Story Dated: Saturday, December 20, 2014 08:05
പോത്തന്‍കോട്: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മറ്റൊരാളെകൊണ്ട് സവാരി വിളിച്ച് ആളൊഴിഞ്ഞ സ്‌ഥലത്തെത്തിച്ച് ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമം. ടെക്‌നോപാര്‍ക്കിനു സമീപത്തെ ഓട്ടോ സ്‌റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളിയായ കുളത്തൂര്‍ കുഞ്ചാലുംമൂട് വിളയില്‍ വീട്ടില്‍ ജയകുമാറിനെയാണ് വധിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഓട്ടം വിളിച്ച് കഴക്കൂട്ടം റെയില്‍വേ ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ചിറയ്‌ക്കു സമീപമെത്തിയപ്പോള്‍ പതിയിരുന്ന സംഘം ജയകുമാറിനെ ആക്രമിക്കുകയായിരുന്നു.
കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് കാല്‍ ഒടിയുകയും കൈയ്യിലും ദേഹത്തും വടിവാള്‍ കൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് തുമ്പ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി വൈകിയെന്നാരോപിച്ച് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയയന്റെ നേതൃത്വത്തില്‍ രാവിലെ 11 ന് തുമ്പ സ്‌റ്റേഷനിലേയ്‌ക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിന് യൂണിയന്‍ ഭാരവാഹികളായ വി. സാംബശിവന്‍, എസ്.എസ്. ബിജു, കുളത്തൂര്‍ എല്‍.സി. സെക്രട്ടറി പി. രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ കഴക്കൂട്ടം, കുളത്തൂര്‍ ഭാഗങ്ങളില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ ഓട്ടോ ബന്ത് നടത്തി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഹാഷിം ഉള്‍പ്പെട്ട നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയതായി തുമ്പ എസ്.ഐ. വിനേഷ് കുമാര്‍ പറഞ്ഞു.
from kerala news edited
via IFTTT