121

Powered By Blogger

Friday, 19 December 2014

മേളയുടെ തിളക്കത്തില്‍ മലയാള ചിത്രങ്ങളും







മേളയ്ക്ക് മാറ്റ് കൂട്ടാനെത്തിയ മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത് ഒമ്പത് മലയാള ചിത്രങ്ങള്‍. 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ ഏഴും 'മത്സര വിഭാഗത്തില്‍' രണ്ട് മലയാള സിനിമകളുമാണ് പ്രദര്‍ശിപ്പിച്ചത്.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സഹിര്‍, അസ്തമയം വരെ എന്നിവ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രങ്ങളാണ്. കഥാപാത്രങ്ങള്‍ക്ക് പേരുകളോ പിന്നണി സംഗീതമോയില്ലാതെയാണ് സജിന്‍ ബാബു എന്ന യുവ സംവിധായകന്‍ അസ്തമയം വരെ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ക്കാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതും.

പ്രിയപ്പെട്ടവളെ മരണത്തിലൂടെ നഷ്ടമാകുന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങള്‍ ഒപ്പിയെടുത്ത സിനിമയാണ് സഹിര്‍. സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയുടെ അവകാശവാദവുമായി ശ്രീരാഗ് എന്ന യുവാവ് മേളക്കിടയിലെത്തിയിരുന്നു.


മലയാള ആക്ഷേപ ഹാസ്യ സാഹിത്യത്തിന്റെ കുലപതിയായ സഞ്ജയന്റെ ജീവിതവുമായാണ് 'വിദൂഷകന്‍' പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മാണിക്കോത്ത് രാമുണ്ണി നായര്‍ എന്ന സഞ്ജയന്റെ ജീവിതത്തിന്റെ ആരും അറിയാത്ത ഏടുകളാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖ സംവിധായകനായ ടി.കെ. സന്തോഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ ഞാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു മലയാള ചിത്രമാണ്. എഴുത്തുകാരനായ രവിയെന്ന യുവാവ് കെ.ടി.എന്‍. കോട്ടൂരിനെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ അനുമോള്‍, മുത്തുമണി, സുരേഷ്‌കൃഷ്ണ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ചര്‍ച്ചാ വിഷയമാക്കിയാണ് ഒരാള്‍പ്പൊക്കം എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. യാഥാര്‍ത്ഥ്യം, സ്വപ്നം, ഭൂതകാലം എന്നിവയെ വേര്‍തിരിച്ചറിയുന്നതിനുള്ള യാത്രകൂടിയാണ് ഒരാള്‍പ്പൊക്കം. സനല്‍കുമാര്‍ ശശിധരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


കര്‍ഷകന്റെ സമരത്തിന്റെ ഭാഗമായി ജയിലില്‍ പോവുകയും പിന്നീട് കുറ്റവാളിയായി മാറുകയും ചെയ്യുന്ന കുഞ്ഞുണ്ണിയുടെ കഥ പറയുകയാണ് ജലാംശമെന്ന ചിത്രം. കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് മേധാവിത്വത്തിലേക്ക് മാറിയ സമൂഹത്തിന്റെ മുഖവും ചിത്രം വരച്ചുകാട്ടുന്നു. എം.പി. സുകുമാരന്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജഗദീഷ്, ഇന്ദ്രന്‍സ്, മഞ്ജുപിള്ള എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥിതിയോട് പൊരുതുന്ന ഫാത്തിമ എന്ന സ്ത്രീയുടെ കഥപറയുകയാണ് അലിഫ്. ആസ്മാ രോഗിയായ ഭാര്യയെ ഉപേക്ഷിക്കുന്നതിനായി ശ്രമിക്കുന്ന പുരുഷന്റെ ചിന്താഗതിയും പുരുഷനെതിരെ ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ക്ക് സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും സിനിമ അനാവരണം ചെയ്യുന്നു. കെ.എന്‍. മുഹമ്മദ് കോയയാണ് ചിത്രത്തിന്റെ സംവിധാനം. ലെനയാണ് മുഖ്യ കഥാപാത്രമാകുന്നത്.


പ്രദര്‍ശനത്തിന് തിയേറ്റിലെത്തിയപ്പോള്‍ തന്നെ വിജയമായി തീര്‍ന്ന 1983 ഉം മേളയില്‍ മലയാളത്തിന്റെ തിളക്കമായി. എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്റെ മികവില്‍ പുറത്തിറക്കിയ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. മകനെ നഷ്ടപ്പെടുന്ന അച്ഛന്റെ കഥ പറയുന്ന ചിത്രമാണ് കാള്‍ട്ടന്‍ ടവേഴ്‌സ്. സലില്‍ ലാല്‍ അഹമ്മദാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു വ്യക്തിയെ മനസ്സിലാക്കാന്‍ മരണം ഒരിക്കലും തടസമാകില്ലെന്ന് സിനിമ പ്രേക്ഷകന് പറഞ്ഞുതരുന്നു.











from kerala news edited

via IFTTT