Story Dated: Wednesday, March 11, 2015 07:12
കൊടുമണ്‍: മൃഗാശുപത്രിയുടെ കീഴിലുള്ള സബ് സെന്ററിന്റെ സേവനം നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി. സ്‌ഥാപനം തുറക്കുന്നതും അടയ്‌ക്കുന്നതും സമീപത്തെ ചില കടക്കാര്‍. അങ്ങാടിക്കല്‍ വടക്ക് ഒറ്റത്തേക്ക് ജംഗ്‌ഷനിലെ പഞ്ചായത്ത് സ്‌റ്റാളില്‍ പ്രവര്‍ത്തിക്കുന്ന സബ് സെന്ററിന്റെ നടത്തിപ്പു ചുമതലയാണ് സമീപത്തെ ചില കടക്കാരെ ഏല്‍പ്പിച്ചിരിക്കുന്നതായി ആക്ഷേപമുള്ളത്. രണ്ട് ജീവനക്കാരുള്ള ഇവിടെ ചില ദിവസങ്ങളില്‍ ജീവനക്കാരി എത്താറില്ല.
സ്‌ഥാപനം രാവിലെ തുറക്കുമെങ്കിലും രണ്ടുമണിക്കൂര്‍ ഇരുന്നശേഷം ഇവര്‍ തിരിച്ചുപോകും. പുരുഷ ജീവനക്കാരന്‍ ഇങ്ങോട്ട് വരാറേയില്ല. എല്ലാ ദിവസവും വൈകിട്ട് സബ് സെന്റര്‍ അടയ്‌ക്കുന്നത് സമീപത്തെ കടയിലുള്ളവരാണ്. രാവിലെ ഒമ്പതു മുതല്‍ അഞ്ചു വരെയാണ് സബ് സെന്റര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത് ബോര്‍ഡില്‍ എഴുതിവച്ചിട്ടുമുണ്ട്. എന്നാല്‍ ഇത് പാലിക്കാറില്ലെന്നുമാത്രം.
ഇന്നലെ രാവിലെ സമീപത്തെ ക്ഷീരകര്‍ഷകന്‍ രോഗം ബാധിച്ച പശുവിന് ചികിത്സതേടി എത്തിയപ്പോള്‍ സബ് സെന്ററില്‍ ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല. ഓഫീസ് തുറന്നിട്ടിരുന്നു. ഭിത്തിയില്‍ കണ്ട നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നതുമില്ല. ജിവനക്കാര്‍ എത്തുമെന്ന പ്രതീക്ഷയില്‍ ക്ഷീര കര്‍ഷകന്‍ സബ് സെന്ററിലിരുന്നു.
ഇതിനിടയില്‍ സമീപത്തെ കടക്കാര്‍ സബ് സെന്റര്‍ അടയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകന്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് കടക്കാര്‍ ജീവനക്കാരനെ വിളിച്ചുവരുത്തി. രാത്രി ഏഴുമണിയോടെ ഇയാള്‍ എത്തി ക്ഷീരകര്‍ഷകനോടും നാട്ടുകാരോടും തട്ടിക്കയറിയതായും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകന്‍ കൊടുമണ്‍ പോലീസില്‍ പരാതി നല്‍കി.
from kerala news edited
via IFTTT