Story Dated: Sunday, March 22, 2015 03:59
വാഷിങ്‌ടണ്‍: അമേരിക്കന്‍ സൈന്യത്തിലെ നൂറോളം ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്താന്‍ യു.എസിലെ അനുയായികളോട് ഐ.എസിന്റെ ആഹ്വാനം. കൊലപ്പെടുത്തേണ്ട ഉദ്യോഗസ്‌ഥരുടെ പേരും വിലാസവും ചിത്രങ്ങളും സഹിതം ഇന്റര്‍നെറ്റില്‍ പോസ്‌റ്റ് ചെയ്‌താണ് ഐ.എസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്‌ഥരുടെ വിവരങ്ങള്‍ അതീവ സുരക്ഷയുള്ള സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് ഹാക്ക് ചെയ്‌തതാണെന്നും ഐ.എസ്. സൈബര്‍ വിഭാഗമായ 'ഇസ്ലാമിക് സ്‌റ്റേറ്റ് സൈബര്‍ ഡിവിഷന്‍' ഓണ്‍ലൈന്‍ പോസ്‌റ്റില്‍ അവകാശപ്പെടുന്നുണ്ട്.
ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഉദ്യോഗസ്‌ഥരുടെ വിവരങ്ങളുടെ ആധികാരികത പരിശോധിച്ചു വരുകയാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി. എന്നാല്‍ ഐ.എസ്. പുറത്തുവിട്ട വിവരങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ നിന്നും മറ്റും ശേഖരിച്ച വിവരങ്ങള്‍ ആകാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ പട്ടികയില്‍ ഉള്‍പ്പെടുന്നത് ഐ.എസിനെതിരെ സിറിയയിലും ഇറാഖിലും പോരാടുന്ന സൈനികരുടെ വിവരങ്ങളാണെന്ന വാദവും ശക്‌തിപ്പെടുന്നുണ്ട്.
ഉദ്യോഗസ്‌ഥരെ അവിശ്വാസികളെന്നും ക്രൈസ്‌തവരെന്നുമാണ് ഇന്റര്‍നെറ്റിലെ പോസ്‌റ്റില്‍ ഐ.എസ്. വിശേഷിപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്‌ഥരില്‍ ചിലര്‍ സൈന്യത്തിന്റെ ഏത് വിഭാഗത്തിലാണ് ജോലി നോക്കുന്നതെന്നും സൈന്യത്തില്‍ ഇവര്‍ക്കുള്ള റാങ്കുകളും പോസ്‌റ്റിനൊപ്പം ഐ.എസ്. വ്യക്‌തമാക്കിയിരുന്നു എന്നാണ് സൂചന.
from kerala news edited
via IFTTT