Story Dated: Sunday, March 22, 2015 03:24
പെരിന്തല്‍മണ്ണ: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ 2014 ലെ ജില്ലാ മഹിളാ സമ്മാന്‍ നേടിയ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംലയ്‌ക്കുള്ള പുരസ്‌കാരം കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ.മാരായ പി.ഉബൈദുള്ള, കെ.എന്‍.എ. ഖാദര്‍, ജില്ലാ കലക്‌ടര്‍ കെ.ബിജു എന്നിവര്‍ ചേര്‍ന്നു കൈമാറി. വനിതാശാക്‌തീകരണത്തിലും സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങളിലും കാഴ്‌ചവെച്ച മികവാണ് കോറാടന്‍ റംലയെ അവാര്‍ഡിനര്‍ഹയാക്കിയത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയായി. പദ്ധതി നിര്‍വഹണത്തിലും സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ച കോറാടന്‍ റംല സ്‌ത്രീ സമൂഹത്തിന് മാതൃകയാണെന്ന് സുഹ്‌റ മമ്പാട് പറഞ്ഞു.
രാജ്യത്തെ 14 സംസ്‌ഥാനങ്ങളിലെ 97 വനിതകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. കേരളത്തില്‍ നിന്ന് അഞ്ച് പേരെയാണ് തിരഞ്ഞെടുത്തത്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന് പുറമെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച കൈവല്യഗ്രാമം പദ്ധതിയാണ് റംലയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ സുപ്രധാന പദ്ധതി. ഭിന്നശേഷിയുള്ളവരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി സംസ്‌ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ എല്ലാ വര്‍ഷവും സംസ്‌ഥാന തലത്തില്‍ ഏറ്റവും മുന്നിലാണ് അങ്ങാടിപ്പുറം. വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഈസി ഇംഗ്ലീഷ് പദ്ധതി, പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം, കാര്‍ഷിക പരിശീലനത്തിന് അഗ്രോ സര്‍വീസ് സെന്റര്‍, ശിശു സൗഹൃദ അങ്കണവാടി പദ്ധതി, പെണ്‍കുട്ടികള്‍ക്ക് സ്വയം സുരക്ഷാ പരിശീലന പദ്ധതി എന്നിവ ഇവരുടെ നേതൃത്വത്തില്‍ വിജയകരമായി നടപ്പാക്കി. പരിപാടിയില്‍ എ.ഡി.എം: എം.ടി.ജോസഫ്, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ സി.ആര്‍. വേണുഗോപാലന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.ശശികുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്‌ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ടി. വനജ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.എ. റസാഖ്, ഉമ്മര്‍ അറക്കല്‍, പി.ലൈല,മങ്കട ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് ഉസ്‌മാന്‍, തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ ശാക്‌തീകരണം മാനവികതയുടെ ശാക്‌തീകരണം വിഷയത്തില്‍ ഡോ.എം.ജി. മല്ലിക ക്ലാസെടുത്തു.
from kerala news edited
via IFTTT