Story Dated: Wednesday, March 11, 2015 07:12
അടൂര്‍: നഗരസഭയില്‍ പട്ടികജാതിക്കാര്‍ക്ക് ശ്‌മശാനം നിര്‍മിക്കാന്‍ ഭൂമി വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. അഞ്ചുമാസം മുന്‍പ് വ്യക്‌തി വാങ്ങിയ ഭൂമി നഗരസഭയ്‌ക്ക് മറിച്ചു വിറ്റപ്പോള്‍ ഇരട്ടിയിലധികം രൂപ ലാഭമുണ്ടാക്കിയെന്നും ഇതിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ലോബി കളിച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.
വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍, അതനുസരിച്ച് ഭൂമി വാങ്ങാന്‍ നടപടി സ്വീകരിച്ച നഗരസഭാ ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി. സജിയാണ് വിവരാവകാശ നിയമത്തിലൂടെ പുറത്തു കൊണ്ടുവന്നത്. ഭൂമി വാങ്ങിയതിലൂടെ നഗരസഭയ്‌ക്ക് ലക്ഷങ്ങള്‍ നഷ്‌ടമാക്കി, പട്ടികജാതിക്കാര്‍ക്ക് ശ്‌മശാനത്തിനാണ് ഭൂമിവാങ്ങിയത്, പ്രത്യേക ഘടകപദ്ധതി ഫണ്ടാണ് ഇതിനായി നഷ്‌ടമാക്കിയത്, തഹസില്‍ദാരാണ് വസ്‌തുവിന് വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ഇതില്‍ ക്രമക്കേട് നടന്നുവെന്ന് റവന്യൂ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്, ആര്‍.ഡി.ഒയുടെ വിലനിര്‍ണയത്തില്‍ ഭൂമി വാങ്ങണമെന്ന മുനിസിപ്പല്‍ ചട്ടവും ലംഘിക്കപ്പെട്ടു എന്നിങ്ങനെയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിരീക്ഷണം. 2012 മേയ് 30 ന് കടമ്പനാട് കണിയാകോണത്ത് തെക്കേതില്‍ ശ്രീകലയുടെ കൈയില്‍ നിന്ന് 69 ലക്ഷം രൂപയ്‌ക്കാണ് നഗരസഭ ഒന്നാം വാര്‍ഡിലുള്ള ഭൂമി വാങ്ങിയത്. മേയ് 25 ന് ശ്രീകല ഈ ഭൂമി 34,75,000 രൂപയ്‌ക്കാണ് മറ്റൊരാളില്‍ നിന്ന് വാങ്ങിയത്. അഞ്ചു ദിവസത്തിന് ശേഷമാണ് ഇത് 69 ലക്ഷത്തിന് നഗരസഭയ്‌ക്ക് മറിച്ചു വിറ്റത്.
നഗരസഭ ശ്‌മശാനം നിര്‍മിക്കാന്‍ ഭൂമി തേടുന്നു എന്ന് അറിഞ്ഞതിന് ശേഷമാണ് ശ്രീകല അവിടെ ഭൂമി വാങ്ങിയതും പിന്നീട് അത് മറിച്ചു വിറ്റതും. നഗരസഭയുടെ തീരുമാനം മുന്‍കൂട്ടി അറിയാവുന്നവരും തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നവരും ഭൂമിക്കച്ചവടത്തില്‍ ഇടപെട്ടുവെന്നും റിയല്‍ എസ്‌റ്റേറ്റ് ലോബിയെ സംശയിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. തഹസില്‍ദാര്‍ നല്‍കിയ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് അന്യായവും ക്രമക്കേടുകള്‍ നിറഞ്ഞതും തിടുക്കത്തിലുള്ളതുമായിരുന്നു.
ഇതു പരിശോധിച്ച ശേഷം നഗരസഭാ ചെയര്‍മാന്‍/സെക്രട്ടറിക്ക് ആര്‍.ഡി.ഒയ്‌ക്ക് അപ്പീല്‍ നല്‍കി പുതിയ സര്‍ട്ടിഫിക്കറ്റ് വാങ്ങാമായിരുന്നു. വസ്‌തു അളന്ന് തിട്ടപ്പെടുത്തിയതിന് തെളിവില്ല. താലൂക്ക് സര്‍വേയറുടെ സേവനം ഇതിനായി തേടിയില്ല. അളന്നു ബോധ്യപ്പെടാതെ വസ്‌തു വാങ്ങിയതിലൂടെ പട്ടികജാതി ക്ഷേമത്തേക്കാള്‍ മറ്റു പല താല്‍പര്യങ്ങള്‍ക്കും പ്രധാന്യം നല്‍കിയെന്നും റിപ്പോട്ടിലുണ്ട്. ശ്‌മശാനം നിര്‍മിക്കുന്നത് മിത്രപുരം വാര്‍ഡിലാണ്. അവിടുത്തെ ജനങ്ങള്‍ ശ്‌മശാനത്തിനെതിരേ സമരത്തിലാണ്.
ജനസാന്ദ്രത ഏറെയുള്ള പ്രദേശത്ത് ശ്‌മശാനം നിര്‍മിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതില്‍ ഈ പദ്‌ധതി ജനകീയമല്ല, മറിച്ച് അടിച്ചേല്‍പ്പിച്ചതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂമി ആവശ്യപ്പെട്ട് നഗരസഭ പരസ്യം നല്‍കിയില്ല. ലക്ഷങ്ങളുടെ പദ്ധതിയായിട്ടും ഭൂമി ആവശ്യപ്പെട്ട് വ്യാപകപ്രചാരണം നടത്തിയില്ല. ഇതൊന്നുമില്ലാതിരുന്നിട്ടും നഗരസഭാ വാസിയല്ലാത്ത വസ്‌തു ഉടമയ്‌ക്ക് താലപര്യ പത്രം നല്‍കാന്‍ കഴിഞ്ഞുവെന്നത് പദ്ധതിയില്‍ ബാഹ്യശക്‌തികളുടെ ഇടപെടല്‍ ഉണ്ടായി എന്നതിന് തെളിവാണ്.
അതിനാല്‍ പദ്ധതിക്ക് പലപ്പോഴായി ചെലവഴിച്ച 72,95,874 രൂപ ഓഡിറ്റില്‍ തടസപ്പെടുത്തുന്നതായി ലോക്കല്‍ഫണ്ട് സീനിയര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ വി.എന്‍. മോഹനന്‍ പിള്ള തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ നഗരസഭാ ചെയര്‍മാന്‍ രാജിവയ്‌ക്കണമെന്ന് ഡി. സജി ആവശ്യപ്പെട്ടു.
from kerala news edited
via IFTTT