ന്യൂഡല്‍ഹി: 2014-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍. പുരസ്‌കാരങ്ങള്‍ 24-ന് പ്രഖ്യാപിക്കും. ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര (മേരികോം), റാണി മുഖര്‍ജി (മര്‍ദാനി), കങ്കണ റണൗട്ട് (ക്വീന്‍) എന്നിവരാണ് മികച്ചനടിക്കുള്ള പുരസ്‌കാരത്തിന്‍റെ അന്തിമപട്ടികയിലുള്ളത്.
കന്നട നടന്‍ സഞ്ചാരി വിജയ് (നാന്‍ അവനല്ല അവളു), ദുര്‍ഗേഷ് (സെഡ് പ്ലസ്) എന്നിവരാണ് മികച്ചനടനുള്ള പുരസ്‌കാരത്തിന്റെ അവസാനഘട്ടത്തില്‍. മികച്ച സിനിമ, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്ക് പരിഗണിക്കുന്നവയില്‍ ജയരാജ് സംവിധാനം ചെയ്ത മലയാളചിത്രം ഒറ്റാലും ഉള്‍പ്പെടുന്നു. മറാത്തി ചിത്രമായ കൗഡ, തമിഴ് ചിത്രം കാക്കമുട്ടൈ (എം. മണികണ്ഠന്‍), ബംഗാളി ചിത്രം ചതുഷ്‌കോണ്‍ (ശ്രീജിത് മുഖര്‍ജി), ഹിന്ദി ചിത്രം ക്വീന്‍ (വികാസ് ബാഹല്‍) എന്നിയും ഒപ്പമുണ്ട്.
സനല്‍കുമാര്‍ ശശിധരന്‍റെ ഒരാള്‍പൊക്കം, എബ്രിഡ് ഷൈനിന്‍റെ 1983 എന്നീ ചിത്രങ്ങള്‍ വിവിധ പുരസ്‌കാരങ്ങള്‍ക്കുള്ള പരിഗണനാപട്ടികയിലുണ്ട്. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനാണ് ഒരാള്‍പൊക്കം പരിഗണിക്കുന്നത്. 1983, മൈ ലൈഫ് പാര്‍ട്ണര്‍ (എം.ബി. പത്മകുമാര്‍) എന്നിവ മികച്ച പ്രാദേശികഭാഷാ ചിത്രമായി പരിഗണിക്കുന്നവയിലുള്‍പ്പെടുന്നു.
എന്‍.കെ. മുഹമ്മദ് കോയ സംവിധാനം ചെയ്ത അലീഫ് സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന മികച്ച കുടുംബക്ഷേമ ചിത്രങ്ങളുടെ പുരസ്‌കാരത്തിന് പരിഗണിക്കുന്നുണ്ട്. സിദ്ധാര്‍ഥശിവയുടെ 'ഐന്‍' മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനായി പരിഗണിക്കുന്നവയിലുള്‍പ്പെടുന്നു.
രഞ്ജിത്തിന്റെ 'ഞാനി'ലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന് പ്രത്യേക പരാമര്‍ശം ലഭിച്ചേക്കും. മികച്ച ഛായാഗ്രഹണം ഉള്‍പ്പെടെയുള്ള പുരസ്‌കാരത്തിന്റെ അന്തിമപട്ടികയിലും 'ഞാനു'ണ്ട്.
മികച്ച സഹനടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നവരില്‍ തമിഴ് നടന്‍ നാസര്‍, 'ഒറ്റാലി'ല്‍ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുമരകം വാസുദേവന്‍, നെടുമുടി വേണു, ജോയ് മാത്യു എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്. മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നവരില്‍ ലെനയുമുണ്ട്.
ആമിര്‍ഖാന്റെ 'പികെ', 'ഹാപ്പി ജേണി' എന്നിവ മികച്ച ജനപ്രിയചിത്രത്തിനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നവയിലുള്‍പ്പെടുന്നു.
പ്രാദേശിക തിരഞ്ഞെടുപ്പുസമിതി തള്ളിയ 'ഹൗ ഓള്‍ഡ് ആര്‍ യൂ' മഞ്ജുവാര്യരുടെ അഭിനയമികവ് കണക്കിലെടുത്ത് ദേശീയ ജൂറി പരിഗണിക്കണമെന്ന് അതിലെ ദക്ഷിണേന്ത്യയില്‍നിന്നുള്ള അംഗങ്ങള്‍ വാദിച്ചെങ്കിലും മറ്റുള്ളവര്‍ വിയോജിച്ചു.
പ്രമുഖ തമിഴ് സംവിധായകന്‍ ഭാരതി രാജയാണ് ജൂറി അധ്യക്ഷന്‍. പ്രമുഖ തമിഴ്‌നടനും സംവിധായകനുമായ ഭാഗ്യരാജ്, കേരളത്തില്‍ നിന്ന് നിരൂപകനായ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ജൂറിയില്‍ അംഗങ്ങളാണ്.
from kerala news edited
via IFTTT