121

Powered By Blogger

Tuesday, 10 March 2015

അലയൊടുങ്ങാതെ 15 വര്‍ഷങ്ങള്‍- അലൈപായുതേ...










പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഒരു സിനിമയെക്കുറിച്ച് നമ്മള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ എന്തോ ഒരു അദൃശ്യ രുചിക്കൂട്ട് ഉണ്ടെന്നാണര്‍ത്ഥം. ഒരു വര്‍ഷം പോലും നില നില്‍ക്കാത്ത 'ന്യൂ ജനറേഷന്‍ സിന്‍ഡ്രോ'മിനിടയിലാണെങ്കില്‍ ഇങ്ങനെയുള്ള സിനിമകളുടെ മാറ്റ് ഒന്നു കൂടി വര്‍ധിക്കും. റൊമാന്റിക് സിനിമകള്‍ക്ക് മറ്റൊരു ഭാവതലം നല്‍കിയ മണി രത്‌നത്തിന്റെ 'അലൈപായുതേ' പ്രണയത്തിന്റെ ഒരു ചൂണ്ടു പലകയാണ്. ഇന്നത്തെ പോലെ ന്യൂ ജനറേഷന്‍ സ്‌റ്റൈല്‍ തലക്ക് പിടിക്കാത്ത ഒരു കാലത്ത് - കൃത്യമായി പറഞ്ഞാല്‍ 2000ത്തില്‍ ഒരു ഏപ്രിലില്‍ ആണ് - മണി രത്‌നം ഒരു പുതുമുഖത്തെയും പിന്നെ അത്രയൊന്നും പരിചയ സമ്പത്തില്ലാത്ത ഒരു നടിയെയും വെച്ച് 'അലൈപായുതേ' എന്ന പരീക്ഷണത്തിന് ഒരുങ്ങിയത്. 15 വര്‍ഷം കഴിഞ്ഞ് അതേ മണി രത്‌നം ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനോനെയും വെച്ച് 'ഒകെ കണ്മണി' എന്ന മറ്റൊരു റൊമാന്റിക് സിനിമ ഒരുക്കുമ്പോള്‍ സ്വാഭാവികമായും ആലോചിച്ച് പോകുന്നത് ആ കേട്ട് പഴകിയ ക്ലീഷേ സംഭാഷണം തന്നെയാണ്: പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, മരണവുമില്ല.

എന്താണ് അലൈപായുതേ എന്ന സിനിമയെ പതിനഞ്ച് വര്‍ഷത്തിന് ശേഷവും നില നിര്‍ത്തുന്നത് എന്ന് ചോദിച്ചാല്‍ അഞ്ച കാര്യങ്ങളാണ് ഓര്‍മ വരുന്നത്.




1. തീവണ്ടി അഥവാ ട്രെയിന്‍


ട്രെയിന്‍ എന്റെ വേദനയാകുന്നു എന്നും തീവണ്ടിയുടെ രഥവേഗഗരിമയെന്നും പണ്ടാരോ എഴുതിയത് 'അലൈപായുതേ' എന്ന സിനിമയ്ക്ക് കൃത്യമായി ചേരും. ചെന്നൈ താംബരത്തെ റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനിന്റെ ദ്രുതതാളത്തിലും തുടങ്ങിയ ശക്തിയുടെയും (ശാലിനി) കാര്‍ത്തിക്കിന്റെയും (മാധവന്‍) പ്രണയം ഇടയിലെപ്പോഴോ മുറിഞ്ഞ് പോയതും അവിടെ എവിടെയോ തന്നെയാണ്. ട്രെയിന്‍ ശക്തിയുടെയും കാര്‍ത്തിക്കിന്റെ വേദനയും പ്രണയവുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞത് പക്ഷെ വളരെ വൈകിയായിരുന്നുവെന്ന് മാത്രം. ട്രെയിനുകളിലെ (കളോട്) പ്രണയം ഭംഗിയായി അവതരിപ്പിക്കുന്നതില്‍ സംവിധായകരായ ഗൗതം മേനോനും മണി രത്‌നവും തമ്മില്‍ ഒരു മത്സരം തന്നെ നടത്തേണ്ടി വരും. അത്ര വിദഗ്ധമായാണ് മണി രത്‌നം 'അലൈപായുതേ'യില്‍ ട്രെയിന്‍ ഷോട്ടുകളെടുത്തിരിക്കുന്നത്. പ്രണയംപറയാന്‍ ട്രെയിനിനപ്പുറം മറ്റൊരു കാറ്റലിസ്റ്റ് (ചാലകശക്തി) ഇല്ലെന്ന് തോന്നിപ്പിക്കും വിധമാണ് അലൈപായുതേയില്‍ ഇതിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം അലൈപായുതെയുടെ രണ്ടാം ഭാഗമെന്ന മട്ടിലെത്തുന്ന 'ഒകെ കണ്മണി' യുടെ ട്രെയിലറിലും ആദിയെയും (ദുല്‍ഖര്‍) താരയെയും (നിത്യ) ബന്ധിപ്പിക്കുന്ന കണ്ണിയായി ട്രെയിന്‍ എത്തുന്നുവെന്നത് ഒരു പക്ഷെ യാദൃശ്ചികതയാകാം.


