Story Dated: Wednesday, March 11, 2015 03:21
കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പിലാക്കാനാവാതെ നീട്ടിവച്ച സ്‌പില്‍ ഓവര്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കോര്‍പറേഷന്‍ വക മരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള കാലാവധി നീട്ടണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള കാലാവധി മെയ് 31 വരെ ദീര്‍ഘിപ്പിക്കണമെന്നു സര്‍ക്കാറിനോട് അഭ്യര്‍ഥിക്കാന്‍ യോഗം തീരുമാനിച്ചു.
നഗരസഭ നടപ്പിലാക്കേണ്ട പല പ്രവൃത്തികളും തുടങ്ങിക്കഴിഞ്ഞ് പൂര്‍ത്തീകരിക്കാനാവാത്ത സ്‌ഥിതിയിലാണുള്ളതെന്നു മരാമത്ത് സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മോഹനന്‍ കൗണ്‍സിലില്‍ അറിയിച്ചു. ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതും നിര്‍വഹണത്തിലെ പ്രശ്‌നങ്ങളും കാരണം പല പദ്ധതികളും അനിശ്‌ചതത്വത്തിലാണ്. ആകെ പദ്ധതി പ്രവൃത്തികള്‍ പരിഗണിക്കുമ്പോള്‍ ഫണ്ട് വിനിയോഗം നാല്‍പത് ശതമാനമാണെങ്കിലും സ്‌പില്‍ ഓവര്‍ പദ്ധതികളില്‍ തൊണ്ണൂറ് ശതമാനത്തോളം ചെലവഴിക്കാന്‍ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. മരാമത്ത് പദ്ധതികളില്‍ ജനറല്‍ വിഭാഗത്തില്‍ ലഭിച്ച ഫണ്ടിന്റെ 32 ശതമാനം മാത്രമാണു ചെലവഴിച്ചതെന്നും റോഡിതര മരാമത്ത് പ്രവൃത്തിക്കുള്ള ഫണ്ടില്‍ 28 ശതമാനമാണു വിനിയോഗിച്ചതെന്നും ഡെപ്യൂട്ടിമേയര്‍ പ്ര?ഫ. പി ടി അബ്‌ദുള്‍ ലത്തീഫ് അറിയിച്ചു.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നു പ്രതിപക്ഷ ഉപനേതാവ് എം.ടി പത്മ ആവശ്യപ്പെട്ടു. നഗരവികസനത്തിനായി അനുവദിക്കപ്പെടുന്ന തുകയില്‍ നാല്‍പതു ശതമാനം പോലും വിനിയോഗിക്കാത്ത അപമാനകരമായ അവസ്‌ഥ ഇല്ലാതാക്കണമെന്നു സക്കറിയ പി ഹുസൈന്‍ ആവശ്യപ്പെട്ടു. പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത പ്രവൃത്തികളുടെ ഭാരം സി.ഡി എ.യുടെ മറ്റ് ഏജന്‍സികളെയോ മുകളില്‍ ചാരേണ്ടതില്ലെന്നും നഗരസഭ പദ്ധതി പൂര്‍ത്തീകരണത്തിന് സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും പി.കിഷന്‍ചന്ദ് പറഞ്ഞു.
from kerala news edited
via IFTTT