍ച്ച് 11ന് പതിനെട്ടു വര്‍ഷം...

ഈയിടെ അദ്ദേഹത്തിന്റെ ആദ്യ മകള്‍

ശ്യാമളാദേവിക്കുഞ്ഞമ്മയ്ക്ക് ഒരു കല്യാണക്കത്ത് കിട്ടി.

ഏഴ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അച്ചടിക്കപ്പെട്ട ഒന്ന്!

അത് തന്നെ കൊണ്ടുചെന്നെത്തിച്ച

ഭൂതകാലസ്മരണകള്‍ അവരിവിടെ പങ്കുവെക്കുന്നു...




എഴുപത്തിരണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു വിവാഹം. ആ കല്യാണത്തിന്റെ ക്ഷണക്കത്ത് അന്നത്തെ വരന്റെ മകളെ തേടിയെത്തുന്നു ഇപ്പോള്‍. ആലപ്പുഴ മണ്ണഞ്ചേരി 'ശ്രീശൈല'ത്തില്‍ (ചോനായിക്കുളം) റിട്ടയേഡ് പി.ഡബ്‌ള്യു.ഡി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്യാമളാദേവിക്കുഞ്ഞമ്മയാണ് (ലേഖ) ആ മകള്‍.

അവര്‍ക്ക് ആ കത്ത് നിധിയാണ്. കാരണം, അവര്‍ മലയാള സിനിമയിലെ ആദ്യ സൂപ്പര്‍താരം തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ആദ്യ ഭാര്യയിലെ ആദ്യ മകളാണ്. ഭാര്യ കരുവാറ്റ സമുദായത്തില്‍ സരോജിനി കുഞ്ഞമ്മയും.

ഇപ്പോള്‍ മകളെത്തേടിയെത്തിയ ഈ ക്ഷണക്കത്തിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു: 'ഞാന്‍ അനിയന്‍ചേട്ടന്‍, അപ്പൂപ്പന്റെ പഴയ പെട്ടി തുറന്നപ്പോള്‍ കിട്ടിയതാണിത്. ഇത് സൂക്ഷിക്കേണ്ടത് നീയാണ്'' അനിയന്‍ എന്നാല്‍, സരോജിനിയുടെ അപ്പച്ചിയുടെ മകന്‍.

വിവാഹം ക്ഷണിച്ചിരിക്കുന്നത് കരുവാറ്റ സമുദായത്തില്‍ കേശവക്കുറുപ്പാണ് ലേഖയുടെ മുത്തച്ഛന്‍. കല്യാണം പകല്‍ രണ്ടിനും നാലരയ്ക്കുമിടയില്‍ വധൂഗൃഹത്തില്‍. ഭക്ഷണം 11 മണി മുതല്‍. ഉപചാരപൂര്‍വം കെ. മാധവന്‍ ഉണ്ണിത്താന്‍ എന്നവസാനിക്കുന്നു കത്ത്. ലേഖയുടെ അപ്പൂപ്പനാണത്.

ആലപ്പുഴയിലെ രവീന്ദ്രപ്രസ്സില്‍ അച്ചടിച്ചതാണ് കത്ത്. പ്രസ്സ് ഇപ്പോള്‍ നിലവിലുണ്ടോ എന്നറിയില്ല. ഏതായാലും അച്ഛന്റെ കല്യാണക്കത്ത് ലേഖയുടെ ഓര്‍മകളെ ഒരുപാട് പിന്നിലേക്ക് പിച്ചവെച്ച് നടത്തിക്കുകയാണ്. കൈപിടിച്ച് നടത്തിച്ച അച്ഛന്‍, വാത്സല്യത്തിന്റെ മാധുര്യം പകര്‍ന്ന അമ്മ, അവരുടെ വിവാഹമോചനം, പ്രശസ്തനായ അച്ഛന്റെ രണ്ടാമത്തെയും മൂന്നാമത്തെയും വിവാഹം...

