121

Powered By Blogger

Tuesday, 16 December 2014

രണ്ടരവര്‍ഷക്കാലം ലൈസന്‍സില്ലാതെ ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭയുടെ ഒത്താശ











Story Dated: Wednesday, December 17, 2014 02:07


കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണില്‍ ട്രാഫിക്‌ ജംഗ്‌ഷനു സമീപത്തുള്ള ഇരുമ്പുപാലം പുഴയിലെ ചെക്‌ഡാമിനടുത്ത്‌ പുഴയരുകില്‍ മാലിന്യം തള്ളിയിനെ തുടര്‍ന്ന്‌ വിവാദമായ ഹോട്ടല്‍ അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ.യും നഗരസഭാ പ്രതിപക്ഷ കൗണ്‍സിലര്‍മാരും പ്രതിഷേധം ശക്‌തമാക്കിയതോടെയാണ്‌ ഇന്നലെ ഉച്ചയോടെ ഹോട്ടല്‍ അടച്ചത്‌. മാലിന്യനിക്ഷേപത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ച മുമ്പ്‌ ഹോട്ടല്‍ പൂട്ടാന്‍ നഗരസഭ നിര്‍ദേശിച്ചിരുന്നു. ടൗണിലെ വിവിധ ഭാഗങ്ങളിലേക്കുള്ള കുടിവെള്ളം ശേഖരിക്കുന്ന ഇരുമ്പുപാലം പുഴയാണ്‌ സ്വകാര്യ ഹോട്ടല്‍ മലിനമാക്കിയത്‌. എന്നാല്‍ പ്രശ്‌നത്തിന്‌ യാതൊരു പരിഹാരവും ഉണ്ടാക്കാതെ തന്നെ നഗരസഭയുടെ അനുമതിയോടെ ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതാണ്‌ ഡി.വൈ.എഫ്‌.ഐ.യെ ചൊടിപ്പിച്ചത്‌.


ഹോട്ടലിന്‌ ലൈസന്‍സ്‌പോലും ഇല്ലെന്ന കാര്യം അറിഞ്ഞതോടെ ഇന്നലെ രാവിലെ ഡി.വൈ.എഫ്‌.ഐ നേതൃത്വത്തില്‍ നഗരസഭാ സൂപ്രണ്ടിനെ ഉപരോധിച്ചു. രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ ഹോട്ടലിന്‌ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെതിരേ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ കൗണ്‍സില്‍യോഗം ബഹളത്തില്‍ മുങ്ങി. പ്രതിഷേധം ശക്‌തമായതോടെ അധികൃതര്‍ക്ക്‌ ഹോട്ടലിന്‌ ലൈസന്‍സില്ലെന്ന്‌ സമ്മതിക്കേണ്ടി വന്നു. ലൈസന്‍സില്ലാതെ ഹോട്ടലിന്‌ പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തതില്‍ അഴിമതിയുണ്ടെന്ന്‌ കൗണ്‍സിലര്‍മാന്‍ ആരോപിച്ചു. സംഭവമറിഞ്ഞ്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നഗരസഭയിലെത്തി. തുടര്‍ന്ന്‌ പോലിസും രംഗത്തെത്തിയതോടെ നഗരസഭാ ഓഫീസ്‌ സംഘര്‍ഷഭരിതമായി.


തുടര്‍ന്ന്‌ സിപിഐ എം കൗണ്‍സിലര്‍മാരും ഡിവൈഎഫ്‌ഐ നേതാക്കളും നഗരസഭാ സുപ്രണ്ടുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ്‌ സംഘര്‍ഷം ഒഴിവായത്‌. ഹോട്ടല്‍ ഉടന്‍ അടച്ചുപൂട്ടുമെന്നും ഹോട്ടലിന്‌ അനുമതി നല്‍കിയ ഉദ്യേഗസ്‌ഥനെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കിയതോടെയാണ്‌ ഉപരോധം അവസാനിച്ചത്‌. പിന്നീട്‌ നഗരസഭാ ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഹോട്ടലിലെത്തി പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ഉപരോധസമരം കൗണ്‍സിലര്‍ പി.കെ അബു ഉദ്‌ഘാടനം ചെയ്‌തു. കൗണ്‍സിലര്‍മാരായ സി.കെ ശിവരാമന്‍, കെ.ടി ബാബു, ഡി.വൈ.എഫ്‌.ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി. ഹാരീസ്‌ എന്നിവര്‍ പ്രസംഗിച്ചു.


