ആഹാരം, വെള്ളം, വീട്... ഇനി സോഷ്യല്‍ മീഡിയയും
Posted on: 22 Mar 2015
വീട്, വസ്ത്രം, ആഹാരം എന്നതാണ് മനുഷ്യന് അവശ്യംവേണ്ടതെന്നു പറഞ്ഞുശീലിച്ച മലയാളിയുടെ കാര്യവും ഇതില്‍നിന്നു വ്യത്യസ്തമല്ല. അവന്റെ ആവശ്യങ്ങളോടൊപ്പവും സോഷ്യല്‍ മീഡിയ എന്ന പുതിയലോകം സ്ഥാനംപിടിച്ചിരിക്കുന്നു. ഫലത്തില്‍ ഈ പുതിയ ആവശ്യത്തിന്റെ കാര്യത്തില്‍ ദേശവും വര്‍ഗവും ഭാഷയും അതിരുകളും ഒന്നും വിഷയമല്ല.
ഇത്രയും ആമുഖമായിക്കുറിച്ചത് കഴിഞ്ഞദിവസം ദുബായില്‍ സമാപിച്ച സോഷ്യല്‍ മീഡിയ സംബന്ധിച്ച പ്രഥമസമ്മേളനത്തിന്റെ ചില കണ്ടെത്തലുകളിലൂന്നിയാണ്. അറബ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സമ്മേളനംനടക്കുന്നത്. സമ്മേളനത്തിനു മുന്നോടിയായി അറബ് മേഖലയില്‍ നടത്തിയ ഒരു പഠനം കൗതുകകരമായ കുറെ കാര്യങ്ങളാണ് പുറത്തുവിട്ടത്. അതിലാണ് ആഹാരത്തിനും വെള്ളത്തിനും പാര്‍പ്പിടത്തിനുമൊപ്പം സോഷ്യല്‍ മീഡിയ എന്നതുകൂടി മനുഷ്യന്റെ അത്യാവശ്യകാര്യമാണെന്ന സത്യം പുറത്തുവന്നിരിക്കുന്നത്. 18 അറബ് രാജ്യങ്ങളിലെ ഏഴായിരത്തിലേറെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ നടത്തിയ പഠനമാകട്ടെ അത് ഉപയോഗിക്കുന്നവരിലെ താത്പര്യങ്ങളും പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഭരണനിര്‍വഹണവും സേവനമേഖലയും സ്മാര്‍ട്ടായിമാറുന്നരാജ്യത്ത് ഇത്തരം ഉപയോഗങ്ങള്‍ സര്‍വസാധാരണംതന്നെ. സോഷ്യല്‍ മീഡിയ കേവലമായ വിനോദത്തിനും ചാറ്റിങ്ങിനുമപ്പുറം രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കും നന്മയ്ക്കുമായി ഉപയോഗിക്കണമെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനപ്രസംഗത്തില്‍ നല്‍കിയ ആഹ്വാനം ലോകത്തിനാകെയുള്ള സന്ദേശമാണ്. പലപ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ കേവലമായ വിനോദത്തിലും ചിലപ്പോള്‍ അനാവശ്യപ്രവണതകളിലും മുഴുകുന്നുവെന്നത് യാഥാര്‍ഥ്യം. അതില്‍നിന്നുമാറി അതെങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നു ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത് ചിന്തനീയമായ കാര്യമാണ്.
സോഷ്യല്‍ മീഡിയ സംബന്ധിച്ച പഠനം നിരവധി കാര്യങ്ങളാണു പുറത്തുകൊണ്ടുവന്നത്. ഇന്നു സാധാരണക്കാര്‍വരെ ഒന്നിലേറെ സ്മാര്‍ട്ട് ഫോണുകളോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നു. എല്ലാവരുടെയും ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഫോണുകളിലേക്കുള്ള നോട്ടത്തോടെയാണ്. ഇക്കാര്യമറിയാന്‍ നമ്മുടെതന്നെ ബാച്ച്ലര്‍ മുറികളിലേക്കു നോക്കിയാല്‍മതി. മുമ്പൊക്കെ കളിയും ചിരിയും നിറഞ്ഞുനിന്ന മുറികളില്‍ ഇപ്പോള്‍ മിക്കവാറും മൗനമാണ്. എല്ലാവരും തങ്ങളുടേതായ ബെഡ് സ്‌പേസില്‍ ഒതുങ്ങിക്കൂടുന്നു. ഇയര്‍ഫോണുകള്‍ ചെവിയില്‍ത്തിരുകി ഫോണിലോ ടാബ്*!*!*!െലറ്റിലോ നോക്കിയിരിക്കുന്നവരാണെവിടെയും. അവിടെ സ്വസ്ഥതകിട്ടാത്തവര്‍ കെട്ടിടത്തിലെ ബാല്‍ക്കണികളിലോ സ്റ്റെയര്‍കെയ്സുകളിലോ ആളില്ലാത്ത മൂലകളിലോ ഇരുന്ന് ഇവയില്‍മുഴുകുന്നു. കുടുംബങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ചിലര്‍ ഫോണില്‍, ചിലര്‍ ടാബ്ലെറ്റില്‍, മറ്റുചിലര്‍ കമ്പ്യട്ടറിലോ ടി.വി.ക്കു മുന്നിലോ ഒതുങ്ങുന്നു. പരസ്പരമുള്ള സംസാരം ഏറെച്ചുരുങ്ങിയിരിക്കുന്നുവെന്നു സാരം.
