Story Dated: Saturday, December 20, 2014 09:04
ബംഗലുരു: ഒരു ജന്മം കൊണ്ടു പോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരു ചെറിയ ജീവിതകാലം കൊണ്ട് ചെയ്‌തു തീര്‍ക്കുക. അപൂര്‍വ്വമായ ഈ പെരുമയാണ് ബംഗലുരുവിലെ രണ്ടു വയസ്സുകാരന്‍ നേടിയത്. അവയവദാനത്തിന്റെ മഹത്വം പേറുന്ന ഉന്നത ജീവിതം കൊണ്ട് മൈലുകള്‍ക്ക് അപ്പുറത്ത് റഷ്യയില്‍ നിന്നും എത്തിയ മറ്റൊരു രണ്ടുവയസ്സുകാരന്‍ ഉള്‍പ്പെടെ അനേകര്‍ക്കാണ് പയ്യന്‍ ജീവിതം നല്‍കിയത്.
രാജ്യത്തിനും വംശത്തിനും അപ്പുറത്ത് മനുഷ്യത്വത്തിനും സ്‌നേഹത്തിനും പ്രാധാന്യം വരുന്ന അപൂര്‍വ്വ സംഭവത്തില്‍ ഇന്ത്യാക്കാരന്‍ ബാലന്റെ ഹൃദയം റഷ്യന്‍ബാലന് തുണയായി. മസ്‌തിഷ്‌ക്ക മരണം സംഭവിച്ചതായി വ്യാഴാഴ്‌ച ഡോക്‌ടര്‍മാര്‍ വിധിയെഴുതിയ പയ്യന്റെ ഹൃദയം വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷം ബംഗലുരുവില്‍ നിന്നും ചെന്നൈയില്‍ എത്തിക്കുകയായിരുന്നു. എട്ടു മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയ്‌ക്കൊടുവില്‍ ഡോക്‌ടര്‍മാര്‍ ഇന്ത്യന്‍ ഹൃദയം റഷ്യന്‍ കുഞ്ഞിന് വെച്ചു പിടിപ്പിച്ചു.
അസുഖബാധിതനായി ബംഗലുരുവിലെ ഒരു നഴ്‌സിംഗ്‌ഹോമില്‍ പയ്യനെ പ്രവേശിപ്പിച്ചത് ഡിസംബര്‍ 12 നായിരുന്നു. സ്‌ഥിതി വീണ്ടും മോശമായതോടെ പയ്യനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. സ്‌ഥിതി മാറ്റമില്ലാതെ വന്നതോടെ ഡിസംബര്‍ 14 ന് പയ്യനെ മാതാപിതാക്കള്‍ ബംഗലുരു മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സകള്‍ ഒന്നും ഗുണകരമാകാതെ വ്യാഴാഴ്‌ച വൈകുന്നേരം നാലു മണിയോടെ മസ്‌തിഷ്‌ക്ക മരണം സംഭവിച്ചതായി വിധിയെഴുതി.
അവയവദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കര്‍ണാടക സോണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി വഴി അവയവദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിക്കുകയുമായിരുന്നു. ഹൃദയം, കിഡ്‌നി, കരള്‍, കണ്ണ് എന്നിവയാണ് ദാനം ചെയ്‌തത്. ഹൃദയം മണിപ്പാല്‍ ആശുപത്രിയില്‍ നിന്നും ചെന്നൈയിലെ മലറിലേക്കാണ് കൊണ്ടുപോയത്. ഹാള്‍ വിമാനത്താവളത്തില്‍ നിന്നും പ്രത്യേക ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഇതിനായി തയ്യാര്‍ ചെയ്‌തിരുന്നു. 47 മിനിറ്റ് മാത്രമേ യാത്രയ്‌ക്ക് വേണ്ടി വന്നുള്ളൂ. മണിപ്പാല്‍ ഹോസ്‌പിറ്റലില്‍ നിന്നും പ്രത്യേക ആംബുലന്‍സില്‍ ഒരു മണിക്കൂര്‍ 20 സെക്കന്‍ഡ് കൊണ്ടായിരുന്നു 3.5 കിലോമീറ്റര്‍ താണ്ടിയത്. ഹാള്‍ എയര്‍പോര്‍ട്ടിലേക്കും അവിടെ നിന്നും 34 മിനിറ്റ് കൊണ്ട് ചെന്നൈയിലേക്കു പോയി. ഹൃദയം സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയ ആംബുലന്‍സില്‍ 12 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിയത് വെറും 11 മിനിറ്റ് കൊണ്ട് എത്തി.
നാരായണ നേത്രാലയത്തിലേക്കായിരുന്നു കോര്‍ണിയ കൊണ്ടുപോയത്. കരള്‍ അപ്പോളോയിലേക്കും കിഡ്‌നി സാഗര്‍ ആശുപത്രിയ്‌ക്കും നല്‍കി. ബംഗലുരുവിലെ എല്ലാ ആശുപത്രികളും പരതിയിട്ടും ഹൃദയം മാത്രം അപ്പോഴും ബാക്കി നിന്നു. തുടര്‍ന്ന് നടന്ന തെരച്ചിലില്‍ ചെന്നൈയിലെ ഫോര്‍ട്ടീസില്‍ ആവശ്യക്കാരനെ കണ്ടെത്തി.
കഴിഞ്ഞ മാസമാണ് ഫോര്‍ട്ടീസ് മലറില്‍ ഹൃദയ സംബന്ധിയായ പ്രശ്‌നത്തെ തുടര്‍ന്ന് ഒരു റഷ്യന്‍കുട്ടിയെ പ്രവേശിപ്പിച്ചത്. ഹൃദയം മാറ്റി വെയ്‌ക്കല്‍ മാത്രമായിരുന്നു റഷ്യന്‍ ബാലന് ഡോക്‌ടര്‍മാരുടെ മുന്നിലുള്ള ഏക പോംവഴി. പയ്യന്റെ ഭാഗ്യം എന്നോണം വെള്ളിയാഴ്‌ച ബംഗലുരുവില്‍ നിന്നും സദ്‌വാര്‍ത്ത എത്തുകയായിരുന്നു.
ഫോര്‍ട്ടീസ് മലറില്‍ നിന്നുള്ള പ്രത്യേക സംഘം ചെന്ന് ഹൃദയം ഏറ്റുവാങ്ങി. രണ്ടു മണിയോടെ ഡോക്‌ടര്‍മാര്‍ പയ്യനുള്ള ചികിത്സയയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. 2.10 ന് ഹൃദയം എത്തിയതോടെ കാര്യങ്ങളെല്ലാം ദ്രുതഗതിയില്‍ നീങ്ങി. തുടര്‍ന്ന് കാര്യങ്ങളെല്ലാം വിജയകരമായി.
കഴിഞ്ഞ ഒരു മാസം കഠിന പ്രയത്നങ്ങളുടെയും പ്രാര്‍ത്ഥനകളുടേതുമായിരുന്നു. ഒടുവില്‍ ഹൃദയം വിമാനത്താവളത്തില്‍ നിന്നും ആശുപത്രിയില്‍ എത്തുമ്പോള്‍ വികാരം അടക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് തനിക്ക് ചെയ്യാന്‍ കഴിഞ്ഞ ഏക കാര്യം കൈകൂപ്പി ശസ്‌ത്രക്രിയ വിജയമാകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമായിരുന്നു. ഹൃദയം സ്വീകരിച്ച കുട്ടിയുടെ മാതാവ് പറഞ്ഞു.
from kerala news edited
via IFTTT