121

Powered By Blogger

Tuesday, 16 December 2014

ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ വ്യാജ ഡോക്‌ടര്‍ പിടിയില്‍











Story Dated: Wednesday, December 17, 2014 02:07


വെള്ളറട: ജോലി വാഗ്‌ദാനം ചെയ്‌ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത വ്യാജ ഡോക്‌ടര്‍ പിടിയില്‍. പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ പുല്ലംപ്ലാവിന്‍ശേരി വീട്ടില്‍ പ്രസന്നകുമാറാണ്‌ (47) പിടിയിലായത്‌. 2012 മുതല്‍ വെള്ളറട കേന്ദ്രീകരിച്ച്‌ ആയുര്‍വേദ പഞ്ചകര്‍മ്മ സെന്റര്‍ നടത്തിവരികയായിരുന്നു ഇയാള്‍. ഡോ. അനില്‍കുമാര്‍ എന്ന്‌ സ്വയം പരിചയപ്പെടുത്തി വെള്ളറടയിലെത്തിയ ഇയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും അനില്‍കുമാര്‍ എന്ന ആലപ്പുഴ സ്വദേശിയായ ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റ്‌ തിരിമറി നടത്തിയതായും കണ്ടെത്തി.


സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നത്‌ ഇങ്ങനെ:

2004-ല്‍ പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള പ്രസന്നകുമാര്‍ ശാരീരിക വൈകല്യ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിച്ച്‌ പാലക്കാട്‌ തത്തമംഗലം ഗവ. ആശുപത്രിയില്‍ നഴ്‌സിംഗ്‌ അസിസ്‌റ്റന്റായി കയറിപ്പറ്റി. 2008 കാലഘട്ടത്തില്‍ മുംബൈയിലെ സഹോദരിയുടെ അടുത്തുപോയ ഇയാള്‍ ആയുര്‍വേദ മസാജിംഗ്‌ സെന്ററുകളില്‍ നിന്നു പരിശീലനം നേടി കേരളത്തിലേക്കു തിരിച്ചെത്തി ആലപ്പുഴ ബീച്ചിന്‌ സമീപം ധന്വന്തരി എന്ന ആയുര്‍വേദ ആശുപത്രി തുടങ്ങി. മുംബൈ യാത്രക്കിടെ പരിചയപ്പെട്ട ഡോ. അനില്‍കുമാറിനു ജോലി തരപ്പെടുത്തി നല്‍കാമെന്ന്‌ പറഞ്ഞ്‌ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌ കൈവശപ്പെടുത്തി. ഇതില്‍ ചില ക്രമക്കേടുകള്‍ വരുത്തി ഡോ. അനില്‍കുമാറെന്നു പറഞ്ഞാണ്‌ ആലപ്പുഴയിലെത്തിയത്‌. ഇവിടുത്തെ ഇടപാടുകള്‍ പ്രതീക്ഷിച്ച ഫലം കാണാത്തതുകൊണ്ട്‌ തിരികെ മുംബൈയിലേക്ക്‌ പോയ ഇയാള്‍ 2012 ഫെബ്രുവരിയില്‍ വെള്ളറടയിലെത്തി. ഇവിടെ ആയുര്‍വേദ പഞ്ചകര്‍മ്മ സെന്റര്‍ ആരംഭിച്ച പ്രതി പെരുങ്കടവിള ചന്ത ജംഗ്‌ഷനിലും ബ്രാഞ്ച്‌ തുറന്നു.


ആശുപത്രി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ട്‌ കലുങ്ക്‌ നടയില്‍ ആരംഭിച്ച പവന്‍ ആയുര്‍വേദ സെന്റര്‍ മറയാക്കി നഴ്‌സിംഗ്‌ കോളജും ആരംഭിച്ച്‌ ക്ലാസുകളെടുത്ത ഇയാള്‍ക്ക്‌ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതോടെയാണ്‌ തട്ടിപ്പുമായി രംഗത്തെത്തിയത്‌. ജോലി വാഗ്‌ദാനം നല്‍കി ചെമ്പൂര്‍ സ്വദേശി ക്ഷേത്രപൂജാരി ശ്രീകുമാറിന്റെ കൈയില്‍നിന്ന്‌ മൂന്നുലക്ഷം രൂപ ഉള്‍പ്പെടെ പ്രദേശത്തെ 15-ല്‍പ്പരം ആളുകളില്‍ നിന്ന്‌ രൂപ കൈപ്പറ്റി.


ഇടപാടുകാര്‍ ആശുപത്രിയിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെ ഇയാള്‍ കന്യാകുമാരിയിലേക്കു സ്‌ഥലംവിട്ടു. തുടര്‍ന്ന്‌ റെയില്‍വേ സ്‌റ്റേഷനുസമീപം പഞ്ചകര്‍മ്മ സെന്റര്‍ സ്‌ഥാപനം തുടങ്ങിയ ഇയാളെക്കുറിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണു പിടികൂടിയത്‌. ഇയാള്‍ക്കെതിരെ അടൂര്‍, ശാസ്‌താംകോട്ട, ആലപ്പുഴ, മാവേലിക്കര, തിരുവനന്തപുരം, പാലക്കാട്‌ എന്നിവിടങ്ങളിലെ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളുള്ളതായി വെള്ളറട എസ്‌.ഐ. ബാലചന്ദ്രന്‍ പറഞ്ഞു.










from kerala news edited

via IFTTT