പഠനറിപ്പോര്‍ട്ടനുസരിച്ച് 87 ശതമാനം പേരാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. ലാപ്ടോപ് ഉപയോഗിക്കുന്നവര്‍ 11 ശതമാനം. മൂന്നുശതമാനംപേര്‍വീതം ടാബ്ലെറ്റും ഡെസ്‌ക് ടോപ് കമ്പ്യട്ടറുമുപയോഗിക്കുന്നു. യു.എ.ഇ.യില്‍ സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്നവരാകട്ടെ 90 ശതമാനം പേര്‍ ഫെയ്സ്ബുക്കിലാണ് സമയം ചെലവിടുന്നത്. വാട്ട്സ്ആപ്പ് 82, ഇന്‍സ്റ്റാഗ്രാം 56, ട്വിറ്റര്‍ 51, യൂട്യൂബ് 50 ശതമാനം എന്നതാണ് ഇവയുപയോഗിക്കുന്നവരുടെ തോത്. മൊത്തം അറബ് മേഖല കണക്കിലെടുത്താലും ഫെയ്സ് ബുക്കും വാട്ട്സ്ആപ്പുംതന്നെ മുന്നില്‍. 87ശതമാനം ഫെയ്സ്ബുക്കുപയോഗിക്കുമ്പോള്‍ 84 ശതമാനമാണ് വാട്ട്സ്ആപ്പിലുള്ളവര്‍. ഇവയുപയോഗിക്കുന്ന സമയവും ശ്രദ്ധേയമാണ്. 14ശതമാനംമാത്രമാണ് കാലത്ത് ഇവ നോക്കുന്നത്. 21ശതമാനം ഉച്ചതിരിഞ്ഞും 52ശതമാനം സായാഹ്നങ്ങളിലും 13ശതമാനം രാത്രിവൈകിയും ഇതുപയോഗിക്കുന്നു. ഫലത്തില്‍ 65ശതമാനം പേരാണ് വൈകീട്ടോടെ ഈ മേഖലകളില്‍ സമയം ചെലവിടുന്നത്.
ഇതില്‍ച്ചെലവിടുന്ന സമയത്തിന്റെ കണക്കും ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ഒരു സെഷനില്‍ ചെലവിടുന്ന സമയത്തില്‍ വ്യത്യസ്തതയുണ്ട്. അഞ്ചുമിനുട്ടിനുതാഴെ ഉപയോഗിക്കുന്നവര്‍ അഞ്ചുശതമാനംമാത്രമാണെങ്കില്‍ നാലുമണിക്കൂറിലേറെ ഉപയോഗിക്കുന്നവരും അത്രതന്നെയാണ്. അഞ്ചുമുതല്‍ 15മിനുട്ടുവരെ 23, 16മുതല്‍ 30മിനുട്ടുവരെ 25, 31മുതല്‍ 60മിനുട്ടുവരെ 20, രണ്ടുമണിക്കൂര്‍വരെ 15, നാലുമണിക്കൂര്‍വരെ സമയം ചെലവിടുന്നത് ഏഴുശതമാനംവരെ എന്ന കണക്കുകളെല്ലാം കൗതുകമുണര്‍ത്തുന്നതാണ്. നമുക്കുചുറ്റുമുള്ള കാഴ്ചകള്‍ ഈ കണക്കുകള്‍ ഒട്ടും അതിശയോക്തിപരമല്ലെന്ന് അടിവരയിട്ടു പറയുന്നു.
എന്നാല്‍, ആശ്വാസകരമായ ചില കണ്ടെത്തലുകളും ഇതിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ സമയംചെലവിടുന്നവര്‍തന്നെ അതിലിടപെടാത്തസമയത്ത് കുടുംബങ്ങളുമായി ഏറെസമയം ചെലവിടുന്നതായാണ് അതിലൊന്ന്. മറ്റുരാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ അറബ് മേഖലയില്‍ ഇത് ഏറെമുന്നിലാണെന്നതാണ് അതില്‍ ശ്രദ്ധേയം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ 83 ശതമാനവും സ്മാര്‍ട്ട് ഫോണുകള്‍ ഇതിനായുപയോഗിക്കുമ്പോള്‍ത്തന്നെ 55 ശതമാനവും പരസ്പരം ബന്ധങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അമിതമായിതിലഭിരമിക്കുന്നവര്‍ ചിലപ്പോള്‍ അതിനടിമകളാവുന്നുവെന്നാക്ഷേപമുണ്ട്. റിപ്പോര്‍ട്ടില്‍ ഒരു ഈജിപ്ത് വനിത പറഞ്ഞതുതന്നെയാണു സത്യം. ''ഞാന്‍ ഫോണ്‍ കൈയില്‍വെച്ചുകൊണ്ടാണുറങ്ങുന്നത്. പലപ്പോഴും ഉറക്കത്തിലും ഞാന്‍ ഇന്റര്‍നെറ്റുപയോഗിക്കുന്നതായി ഞാന്‍ സ്വപ്നം കാണുന്നു.'' ഇത് ഒരാളുടെ മാത്രം കഥയാവണമെന്നില്ല. അത് അപകടകരമായപോക്കാണ്. അതില്‍നിന്നു സ്വയം മോചനംനേടുന്നതിനൊപ്പം എങ്ങനെ ഇതെല്ലാം സമൂഹത്തിനുവേണ്ടി ഉപയോഗിക്കാമെന്നതുകൂടി ആലോചിക്കേണ്ടതുണ്ട്. ഇത് അറബ് മേഖലയിലെ അവസ്ഥയെക്കുറിച്ചുള്ള പഠനമാണെങ്കിലും ലോകത്തിനാകെ ഈ കണക്കുകള്‍ ചേരുമെന്നതുതന്നെയാണ് യാഥാര്‍ഥ്യം.
from kerala news edited
via IFTTT