Story Dated: Wednesday, March 11, 2015 09:54
ഇടുക്കി: വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗസ്ഥന്‍ പരിശോധനയുടെ പേരില്‍ നടത്തിയ മാനസിക പീഡനം മൂലം മസ്തിഷ്‌കാഘാതം ബാധിച്ച് വെന്ററിലേറ്ററിലായിരുന്ന അധ്യാപിക മരിച്ചു. കുഞ്ചിത്തണ്ണി ഗവ. ഹൈസ്‌കൂളിലെ ഇ.പി. പുഷ്പലതയാണ് ചൊവ്വാഴ്ച രാത്രി 10.30ഓടെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പരിശോധനയുടെ പേരിലുള്ള മാനസികപീഡനവും ഭീഷണിപ്പെടുത്തലിനെയും തുടര്‍ന്നാണ് മകള്‍ക്ക് ഈ അവസ്ഥയുണ്ടായതെന്നു കാണിച്ച് അധ്യാപികയുടെ അമ്മ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയിരുന്നു.
സ്‌കൂളില്‍ പുതുതായി നിയമിതയായ ക്ലാര്‍ക്കിന് അവധി നല്‍കിയ വിഷയത്തില്‍ ആറിന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍് നടത്തിയ പരിശോധനയാണ് അധ്യാപികയെ അത്യാസന്ന നിലയിലെത്തിച്ചത്. ക്ലാര്‍ക്കായ ജീവനക്കാരി ബിരുദ പരീക്ഷയുമായി ബന്ധപ്പെട്ടാണ് ശമ്പളം ഇല്ലാതെയുള്ള അവധി എടുത്തിരുന്നത്. ഈ യുവതി എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കവേ ആശ്രിത നിയമനത്തിലാണ് സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്നത്. ഇവര്‍ ശമ്പളമായി വാങ്ങിയ തുക മുഴുവനും പ്രധാന അധ്യാപികയായ പുഷ്പലത തിരിച്ചടക്കാന്‍ തയാറാകണമെന്നും ഇല്ലാത്ത പക്ഷം ജോലി പോകുമെന്നും ജയിലില്‍ കിടക്കേണ്ടതായി വരുമെന്നും പരിശോധനക്കെത്തിയ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി സംഭവ സമയം സ്‌കൂളിലുണ്ടായിരുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. ജയന്‍ പറഞ്ഞു.
പരിശോധനാ സമയം അധ്യാപിക കരയുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിശോധനക്കു ശേഷം മടങ്ങിപോകവേ ഫോണിലേക്കു വിളിച്ച ഉദ്യോഗസ്ഥന്‍ അടുത്ത ദിവസം ഡി.ഡി. ഓഫീസില്‍ രേഖകളുമായി ഹാജരാകണമെന്നും, നേരിട്ടു ഹാജരാകാന്‍ കഴിയില്ലെങ്കില്‍ ഭര്‍ത്താവിനെ പറഞ്ഞയക്കണമെന്നും ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ആരോപണവിധേയനായ ഓഫീസര്‍ തന്റെ ഓഫീസിലുള്ളയാളാണെങ്കിലും ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില ജോര്‍ജ് പ്രതികരിച്ചു.
ആരോപണ വിധേയനായ ഉദ്യോഗസ്ഥനടങ്ങുന്ന മൂന്നംഗ സംഘമാണ് ഡി.ഡി ഓഫീസ് നിയന്ത്രിക്കുന്നതെന്ന ആരോപണം നേരത്തെയുളളതാണ്. ചോദ്യം ചെയ്യുന്നവരെ ജാതിപേരു വിളിച്ചുവെന്നാരോപിച്ച് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
from kerala news edited
via IFTTT