ലേഖയ്ക്ക് ഒരു അനുജത്തിയുണ്ട്ഗീതാദേവിക്കുഞ്ഞമ്മ. സരോജിനിക്കുഞ്ഞമ്മയെ തിക്കുറിശ്ശി വിവാഹം കഴിക്കാനുള്ള സാഹചര്യം ലേഖ പറയുന്നത് ഇങ്ങനെ: മുത്തച്ഛന്‍ പ്രമാണിയായിരുന്നു. കരുവാറ്റ എന്‍.എസ്.എസ്. സ്‌കൂളിന് സ്ഥലവും കെട്ടിടവും ഒക്കെ ദാനം ചെയ്തയാള്‍. അങ്ങനെയിരിക്കേ വടക്കന്‍ പറവൂരില്‍ ഒരു നാടകം. കൈനിക്കര കുമാരപിള്ള സാറും അപ്പൂപ്പനും മുത്തച്ഛനുമൊക്കെയാണ് സംഘാടകര്‍. തിരുവിതാംകൂര്‍ ആത്മവിദ്യാസംഘത്തിന്റെ പേരിലാണ് നാടകം. നായകനടനെ തപ്പി ഇറങ്ങിയവര്‍ കണ്ടെത്തിയത് തിക്കുറിശ്ശി സുകുമാരന്‍ നായരെ. തിക്കുറിശ്ശി അന്ന് നാടകരംഗത്ത് എത്തിയിട്ടേയുള്ളൂ. 'കെടാവിളക്ക്' എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്; 20ാമത്തെ വയസ്സില്‍.



നാടകം കഴിഞ്ഞു. തിക്കുറിശ്ശിയുടെ അച്ഛനായി അഭിനയിച്ചത് ലേഖയുടെ അപ്പൂപ്പന്‍. നല്ല ജോടിയെന്ന് സദസ്സ്. ഇരുവര്‍ക്കും സന്തോഷം. മിടുക്കനായ നായകനെ ചേര്‍ത്തുനിര്‍ത്തി അപ്പൂപ്പന്‍ അന്ന് പ്രഖ്യാപിച്ചു: ''എന്റെ മകളെ ഞാന്‍ ഈ തിക്കുറിശ്ശിക്ക് കല്യാണം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചു'', സദസ്സ് കൈയടിച്ചു. സരോജിനിക്ക് അന്ന് പ്രായം 15. ജാതകം ചേരില്ലെന്നായി ജ്യോത്സ്യര്‍. സമുദായത്തിലെ കാരണവര്‍ തീരുമാനിച്ചുറച്ചാല്‍ പിന്നെ എന്ത് ജാതകം? ''എനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ അവരുടെ വിവാഹമോചനമായി. അനുജത്തിക്ക് അന്ന് ഒരു വയസ്സാണ്'', ലേഖയുടെ കണ്ഠമിടറുന്നു. ആലപ്പുഴ കോടതിയിലായിരുന്നു കേസൊക്കെ. നാടകത്തില്‍ സക്രിയമായപ്പോള്‍ നാടകനടിയായ അമ്പലപ്പുഴ മീനാക്ഷിയുമായി തിക്കുറിശ്ശി അടുപ്പത്തിലായി. 'സ്ത്രീ' എന്ന സിനിമയിലും അവര്‍ ഒന്നിച്ചഭിനയിച്ചു. ഒടുവില്‍ അച്ഛന്‍ മീനാക്ഷിക്ക് ഹം5പുടവ കൊടുത്തു. ''അപ്പൂപ്പനും മുത്തച്ഛനും ഇഷ്ടമായില്ല. അച്ഛന്‍ ഹം2അനുരഞ്ജനത്തിന് തയ്യാറായിരുന്നു. സിനിമാലോകത്തിലെ പലരും വന്നിരുന്നു; പ്രശ്‌നം പരിഹരിക്കാന്‍. പക്ഷേ...'', ലേഖയുടെ കണ്ണുകള്‍ തുളുമ്പി.

തിക്കുറിശ്ശിക്ക് അമ്പലപ്പുഴ മീനാക്ഷിയിലുണ്ടായ മകനാണ് രാജഹംസന്‍. ഇപ്പോള്‍ അദ്ദേഹം െൈചന്നയിലാണ്. അദ്ദേഹമാണ് അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയത്. തിക്കുറിശ്ശിയുടെ ഒരേ ഒരു മകന്‍. ലേഖയുടെ ഭര്‍ത്താവ് കെ.ആര്‍.സി. നായരാണ് (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, കളമശ്ശേരി പ്രീമിയര്‍ ടയേഴ്‌സ് പേഴ്‌സണല്‍ മാനേജരായിരുന്നു) അന്ന് രാജഹംസനെ അച്ഛന്റെയടുത്ത് എത്തിച്ചത്.

