Story Dated: Wednesday, March 11, 2015 07:53
ചങ്ങനാശേരി : ഫാത്തിമാപുരം ഡംപിംഗ് യാര്‍ഡിനും എസ്.എന്‍.ഡി.പി സാംബവമഹാസഭ ശ്‌മശാനങ്ങള്‍ക്കും സമീപത്തുള്ള മൊബൈല്‍ ഫോണ്‍ ടവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ജനകീയ പ്രക്ഷോഭണസമിതി ആവശ്യപ്പെട്ടു. മനുഷ്യജീവന് ആപത്തുണ്ടാകുന്ന റേഡിയേഷന്‍ വികിരണപ്രസരണം ഏറ്റവും കൂടുതല്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള ഹൈപവര്‍ മൊബൈല്‍ ടവറാണ് നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് നിര്‍മ്മാണത്തിനൊരുങ്ങുന്നത്.
സമീപവാസികളുടെ ആരുടെയും സമ്മതം വാങ്ങാതെ സ്വകാര്യസ്‌ഥല ഉടമയായ വ്യക്‌തിയുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്‌ഥാനത്തില്‍ രാത്രികാലങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാലിന്യനിര്‍മ്മാര്‍ജ്‌ജനവുമായി ബന്ധപ്പെട്ട ഫാക്‌ടറി നിര്‍മ്മാണമാണെന്നാണ് സാധാരണക്കാരെ ഇവര്‍ ധരിപ്പിച്ചിരിക്കുന്നത്. ടവര്‍ സ്‌ഥാപിക്കുവാനുള്ള അടിത്തറ പണി പൂര്‍ത്തിയായികഴിഞ്ഞു. നഗരസഭാ പ്രദേശത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 9,10,11,16 വാര്‍ഡുകളിലെ കുടുംബങ്ങളെയാണ് ടവര്‍ നിര്‍മ്മാണത്തോടെ ദോഷകരമായി ബാധിക്കുന്നത്.
കുന്നക്കാട് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയപ്രതിരോധ സമിതിയോഗ തീരുമാനപ്രകാരം 300 പേര്‍ ഒപ്പിട്ടു നിവേദനം അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. നിവേദനത്തെതുടര്‍ന്ന് ടവര്‍നിര്‍മ്മാണം നിര്‍ത്തിവെച്ചില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് പ്രക്ഷോഭപരിപാടികളുമായി മുന്‍പോട്ടുപോകുവാനും നിരാഹാരസമരമടക്കം ജീവന്മരണപോരാട്ടവുമായി പ്രതിഷേധിക്കുവാനും യോഗം തീരുമാനിച്ചു. ഈ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യസുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നഗരസഭയോടും സര്‍ക്കാരിനോടും യോഗം അഭ്യര്‍ത്ഥിച്ചു.
കുന്നക്കാട് സംരക്ഷണസമിതി പ്രസിഡന്റ് അഡ്വ. മുജീബ് റഹിമാന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗത്തില്‍ വാര്‍ഡു കൗണ്‍സിലര്‍മാരായ മാത്യൂസ് ജോര്‍ജ്, കെ. സുരേഷ്, മോളമ്മ സെബാസ്‌റ്റ്യന്‍, സുജാതാ രാജു, മുന്‍ കൗണ്‍സിലര്‍ ആനിയമ്മ ജോസഫ്, ജനറല്‍ കണ്‍വീനര്‍ അന്‍സാരി മീരാഞ്ചിപറമ്പില്‍, ട്രഷറര്‍ പാപ്പച്ചന്‍ വെട്ടം, ജി.സുഗതന്‍, രഘുനാഥ് നാരായണന്‍, പി.സി വാവ, കെ.കെ ശശി, പി.സി ബഷീര്‍, സലിം ലാക്കുളത്ത്, ബിജു അബാബീല്‍, കെ.സി രമേശന്‍, ഒ.ജി ആനന്ദന്‍, പെണ്ണമ്മ നടരാജന്‍, ഒ.എം ബഷീര്‍, ജലീല്‍ എം. ബഷീര്‍, കെ.എസ് ഷാജുദ്ദീന്‍, മഹേഷ് കെ. മാത്യു, അല്‍ത്താഫ് ഹസ്സന്‍, സുനി വയലില്‍, അബ്‌ദുള്‍ നജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു
from kerala news edited
via IFTTT