Story Dated: Wednesday, December 17, 2014 08:29
തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തുന്ന പണിമുടക്കില്‍ ജനം വലയുന്നു. ജില്ലയിലേക്കും ജില്ലയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസുകള്‍ നടത്താന്‍ സമരക്കാര്‍ അനുവദിക്കുന്നില്ല. എന്നാല്‍, ശബരിമല സര്‍വീസുകളെ സമരം ബാധിച്ചിട്ടില്ല.
മറ്റു ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ബസുകള്‍ ജില്ലാ അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയോ തടഞ്ഞിടുകയോ ചെയ്യുകയാണ്. മറ്റു ജില്ലകളില്‍ നിന്നുളള സര്‍വീസുകള്‍ കിളിമാനൂരിലും ആറ്റിങ്ങലും അവസാനിപ്പിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുളള ബസുകള്‍ പാറശാല വരെയാണ് സര്‍വീസ് നടത്തുന്നത്.
മെഡിക്കല്‍ കോളജിലേക്കുളള രോഗികളെ സമരം വലയ്‌ക്കുന്നു. വിവിധ ആവശ്യങ്ങളുമായി കഴിഞ്ഞ ദിവസം തന്നെ നഗരത്തിലെത്തിയവര്‍ കുടുങ്ങിക്കിടക്കുന്നു. ക്രിസ്‌മസ് പരീക്ഷയായതിനാല്‍ വിദ്യാര്‍ഥികളെയും സമരം പ്രതികൂലമായി ബാധിക്കുന്നു. പ്രവൃത്തിദിവസമായതിനാല്‍ ഉദ്യോഗസ്‌ഥരും വലയുന്നു. സമാന്തര സര്‍വീസുകള്‍ ഓടിത്തുടങ്ങിയെങ്കിലും 500 ഓളം ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്ന നഗരത്തിലെ ഗതാഗതം സുഗമമാവാന്‍ ഇത് പര്യാപ്‌തമാവില്ല.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്കുന്നത്.
from kerala news edited
via IFTTT