തിക്കുറിശ്ശിയുടെ മൂന്നാമത്തെ ഭാര്യ സുലോചനാദേവി ഗായികയും നര്‍ത്തകിയുമായിരുന്നു. ഈ ബന്ധത്തിലുള്ള മകളാണ് കനകശ്രീ. കവിതകളെഴുതിയിരുന്ന കനകശ്രീ വാഹനാപകടത്തില്‍ അകാലത്തില്‍ മരിച്ചു. ''നാലുപതിറ്റാണ്ടോളം അവര്‍ക്കൊപ്പമാണ് അച്ഛന്‍ ജീവിച്ചത്. അതുകൊണ്ടുതന്നെ തിക്കുറിശ്ശിയുടെ മറ്റുമക്കളെ അധികമാര്‍ക്കും അറിയില്ല. സ്‌കൂള്‍ വെക്കേഷന് അച്ഛന്‍ ഞങ്ങളെ അവിടെ കൊണ്ടുപോകുമായിരുന്നു. എന്നെ ആ അമ്മ നൃത്തവും പഠിപ്പിച്ചിട്ടുണ്ട്'', ലേഖ ഓര്‍മകള്‍ ചികഞ്ഞു.

''അച്ഛന് ഞങ്ങളെ ഇഷ്ടമായിരുന്നു. സമുദായത്തിലെ കാരണവന്മാര്‍ ഒരിക്കലും അച്ഛനും ഞങ്ങളുമായുള്ള അടുപ്പത്തെ വിലക്കിയിരുന്നില്ല. എന്റെയും അനുജത്തിയുടെയും പഠിപ്പ്, വിവാഹം എല്ലാം അച്ഛന്‍ തന്നെയാണ് നടത്തിച്ചത്'', ലേഖ അഭിമാനത്തോടെ പറയുന്നു.

'ജീവിതനൗക'യുടെ ഷൂട്ടിങ് ഉദയാ സ്റ്റുഡിയോയില്‍ നടക്കുന്നു. അച്ഛന്‍ എന്നെ കാണാന്‍ കരുവാറ്റ സ്‌കൂളില്‍ വന്നു. അമ്മയുടെയും എന്റെയും അധ്യാപികയായ ജാനകിയമ്മ ടീച്ചറാണ് അവസരമൊരുക്കിയത്. അന്ന് എനിക്ക് ഏഴുവയസ്സ്. എന്നെ വാരിയെടുത്ത് അദ്ദേഹം പൊട്ടിക്കരഞ്ഞു. വീട്ടില്‍പോയി ഗീതയെയും കൂട്ടി ഞങ്ങള്‍ ഉദയാ സ്റ്റുഡിയോയിലേക്ക് പോയി. പത്തുദിവസം ഞങ്ങള്‍ അവിടെയായിരുന്നു. പത്മനാഭ സ്റ്റുഡിയോയില്‍ കൊണ്ടുപോയി ഫോട്ടോയും എടുത്തു. (ഈ ഫോട്ടോയാണ് ചിത്രത്തില്‍).

''മൂന്ന് അമ്മമാര്‍ ഉണ്ടെന്നുപറയാന്‍ എനിക്ക് മടിയൊന്നുമില്ല. ഞാന്‍ ഗീത, രാജഹംസന്‍, കനകശ്രീ എന്നിവര്‍ തമ്മില്‍ എന്നും സഹകരിച്ചിട്ടേയുള്ളൂ. ഞങ്ങളുടെ മക്കളും കൊച്ചുമക്കളും എല്ലാ കുടുംബപരിപാടികളിലും ഒന്നിക്കാറുണ്ട്്''ലേഖ പറയുന്നു.

കഥാകാരനും വാഗ്മിയും അഭിനേതാവും കവിയും നാടകകൃത്തും പദ്മശ്രീ അവാര്‍ഡ് ജേതാവുമൊക്കെയായ തിക്കുറിശ്ശി സുകുമാരന്‍ നായരേക്കാള്‍ കവിയായ അച്ഛനെയാണ് ലേഖയ്ക്കിഷ്ടം. 500 ഓളം സിനിമകളില്‍ അഭിനയിച്ച നടനേക്കാള്‍ 80 പാട്ടുകളെഴുതിയ അച്ഛനെയാണ് ഇഷ്ടം എന്നുപറയുന്നത് ഒരുപക്ഷേ, അമ്മ പഠിപ്പിച്ച പാഠമാകാം.

ക്ഷമിക്കാനും സഹിക്കാനും ഒക്കെ അച്ഛനും അമ്മയ്ക്കും കഴിയുമായിരുന്നു. ലഭിക്കേണ്ടിയിരുന്ന സ്‌നേഹവും വാത്സല്യവുമൊക്കെ ഇല്ലാതെപോയതിലുള്ള സങ്കടം ലേഖ മറച്ചുവെച്ചില്ല. ''ഇത് എനിക്കിനി നിധിയാണ്'', അച്ഛന്റെ കല്യാണക്കത്തിലേക്കുനോക്കി ലേഖ പറഞ്ഞുനിര്‍ത്തി.

gopakumark.unnikrishnan@gmail.com











from kerala news edited

via IFTTT