Story Dated: Saturday, December 20, 2014 10:31
പുതുച്ചേരി: പുതുച്ചേരി: പുതുച്ചേരിയിലെ ശ്രീ അരബിന്ദോ ആശ്രമത്തില്‍ നിന്ന് ബീഹാര്‍ സ്വദേശിനികള്‍ പുറത്തായ സംഭവത്തിന് സ്‌ത്രീ പീഡനത്തിന്റെ നിറവും. സംഭവത്തില്‍ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്‌ത സ്‌ത്രീകളിലൊരാള്‍ താന്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായി മൊഴി നല്‍കി.
വ്യാഴാഴ്‌ച രാത്രിയില്‍ ഒരു അഞ്‌ജാതന്‍ തന്നെ ബലാത്സംഗം ചെയ്‌തതായിട്ടാണ് കഴിഞ്ഞ ദിവസം ഇവര്‍ വ്യക്‌തമാക്കിയത്. കഴിഞ്ഞ ദിവസം കടലില്‍ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഈ സ്‌ത്രീയേയും രണ്ടു സഹോദരിമാരേയും പിതാവിനെയും മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. അതേസമയം മാതാവും മറ്റ് രണ്ടു സഹോദരിമാരും മുങ്ങിമരിച്ചു.
ആശ്രമത്തിന്റെ അച്ചടക്കത്തിന് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സുപ്രീംകോടതിയുടെ ഇടപെടലിലാണ് അഞ്ച് സഹോദരിമാരെയാണ് ആശ്രമത്തില്‍ നിന്നും പുറത്താക്കിയത്. വ്യാഴാഴ്‌ച പുലര്‍ച്ചെ മാതാപിതാക്കളുമായി പുതുച്ചേരി കാലാപേട്ടിലേക്ക് പോയ ഇവര്‍ കടലില്‍ ചാടുകയായിരുന്നു. എന്നാല്‍ മൂന്ന് പേരെയും പിതാവിനെയും മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് വലിച്ചു കയറ്റി.
എന്നാല്‍ താന്‍ ബലാത്സംഗത്തിന് ഇരയായതായി കാണിച്ച് വെള്ളിയാഴ്‌ച സഹോദരിമാരില്‍ ഒരാള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ആക്രമിക്കപ്പെടുമ്പോള്‍ താന്‍ അബോധാവസ്‌ഥയില്‍ ആയിരുന്നെന്നാണ് സ്‌ത്രീ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് പോലീസ്. അതേസമയം പീഡിപ്പിക്കപ്പെട്ടെന്ന ഇവരുടെ വാദം മെഡിക്കല്‍ പരിശോധനയില്‍ തെളിയിക്കാനായിട്ടില്ല. 1990,95 കാലത്താണ് സഹോദരിമാര്‍ ആശ്രമത്തില്‍ ചേര്‍ന്നത്.
അതേസമയം സഹോദരിമാര്‍ മരണമടഞ്ഞ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും എഐഎഡിഎംകെ, സിപിഎം, വിസികെ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. ആശ്രമം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് ആശ്രമത്തിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
from kerala news edited
via IFTTT