പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ച കാത്തുനില്പുപുര നഗരസഭ പൊളിച്ചുമാറ്റി
Posted on: 22 Mar 2015
ഗൂഢാലോചനയെന്ന് വിമര്‍ശം
ചേര്‍ത്തല: ദേശീയപാതയോരത്ത് ജനകീയ ആവശ്യപ്രകാരം സ്ഥാപിച്ച കാത്തുനില്പുപുര നഗരസഭ പൊളിച്ചുമാറ്റി. നാലുമാസം മുമ്പ് സ്ഥാപിച്ച കാത്തുനില്പുപുര അപ്രതീക്ഷിതമായി പൊളിച്ചുനീക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപ്രതീക്ഷിതമായി അധികൃതര്‍ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. നഗരത്തില്‍ ജനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്ന അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അംഗീകാരത്തോടെയും അല്ലാതെയും നിലനില്‍ക്കുമ്പോഴാണ് ജനങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കാടത്തം കാട്ടിയതെന്നാണ് വിമര്‍ശമുയര്‍ന്നിരിക്കുന്നത്.
കെ.വി.എം. ആസ്പത്രി മാനേജ്‌മെന്റാണ് ദേശീയപാതയ്ക്ക് ഇരുവശങ്ങളിലും കാത്തുനില്പുപുര സ്ഥാപിച്ചത്. ദേശീയപാത അധികൃതരുടെ അനുമതിയില്‍ അവരുടെ എന്‍ജിനീയര്‍മാര്‍ നിര്‍ദ്ദേശിച്ച സ്ഥാലത്തായിരുന്നു സ്ഥാപിച്ചിരുന്നത്. ദേശീയപാത വികസനം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം താത്കാലിക സ്വഭാവത്തിലായിരുന്നു കാത്തുനില്പുപുരകള്‍ സ്ഥാപിച്ചിരുന്നത്.
കടുത്ത വെയിലിലും മഴയിലും യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഇല്ലെന്ന പരാതി ഇവിടെ ഉയര്‍ന്നിരുന്നതാണ്. അധികൃതര്‍ കാത്തുനില്പുപുര സ്ഥാപിക്കാന്‍ ഫണ്ടില്ലെന്നുപറഞ്ഞ് കൈമലര്‍ത്തിയ സാഹചര്യത്തിലാണ് കെ.വി.എം. മാനേജ്‌മെന്റ് നിര്‍മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.
ചേര്‍ത്തല നഗരസഭ ഇതിന് അനുമതിയില്ലെന്നുകാട്ടി നോട്ടീസ് നല്‍കിയപ്പോള്‍ ദേശീയപാതാ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കാട്ടി മറുപടി നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നതാണെന്ന് ആസ്പത്രി ഡയറക്ടര്‍ ഡോ. വി.വി.ഹരിദാസ് ചെയര്‍പേഴ്‌സണ് നല്‍കിയ കത്തില്‍ പറഞ്ഞു. രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും വിശദമായ പ്ലാനും ദേശീയപാതാ അതോറിറ്റിക്ക് നല്‍കിയ അംഗീകാര അപേക്ഷയുടെ ഫയല്‍ വിവരങ്ങളും ഇതോടൊപ്പം സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പില്ലാതെ വന്‍ കൈയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റുന്ന തരത്തില്‍ പുലര്‍ച്ചെ പൊളിച്ചുനീക്കിയത്.
അതേസമയം, നഗരസഭയുടെ അനുമതിയില്ലാത്തതിനാലാണ് കാത്തുനില്പുപുര പൊളിച്ചുമാറ്റിയതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. നിര്‍മാണത്തിനെതിരെ വിജയ് ഫാന്‍സ് അസോസിയേഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും സെക്രട്ടറി അറിയിച്ചു. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധ പരസ്യബോര്‍ഡുകളും നീക്കംചെയ്യണമെന്ന കോടതി ഉത്തരവ് പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചതെന്നും സെക്രട്ടറി അറിയിച്ചു.
from kerala news edited
via IFTTT