121

Powered By Blogger

Tuesday, 16 December 2014

ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത്‌ സമൂഹത്തില്‍ വേരുറപ്പിക്കാന്‍ മാവോയിസ്‌റ്റ് നീക്കം











Story Dated: Wednesday, December 17, 2014 02:07


വെള്ളമുണ്ട: ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത്‌ പൊതുജനങ്ങള്‍ക്കിടയില്‍ ജനകീയ അടിത്തറയുണ്ടാക്കാന്‍ മാവോയിസ്‌റ്റ് സംഘങ്ങ ശ്രമം നടത്തുന്നതായി പോലീസ്‌ നിരീക്ഷണം. ഇതിന്റെ ഭാഗമായിട്ടാണ്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'കാട്ടുതീ' മാസികയില്‍ ബ്ലേഡ്‌ മാഫിയകള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ട്‌ ലേഖനം പ്രസിദ്ധീകരിച്ചതെന്നാണ്‌ പോലീസ്‌ വിലയിരുത്തല്‍. ജനകീയ വിമോചന ഗറില്ലാ സേന കബനിദളത്തിന്റെ വാര്‍ത്താ ബുള്ളറ്റിനായ കാട്ടുതീയുടെ പുതിയ ലക്കമാണ്‌ ബ്ലേഡ്‌, ബാങ്ക്‌ മാഫിയകള്‍ക്കെതിരായ ആക്ഷനുകളില്‍ മുഴുവന്‍ ജനങ്ങളുടെയും സഹകരണം ആവശ്യപ്പെട്ടിരിക്കുന്നത്‌.


ജില്ലയിലെ കര്‍ഷകര്‍ ബാങ്ക്‌ വായ്‌പയെടുത്ത്‌ കൃഷി ചെയ്യുകയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവിനെ തുടര്‍ന്ന്‌ വായ്‌പ തിരിച്ചടക്കാന്‍ കഴിയാതെ ബ്ലേഡുകാരില്‍ നിന്നും പണം വാങ്ങി കുരുക്കില്‍പ്പെട്ട്‌ ആത്മഹത്യ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ്‌ കാട്ടുതീയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഇത്തരത്തിലുള്ള ബ്ലേഡുകാരെക്കുറിച്ച്‌ മാവോയിസ്‌റ്റ് പ്രവര്‍ത്തകരെ അറിയിക്കുകയോ, പ്രാദേശികമായി നോട്ടീസ്‌ പതിക്കുകയോ ചെയ്യണമെന്നാണ്‌ കാട്ടുതീ ആവശ്യപ്പെടുന്നത്‌. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ആദിവാസി കോളനികളില്‍ കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്‌ത് പ്രവര്‍ത്തനം നടത്തിയ മാവോവാദികള്‍ ആദ്യമായേറ്റെടുക്കുന്ന ജനകീയ പ്രശ്‌നമെന്ന നിലയില്‍ ബ്ലേഡ്‌ മാഫിയകള്‍ക്കെതിരെയുള്ള പ്രചരണം മാവോവാദികളോടുള്ള പൊതുജന സമീപനം മൃദുവാക്കാനാണെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.


മാവോവാദികള്‍ സന്ദര്‍ശനം നടത്തിയ ആദിവാസി കോളനികളില്‍ കോടികണക്കിന്‌ രൂപയുടെ വികസനങ്ങള്‍ നടത്താനാണ്‌ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്‌. വര്‍ഷങ്ങളായി കാട്ടില്‍ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന തരിയോട്‌ കരിങ്കണ്ണി കാട്ടുനായ്‌ക്ക കുടുംബങ്ങള്‍ക്ക്‌ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ അവരെ പുനരധിവസിപ്പിച്ചു. കുഞ്ഞോം ഉള്‍പ്പടെ ജില്ലയിലെ നാലുപഞ്ചായത്തുകളില്‍ 65 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളെത്തിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമുണ്ടായി. തങ്ങള്‍ ജനകീയ പ്രശ്‌നങ്ങളിലിടപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക്‌ ഗുണകരമാകുമെന്ന തരത്തില്‍ മാവോയിസ്‌റ്റുകള്‍ പ്രചരണം നടത്തുമെന്നും പോലീസ്‌ കണക്കുകൂട്ടുന്നുണ്ട്‌.


മാവോവാദികള്‍ സന്ദര്‍ശനം നടത്തുന്ന എല്ലാ കോളനികളിലെയും വീട്ടുകാര്‍ക്ക്‌ ഇവരോട്‌ വലിയ മതിപ്പാണുള്ളത്‌. ദൃശ്യമാധ്യമങ്ങള്‍ മാവോവാദി വാര്‍ത്തകള്‍ക്ക്‌ അമിത പ്രാധാന്യം നല്‍കുന്നതും ഇന്റലിജന്റ്‌സ് വിഭാഗത്തെ ചൊടിപ്പിക്കുന്നുണ്ട്‌. കഴിഞ്ഞ ആഴ്‌ച്ചയിലുണ്ടായ മാവോ-പോലീസ്‌ ഏറ്റുമുട്ടല്‍ സംഭവം പോലീസ്‌ ഭാഗത്തുനിന്നും ഒളിച്ചുവെച്ചിട്ടും സംഭവം നടന്നതുമുതല്‍ കൃത്യമായ വാര്‍ത്തകള്‍ മാവോസംഘത്തില്‍ നിന്ന്‌ തന്നെ മാധ്യമങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.


അബ്‌ദുള്ള പള്ളിയാല്‍










from kerala news edited

via IFTTT