നിറം

മഴവില്ലിന് ഏഴു നിറങ്ങളാണെങ്കില്‍ അലൈപായുതേയ്ക്ക് ആയിരം നിറങ്ങളാണ്. ശക്തിയും കാര്‍ത്തിക്കും അവരുടെ മനസ്സിലെ നിറങ്ങള്‍ നമുക്ക് കാണിച്ച് തന്നത് 'പച്ചൈ നിറമേ' എന്ന പാട്ടിലൂടെ ആയിരുന്നു. എന്നാല്‍ അതില്‍ പച്ചക്കും തൂ വെള്ളക്കും കറുപ്പിനും ചുവപ്പിനുമിടയില്‍ കോര്‍ത്ത് വെച്ചിരുന്നത് പ്രണയത്തിന്റെ അദൃശ്യ നിറമാണെന്നും മണി രത്‌നം പറയാതെ സൂചിപ്പിച്ചു. സിനിമയുടെ ആദ്യം മുതല്ക്ക് അവസാനം വരെ കടുപ്പം കൂടിയതും കുറഞ്ഞതുമായ നിറങ്ങളുടെ സാന്നിദ്ധ്യം സിനിമയിലുടനീളം കാണാന്‍ സാധിക്കും.


ആദ്യത്തെ സീനുകളില്‍ ഒരു കല്യാണവീട്ടിലെ ശബ്ദം നിറഞ്ഞ നിറങ്ങളും, പിന്നെ രണ്ട് ട്രെയിനുകളില്‍ അപ്പുറവും ഇപ്പുറവും യാദൃശ്ചികമായി കണ്ടു മുട്ടുമ്പോള്‍ ശക്തിയില്‍ നിന്നും കാര്‍ത്തിക്കില്‍ നിന്നും പ്രസരിക്കുന്ന പ്രണയത്തിന്റെ നിറവും ഇവയില്‍ ചിലത് മാത്രമാണ്. ഡോക്ടറാകാന്‍ പഠിക്കുന്ന ശക്തി കണ്ണൂരില്‍ ക്യാമ്പിന് പോകുമ്പോള്‍ കടലിലൂടെ ഒഴുകി വന്നത് വിരഹത്തിന്റെ നിറമാണെന്നും മണിരത്‌നം പറഞ്ഞു തരുന്നു. ഒടുവില്‍ ശക്തിക്ക് എന്ത് സംഭവിച്ചുവെന്നറിയാതെ പ്ലാറ്റ്‌ഫോമിലും റോഡിലും കാര്‍ത്തിക് ഓടി നടക്കുമ്പോള്‍ അതില്‍ ഒറ്റപ്പടലിന്റെയും ആകാംക്ഷയുടെയും നിറമായിരുന്നു.




പാട്ട്


ചെവിയില്‍ ഇയര്‍ഫോണും വെച്ച് 'എന്‍ട്രന്‍ട്രം പുന്നകൈ' എന്ന പാട്ടും വെച്ച് ചോക്ലേറ്റ ബോയ് മാധവന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ തന്നെ പാട്ടിനെ കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു ഏകദേശ ധാരണ കിട്ടിയിരുന്നു. എ. ആര്‍ റഹ്മാന്റെ രണ്ട് സിനിമകളിലെ പാട്ടുകളായിരുന്നു അന്ന് എല്ലാ ഹിറ്റ് ചാര്‍ട്ടിലും ഒന്നും രണ്ടും സ്ഥാനത്ത്. 'അലൈപായുതേ'യും 'കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേനും' ആദ്യ സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ തന്നെ 'അലൈപായുതേ'യിലെ പാട്ടുകള്‍ അതിലെ വ്യത്യസ്തത കൊണ്ട് മറ്റെല്ലാവരെയും അസ്ഥാനത്താക്കി.




