121

Powered By Blogger

Thursday, 4 December 2014

1500 കോടി മുടക്കി ജോയ് ആലുക്കാസ് 30 ഷോറൂമുകള്‍ തുറക്കും







1500 കോടി മുടക്കി ജോയ് ആലുക്കാസ് 30 ഷോറൂമുകള്‍ തുറക്കും


കൊച്ചി: തൃശ്ശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തും പുറത്തുമായി പുതിയ 30 ഷോറൂമുകള്‍ തുറക്കും. 1500 കോടി രൂപയാണ് ഈ ഷോറൂമുകള്‍ക്കായി ഗ്രൂപ്പ് മുതല്‍മുടക്കുന്നത്.

ഇന്ത്യയില്‍ 20 ഉം യൂറോപ്പ്, യുഎസ്, ശ്രീലങ്ക എന്നിവിടങ്ങളിലായി 10 സ്റ്റോറുകളുമാണ് തുറക്കുന്നതെന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 50 കോടി രൂപ മുതല്‍മുടക്കിയാണ് ഓരോ ഷോറൂമുകളും തുടങ്ങുന്നത്. റീട്ടെയില്‍ ഷോപ്പുകള്‍ക്ക് കൂടുതല്‍ നിക്ഷേപം ആവശ്യമായിവരികയാണെങ്കില്‍ പ്രൈവറ്റ് ഇക്വിറ്റി വഴി പണം സമാഹരിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതിയെന്ന് ചെയര്‍മാന്‍ പറഞ്ഞു.


ജോയ് ആലുക്കാസിന് ഇന്ത്യയില്‍ 51 ഉം വിദേശത്ത് 44 ഷോറൂമുകളുമാണ് നിലവിലുള്ളത്. ലണ്ടന്‍, സിംഗപ്പൂര്‍, യുഎഇ, സൗദി, ബഹറൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്.


തൃശ്ശൂര്‍ ആസ്ഥാനമായുള്ള മറ്റൊരു ജ്വല്ലറി ശൃംഖലയായ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ അടുത്തകാലത്താണ് അമേരിക്കയിലെ ഓഹരി സ്ഥാപനമായ വാര്‍ബര്‍ഗ് പിങ്ക്‌സ് 1,200 കോടി രൂപയുടെ മുതല്‍മുടക്കാന്‍ തീരുമാനിച്ചത്.


ഭാവിയിലെ വളര്‍ച്ചാസാധ്യത കണക്കിലെടുത്താണ് വികസന പദ്ധതികളുമായി ജ്വല്ലറി ഗ്രൂപ്പുകള്‍ മുന്നോട്ടുപോകുന്നത്. 2018 ഓടെ രാജ്യത്തെ ജ്വല്ലറി വ്യവസായം 5.3 ലക്ഷം കോടി രൂപയുടേതാകുമെന്ന് ഫിക്കിയുടെ റിപ്പോര്‍ട്ട് പറയുന്നു. 2003ല്‍ ഇത് 2.51 ലക്ഷം കോടിയുടേതായിരുന്നു.











from kerala news edited

via IFTTT