Story Dated: Wednesday, March 11, 2015 07:34
അഹമ്മദാബാദ്: ലോകത്തിലെ ആദ്യ സൗരോര്‍ജവിമാനം സോളാര്‍ ഇമ്പള്‍സ്-2 നടത്തുന്ന ലോകപര്യടനത്തിന്റെ രണ്ടാം ഘട്ടവും വിജയം. ഒമാന്‍ തലസ്‌ഥാനമായ മസ്‌കറ്റില്‍ നിന്ന് രണ്ടാം ഘട്ട യാത്ര ആരംഭിച്ച വിമാനം ചൊവ്വാഴ്‌ച രാത്രി 11:25 ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.
അറബിക്കടലിനു മുകളിലൂടെ 1,465 കിലോമീറ്റര്‍ താണ്ടിയാണ് ഒരു തുളളി ഇന്ധനം പോലും ഉപയോഗിക്കാതെ സോളാര്‍ ഇമ്പള്‍സ് എത്തിയത്. വേഗത അല്‍പ്പം കുറവായ വിമാനം പക്ഷേ 15 മണിക്കൂറിലധികം യാത്രയ്‌ക്കെടുത്തു.
വിമാനം നാല് ദിവസത്തോളം അഹമ്മദാബാദിലുണ്ടാവും. ഞായറാഴ്‌ച വാരണാസിയിലേക്ക് പോകുന്ന വിമാനം അവിടെ നിന്ന് മ്യാന്‍മറിലേക്ക് പോകും. അഞ്ച് മാസം കൊണ്ട് ലോകപര്യടനം പൂര്‍ത്തിയാക്കാനാണ് സോളാര്‍ ഇമ്പള്‍സ് ടീമിന്റെ ലക്ഷ്യം. ചൈനയിലെ നാന്‍ജിങ്ങില്‍ നിന്ന് ഹവായിലേക്കുളള പറക്കലായിരിക്കും ഏറ്റവും ദൈര്‍ഘ്യമേറിയത്. അഞ്ച് പകലും രാത്രിയും നീളുന്ന 8,500 കി.മീ. യാത്രയായിരിക്കും സോളാര്‍ ഇമ്പള്‍സിന്റെ മുന്നിലുളള ഏറ്റവും വലിയ വെല്ലുവിളി.
സിംഗിള്‍ സീറ്റര്‍ സ്വിസ് വിമാനത്തിന്റെ ചിറകുകള്‍ ജമ്പോ ജെറ്റിന്റേതിനെക്കാള്‍ വലുതാണ്. എന്നാല്‍ ഒരു ചെറു കാറിന്റെ ഭാരം മാത്രമാണിതിനുളളത്. വിമാനത്തിന്റെ ചിറകുകളിലാണ് സോളാര്‍ പാനലുകള്‍ സ്‌ഥാപിച്ചിരിക്കുന്നത്.
from kerala news edited
via IFTTT