Story Dated: Sunday, March 22, 2015 03:28
ആനക്കര: ഒരു ലോക ജലദിനം കൂടി പിറക്കുമ്പോഴും ഒരിറ്റു വെള്ളത്തിനായി നിള തേങ്ങുകയാണ്. അശാസ്‌ത്രീയമായ മണല്‍വാരല്‍ നിളയുടെ നാശം വേഗത്തിലാക്കി. പാടംനികത്തലും കുന്നിടിക്കലും ഭൂമിയെ ഊഷരമാക്കി തീര്‍ത്തു. ആര്‍ത്തിപൂണ്ട മനുഷ്യന്റെ പ്രകൃതിക്കു മേലുള്ള കടന്നുകയറ്റം പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിക്കുമ്പോഴാണ് നമ്മെ ഒരിക്കല്‍ കൂടി ഓാര്‍മപ്പെടുത്തികൊണ്ട് ജലദിനമെത്തുന്നത്. മേടം പിറക്കുന്നതിന് മുമ്പ്‌തന്നെ നിളവറ്റി തുടങ്ങിയിരുന്നു. പുഴയോര നിവാസികള്‍ കുടിവെള്ളത്തിനായി അന്നുതന്നെ നെട്ടോട്ടം ഓടിത്തുടങ്ങി. പട്ടിത്തറ, ആനക്കര, കപ്പൂര്‍, തൃത്താല, തുടങ്ങി പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. നിളയിലെ നീരൊഴുക്ക് നിലച്ചതോടെ ഇതുമായി ബന്ധപ്പെട്ട പല കുടിവെള്ള പദ്ധതികളും താളം തെറ്റി. ഇതിനു പുറമെ പുഴയോര മേഖലകളിലെ കിണറുകളിലെ വെള്ളവും വറ്റിക്കഴിഞ്ഞു. കുംഭം പകുതി പിന്നിട്ടതോടെ തന്നെ ജലക്ഷാമം രൂക്ഷമായി തുടങ്ങി. വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ ഷട്ടര്‍ ഇട്ടതോടെ ഇതിന്റെ താഴ്‌ഭാഗങ്ങളിലെല്ലാം വെള്ളം പൂര്‍ണമായി വറ്റി. ഇടയ്‌ക്കിടെ ഷട്ടര്‍ അല്‌പം പൊന്തിക്കുന്നതാണ് അല്‌പമെങ്കിലും വെള്ളം കാണാന്‍ കാരണമാകുന്നത്. ഇതും ഇപ്പോള്‍ നിലച്ചു കഴിഞ്ഞു. ഏതു കാലത്തും വെള്ളമുണ്ടാകാറുള്ള ഉമ്മത്തൂരില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന കടവില്‍ പോലും വെള്ളം പാടെ വറ്റിയ നിലയിലാണ്. നിളയെ ആശ്രയിച്ച് വിവിധ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതികളുടെ കിണറുകള്‍ക്ക് സമീപവും വെള്ളം വറ്റി. മലപ്പുറം ജില്ല പ്രധാനമായും ആശ്രയിക്കുന്ന ഡാനിഡ കുടിവെള്ള പദ്ധതിയുടെ കിണറിനു പരിസരത്തുപോലും വെളളം കാണാനില്ല. മീനം പിറന്നിട്ടും വേണ്ടത്ര വേനല്‍ മഴ ലഭിക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാക്കാന്‍ കാരണമായി.
from kerala news edited
via IFTTT