121

Powered By Blogger

Thursday, 4 December 2014

യു.എസ്. കോണ്‍സുലേറ്റ് വിസ നിബന്ധനകളില്‍ ഇളവ് ഏര്‍പ്പെടുത്തുന്നു








ചെന്നൈ : അമേരിക്ക യാത്രയ്ക്ക് ആവശ്യമായ വിസ നിബന്ധനകളില്‍ യു.എസ്. കോണ്‍സുലേറ്റ് ഇളവ് ഏര്‍പ്പെടുത്തുന്നു. നേരത്തെ വിസ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കുമ്പോള്‍ അഭിമുഖത്തിനു ഹാജരാകണമെന്നുള്ള നിബന്ധനയാണ് കോണ്‍സുലേറ്റ് പ്രധാനമായും ഒഴിവാക്കുന്നത്. 14 വയസില്‍ താഴെയുള്ള കുട്ടികളെയും 80 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരെയും അഭിമുഖത്തിനു നേരിട്ട് ഹാജരാകുന്നതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.


വിസ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനും ജനങ്ങള്‍ക്കുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണു യു.എസ്. കോണ്‍സുലേറ്റ് പ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് ചെന്നൈ കോണ്‍സുലര്‍ ചീഫ് ലോറന്‍സ് മയ്ര്‍ പറഞ്ഞു. 2008 ജനവരി ഒന്നിനു ശേഷം വീസ ലഭിച്ചിട്ടുള്ളവര്‍ വീണ്ടും വീസയ്ക്കു ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.


തിരക്കുള്ള സീസണില്‍ യാത്ര ഒഴിവാക്കി വീസക്കു അപേക്ഷ നല്‍കാവുന്നതാണ്. വീസ അഭിമുഖത്തിനു അനുവദിച്ചിരിക്കുന്ന സമയത്തിനു 15 മിനിറ്റ് നേരത്തെ മാത്രം ചെന്നൈയിലെ കോണ്‍സുലേറ്റില്‍ എത്തിയാല്‍ മതിയാകുമെന്നും ലോറന്‍സ് മെയ് ര്‍ പറഞ്ഞു.


മലയാളികള്‍ ഉള്‍പ്പെടെ 1,100 പേരെയാണ് ചെന്നൈ കോണ്‍സുലേറ്റില്‍ ഒരു ദിവസം വിസാ അഭിമുഖം നടത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍1, എച്ച് 1ബി വിസാകള്‍ക്കുള്ള അപേക്ഷ ലഭിക്കുന്ന കോണ്‍സുലേറ്റ് ചെന്നൈയിലേതാണ്. ചെന്നൈ കോണ്‍സുലേറ്റില്‍ 30 മിനിറ്റിനുള്ളില്‍ വിസ നടപടി പൂര്‍ത്തിയാക്കാറുണ്ട്. അഭിമുഖം കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ 95 ശതമാനം പേര്‍ക്കും വിസ അനുവദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചെന്നൈ യു.എസ്. കോണ്‍സുലേറ്റില്‍ നിന്ന് 21,000 സ്റ്റുഡന്റ് വിസ അനുവദിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 43 ശതമാനം കൂടുതലാണിത്. എട്ടു ശതമാനം വര്‍ധനയോടെ 40,000 എച്ച്.വണ്‍ ബി വിസ അനുവദിച്ചു. അഭിമുഖത്തിന് ഇളവ് അനുവദിച്ചതിന്റെ പ്രയോജനം 13,500 പേര്‍ക്ക് ലഭിച്ചു. 2.42 ലക്ഷം നോണ്‍ എമിഗ്രന്റ് വിസ അപേക്ഷകള്‍ ഇക്കാലയളവില്‍ ചെന്നൈ കോണ്‍സുലേറ്റ് പരിഗണിച്ചു.


നോണ്‍ എമിഗ്രന്റ് വിസ അപേക്ഷകളുടെ എണ്ണത്തിലും 13 ശതമാനം വര്‍ധനയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം വിദ്യാര്‍ഥികള്‍ അമേരിക്കയിലെ വിവിധ സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്തുന്നുണ്ട്. കൂടാതെ 50 ലക്ഷം ഇന്ത്യയ്ക്കാര്‍ ഒരു വര്‍ഷം വിനോദസഞ്ചാരത്തിനായി അമേരിക്ക സന്ദര്‍ശിക്കാറുണ്ടെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.











from kerala news edited

via IFTTT