Story Dated: Saturday, December 20, 2014 07:15
ആലപ്പുഴ: ചുംബന സമരത്തോടുള്ള പരസ്യ അനുകൂല നിലപാടില്‍നിന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പിന്മാറുന്നു. ആലപ്പുഴയില്‍ ജനുവരി നാലിന് നടത്താനിരിക്കുന്ന ചുംബന സമരത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് സമരം പരിഷത്തിന്റെ ആഭിമുഖ്യത്തിലല്ലെന്ന വിശദീകരണവുമായി നേതൃത്വം രംഗത്തുവന്നത്.
സമരത്തിനു പിന്തുണ നല്‍കുന്ന കാര്യത്തില്‍ പരിഷത്തിനുള്ളില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. ഇതിനിടെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചുംബന സമരത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത് സി.പി.എം അംഗങ്ങള്‍ കൂടിയായ ഭൂരിഭാഗം പരിഷത്ത് പ്രവര്‍ത്തകരെയും വിഷമവൃത്തത്തിലാക്കി.
ആലപ്പുഴയില്‍നടക്കുന്ന "കിസ് എഗയിന്‍സ്‌റ്റ് ഫാസിസം" എന്ന പരിപാടി ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലല്ല നടക്കുന്നതെന്ന് ഫെയ്‌സ്‌ബുക്കിലുടെ ജില്ലാ നേതൃത്വം വ്യക്‌തമാക്കി. എന്നാല്‍, സമരം ഉയര്‍ന്നുവന്ന സാഹചര്യവും സമരത്തിനെതിരേ രൂപപ്പെട്ട എതിര്‍പ്പും കേരളത്തിന്റെ പുരോഗതിയെ വെല്ലുവിളിക്കുന്നതാണെന്ന് പരിഷത്ത് കരുതുന്നു. ഈ പുരോഗമനം ഇഷ്‌ടപ്പെടുന്ന എല്ലാവര്‍ക്കും ഫാസിസത്തിനെതിരേ നിലപാടെടുക്കാന്‍ കടമയുണ്ട്. ഇതു സംബന്ധിച്ച് പരിഷത്തില്‍ ഉള്‍പ്പെടെ എല്ലാ തലത്തിലും സംവാദങ്ങള്‍ നടക്കുന്നുമുണ്ട്.
പക്ഷേ, ആലപ്പുഴ ജില്ലാക്കമ്മിറ്റി ഇത്തരമൊരു സമരമാര്‍ഗത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഫെയ്‌സ്‌ബുക്ക് പോസ്‌റ്റില്‍ വിശദീകരിക്കുന്നു. ചുംബന സമരത്തിന്റെ ആലോചനായോഗം പരിഷത്തിന്റെ ജില്ലാ ഓഫീസായ ആലപ്പുഴ പരിഷത്ത് ഭവനിലാണ് ചേര്‍ന്നത്.
ഇത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍, സാമൂഹിക വ്യവസ്‌ഥയെ വെല്ലുവിളിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ആലപ്പുഴ കേന്ദ്രീകരിച്ച് ഒരു സാംസ്‌കാരിക കൂട്ടായ്‌മ രൂപീകരിക്കാനും അതിന്റെ നേതൃത്വത്തിലുള്ള സമരത്തെക്കുറിച്ച് ആലോചിക്കാനുമുള്ള യോഗം വിളിച്ചു ചേര്‍ക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭവന്‍ നല്‍കുകയാണുണ്ടായതെന്നും ഭാരവാഹികള്‍ പറയുന്നു. കൊച്ചിക്കും കോഴിക്കോടിനും പിന്നാലെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ആലപ്പുഴയിലും ചുംബന സമരത്തിന് ആഹ്വാനം ചെയ്‌തപ്പോള്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്താണ് ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ നേതൃത്വം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
കൊച്ചിയിലും കോഴിക്കോട്ടുമായി നടത്തിയ ചുംബന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പരിഷത്ത്, കേരളത്തില്‍ വര്‍ധിച്ചുവരുന്ന സദാചാര പോലീസിന്റെ അതിക്രമങ്ങളുടെ പാശ്‌ചാത്തലത്തില്‍ ചുംബനസമരത്തെ ഒരു ജനാധിപത്യ പ്രതിഷേധ സമരം എന്ന നിലയില്‍ വിലയിരുത്തണമെന്ന ആവശ്യമാണ് അന്നു മുന്നോട്ടുവച്ചത്. ഇപ്പോള്‍ പരസ്യപിന്തുണയില്ലെങ്കിലും താല്‍പര്യമുള്ള പ്രവര്‍ത്തകര്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സമരരീതിയില്‍ മാറ്റം വരുത്തി ജനകീയമാക്കാനും ആലോചനയുണ്ട്.
from kerala news edited
via IFTTT