'യാരോ യാരോടി' എന്ന കല്യാണ പാട്ടിലെ സീനുകള്‍ പിന്നീട് മലയാള സിനിമയിലെയും മറ്റ് ചില സംവിധായകര്‍ അതേ പടി പകര്‍ത്താന്‍ പാഴ്ശ്രമം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. 'കാതല്‍ സഡുഗുഡു' പോലെ വള്‍ഗര്‍ അല്ലാതെ എന്നാല്‍ പ്രണയത്തിന്റെ ഉദാത്ത ഭാവം ചോര്‍ന്നു പോകാത്ത വിധം അവതരിപ്പിക്കും വിധം ട്യൂണിടാനും എ. ആര്‍ റഹ്മാന് കഴിഞ്ഞുവെന്ന് അദ്ദേഹത്തിന്റെ എതിര്‍ കക്ഷികള്‍ പോലും സമ്മതിക്കും.

സിനിമയില്‍ ട്രെയിനുകള്‍ ഒാടുമ്പോള്‍ പോലും സംഗീതമുണ്ടോ എന്ന തോന്നും വിധമാണ് അതിലെ സംഗീതത്തെ റഹ്മാന്‍ സൃഷ്ടിച്ചിരിക്കുന്നതും മണി രത്‌നം അതിനെ ഉപയോഗിച്ചിരിക്കുന്നതും. സപ്തംബര്‍ മാതം എന്ന ഐറ്റം സോങ് ഒഴിവാക്കാമായിരുന്നുവെന്ന് അന്ന് ചില സിനിമാ നിരൂപകര്‍ അടക്കം പറഞ്ഞിരുന്നെങ്കിലും മറ്റ് പാട്ടുകളുടെ ഒച്ചത്തിലുള്ള ശബ്ദത്തില്‍ അതെല്ലാം അലിഞ്ഞില്ലാതായി.




ശാലിനിയും മാധവനും


തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞുവെന്ന് ശാലിനി പറഞ്ഞതായുള്ള ഗോസിപ്പും പിന്നെ തിരക്കഥയില്‍ ഉണ്ടായതായി പറയ്‌പ്പെടുന്ന മാറ്റവും ഒഴിച്ചു നിര്‍ത്തിയാല്‍ 'അലൈപായുതേ' എല്ലാം കൊണ്ടും ശാലിനിക്കും മാധവനും മാത്രം അവകാശപ്പെട്ടതാണ്. വളെര കുറച്ച് സിനിമകളില്‍ മാത്രം നായികയായി അഭിനയിച്ചിട്ടുള്ള ശാലിനിക്ക് ഒരു മണി രത്‌നം സിനിമ എന്തു കൊണ്ടും കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. പ്രത്യേകിച്ച് അജിത്തുമായി വിവാഹം അതേ വര്‍ഷം നടക്കുമെന്ന ഗോസിപ്പ് സജീവമായിരിക്കുന്ന കാലത്ത് ( അതേ വര്‍ഷം തന്നെയായിരുന്നു അവരുടെ വിവാഹം.)

എന്നാല്‍ മണി രത്‌നം അവതരിപ്പിക്കുന്ന നായകന്മാരുടെ കാര്യത്തില്‍ ഈ ഗ്യാരണ്ടി ആര്‍ക്കും ഉറപ്പിക്കാനാകുമായിരുന്നില്ല. (റോജ ഫെയിം അരവിന്ദ് സ്വാമി ഉദാഹരണം) പക്ഷെ അന്ന് ചോക്ലേറ്റ് ഹീറോ ആയിരുന്ന മാധവന്‍ ഇപ്പോഴും ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലും സജീവമായിരിക്കുന്നത് അദ്ദേഹത്തിന്റെ കഴിവിന്റെ ഉത്തരം തന്നെയാണ്.


ശക്തിക്കൊപ്പം തന്നെ പ്രാധാന്യമുള്ള ചേച്ചി പൂര്‍ണി, പൂര്‍ണിയുടെ കാമുകന്‍, യശ: ശരീരയായ സുകുമാരി, വിവേക്, കാര്‍ത്തിക്കിന്റെ കൂട്ടുകാര്‍ എന്നിവരും സഹകഥാപാത്രങ്ങളായി ഈ സിനിമയില്‍ നിറഞ്ഞാടുന്നു.











from kerala news edited

via IFTTT