ഹോട്ടലിന്റെ പ്രവര്‍ത്തിപ്പിച്ചതിന്റെ പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന്‌ സി.പി.എം കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

എതിര്‍വശത്തുള്ള സ്‌കൂളിന്റെ ഹോസ്‌റ്റലാണ്‌ പിന്നീട്‌ ഹോട്ടലായി മാറിയത്‌. ഹോസ്‌റ്റലായതിനാല്‍ ഹോട്ടല്‍ തുടങ്ങിയസമയത്ത്‌ പുതിയ കെട്ടിടനമ്പര്‍ വേണ്ടിയിരുന്നില്ല. പിന്നീട്‌ ലൈസന്‍സിനും കെട്ടിടനമ്പര്‍ മാറ്റുന്നതിനും അപേക്ഷ നല്‍കിയിരുന്നെങ്കിലും വേണ്ടത്ര സൗകര്യങ്ങളൊരുക്കാതിരുന്നതിനാല്‍ ലൈസന്‍സ്‌ അന്നു ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീട്‌ കെട്ടിടം നവീകരിച്ച്‌ ലൈസന്‍സില്ലാതെ തന്നെ ഹോട്ടലായി പ്രവര്‍ത്തിച്ചു. നഗരസഭ അധികൃതരുടെ ഒത്താശയോടെയായിരുന്നു ഈ നീക്കം. ഇതിനിടയില്‍ ദേശീയപാതയില്‍ നിന്നും കൃത്യമായ ദൂരം പാലിക്കാതെയാണ്‌ ഹോട്ടല്‍ നിലകൊള്ളുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌.


അടുത്തകാലത്ത്‌ ലൈസന്‍സിനായി വീണ്ടും നഗരസഭയില്‍ ഹോട്ടലുടമ അപേക്ഷ നല്‍കിയിരുന്നു. ഇത്‌ അനുവദിക്കുന്നതിനുള്ള നീക്കങ്ങള്‍ തകൃതിയായി അണിയറയില്‍ നടക്കുന്നതിനിടെയാണ്‌ ലൈസന്‍സില്ലെന്ന രഹസ്യം വെളിപ്പെട്ടത്‌. ഇതോടെ നഗരസഭയും ഹോട്ടല്‍ അധികൃതരും വെട്ടിലായിട്ടുണ്ട്‌. രണ്ടരവര്‍ഷകാലം ലൈസന്‍സില്ലാതെ ഹോട്ടല്‍ പ്രവര്‍ത്തിച്ചത്‌ ദുരൂഹമാണെന്നും ഇതിനേക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്നും സി.പി.എം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.


കല്‍പ്പറ്റ ഹോട്ടലിന്‌ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്‌ഥനെതിരെയും അതിന്‌ കൂട്ടുനിന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ സി.പി.എം കല്‍പ്പറ്റ സൗത്ത്‌ ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭാ ഉന്നതര്‍ അറിയാതെ ഹോട്ടലിന്‌ പ്രവര്‍ത്തനാനുമതി ലഭിക്കില്ല. ഇക്കാര്യത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്‌. ഹോട്ടലിന്‌ പ്രവര്‍ത്തിക്കാന്‍ ഇനിയും അനുമതി നല്‍കിയ ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ലോക്കല്‍കമ്മിറ്റി വ്യക്‌തമാക്കി.










from kerala news edited

via IFTTT