Story Dated: Wednesday, December 17, 2014 02:06
പന്തളം: ഗ്രാമപഞ്ചായത്തില്‍ വഴിവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ പഞ്ചായത്ത് യോഗത്തില്‍ പ്രതിഷേധവുമായി എത്തി. നടുത്തളത്തില്‍ ഇറങ്ങി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷുബ്‌ധമായി. പ്രതിവര്‍ഷം എട്ട് ലക്ഷത്തില്‍ അധികം രൂപയാണ് കേടായ വഴിവിളക്കുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ പഞ്ചായത്ത് വൈദ്യുതി ബോര്‍ഡിന് നല്‍കുന്നത്. എന്നാല്‍ പണം നല്‍കുന്നതല്ലാതെ കേടാകുന്ന ബള്‍ബുകള്‍ യഥാസമയം മാറ്റി ഇടുന്നതിന് വേണ്ട നടപടികള്‍ ഗ്രാമപഞ്ചായത്ത് സ്വീകരിക്കാറില്ല. അതൊക്കെ കെ.എസ്.ഇ.ബിയുടെ ജോലിയാണെന്ന് പറഞ്ഞ് പഞ്ചായത്ത് കൈകഴുകുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കല്ലുംമൂടന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നപ്പോള്‍ തന്നെ വഴിവിളക്ക് പ്രശ്‌നം എടുത്തുകാട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രത്‌നമണി സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. പ്രതാപന്‍, വിവിധ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡി. പ്രകാശ്, പന്തളം മഹേഷ്, രമാ ആര്‍.കുറുപ്പ്, അംഗങ്ങളായ ശോഭനയമ്മ, തുളസീഭായി അമ്മ, ഡി.എന്‍. തൃദീപ് എന്നിവര്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി. തുടര്‍ന്ന് ഇവര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
രണ്ട് മാസം മുമ്പാണ് യു.ഡി.എഫില്‍ പടലപിണക്കം സൃഷ്‌ടിച്ചുകൊണ്ട് രാജുകല്ലുംമൂടന്‍ ഇടത് പിന്തുണയോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായത്. ഇപ്പോഴത്തെ വഴിവിളക്കു പ്രശ്‌നം കല്ലുംമൂടനെതിരായുള്ള സമരമാണെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമരം ശക്‌തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിനിടെ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലുമുള്ള വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് രാജുകല്ലുംമൂടന്‍ അറിയിച്ചു.
ഇതിനായി ലൈന്‍ ഓഫ് ചെയ്‌തുതരാന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെടും. ഫീസായ ബള്‍ബുകള്‍ മാറിയിടുന്നതിന് അടിയന്തരമായി പത്തുജോലിക്കാരെ നിയമിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ ഇന്നലെ പഞ്ചായത്ത് യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ ബഹളം കാപട്യമാണ്. അടുത്തിടെ പുറത്തായ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രതാപന്‍ വഴിവിളക്കുവാങ്ങാന്‍ ബജറ്റില്‍ തുക വകകൊള്ളിച്ചിച്ചിരുന്നില്ലെന്നും രാജു കല്ലുംമൂടന്‍ പറഞ്ഞു.
from kerala news edited
via IFTTT