Story Dated: Thursday, December 4, 2014 01:47
തിരുവനന്തപുരം: ഡോക്‌ടറേറ്റ് നേടിയ ശേഷം മനോനില തെറ്റി അലഞ്ഞു തിരിഞ്ഞു നടന്ന യുവാവിനെ മെഡിക്കല്‍കോളജ് ജനമൈത്രി പോലീസ് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വീട്ടുകാരെ കണ്ടെത്തി ഏല്‍പ്പിച്ചു.
മാനസിക രോഗം മൂര്‍ഛിച്ച് പേരുപോലും പറയാന്‍ ശേഷിയില്ലാത്ത മെഡിക്കല്‍കോളജ് പി.ജി. സ്‌റ്റുഡന്റ്‌സ് ഹോസ്‌റ്റലിലെ ഒരു മുറിയില്‍ കയറിയിരുന്ന ഈ യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് ആദ്യം സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ ദേഹപരിശോധനയില്‍ ബാംഗ്ലൂരില്‍ പിഎച്ച്.ഡി. പഠിച്ച കോളജിലെ ഐഡന്റിറ്റി കാര്‍ഡ് കിട്ടി. അതില്‍ നിന്ന് പേര് രംഗനാഥന്‍ (32) ആണെന്ന് പിടികിട്ടി. പോലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി ഇംഗ്ലീഷിലാണ് പറഞ്ഞിരുന്നത്. ഉടന്‍ തന്നെ പോലീസ് ഇയാളെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സക്കു വിധേയനാക്കി.
തുടര്‍ന്ന് പോലീസ് ഇയാളെ മെഡിക്കല്‍കോളജ് സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് സി.ഐ. ഷീന്‍ തറയില്‍, എസ്.ഐ. കെ. വിക്രമന്‍, എ.എസ്.ഐ. സലിം എസ്.സി.പി.ഒ. നജീബ് എന്നിവര്‍ ഇയാളോട് കാര്യങ്ങള്‍ തിരക്കി. തുടര്‍ന്ന് ഏതെങ്കിലും ഫോണ്‍ നമ്പര്‍ പറയാന്‍ പറഞ്ഞു. പോലീസ് പലവട്ടം നിര്‍ബന്ധം പിടിച്ചപ്പോള്‍ ഇയാള്‍ ഒരു ഫോണ്‍ നമ്പര്‍ പറഞ്ഞു. അത് തെറ്റായിരുന്നെങ്കിലും തമിഴ്‌നാട്ടിലെ കോഡുള്ള ഫോണ്‍ നമ്പറാണെന്ന് പോലീസ് കണ്ടെത്തി. പോലീസ് രംഗനാഥന്‍ നല്‍കിയ നമ്പരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പല നമ്പറിലും മാറി മാറി വിളിച്ചു പരീക്ഷിച്ചു. ഒരു നമ്പരില്‍ ഇയാളുടെ സഹോദരി പൂങ്കൊടിയെ കിട്ടി. പിന്നെ കാര്യങ്ങള്‍ വേഗത്തിലായി.
കഴിഞ്ഞ മൂന്നുമാസമായി കോയമ്പത്തൂര്‍ പെരിയനായ്‌ക്കല്‍ പുതുപാളം സ്‌ട്രീറ്റില്‍ വീട് വിട്ടിറങ്ങിയ ഇയാളെ കുടുംബാംഗങ്ങള്‍ അന്വേഷിച്ച് മടുത്തു കഴിയുമ്പോഴാണ് സാന്ത്വനമായി മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനിലെ വിളി വന്നത്. കഴിഞ്ഞ ദിവസം അമ്മ കല്യാണിയുമൊത്ത് സഹോദരി പൂങ്കൊടിയും ഭര്‍ത്താവുമെത്തി ഇയാളെ നിറകണ്ണീരോടെ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കൂട്ടിക്കൊണ്ടുപോയി.
from kerala news edited
via IFTTT