മലയാളത്തില്‍ ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടി ചലച്ചിത്ര സംവിധായകനാകുന്നു. പൃഥ്വിരാജിനെ നായകനാക്കി പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടക്കല്‍ ഒരുക്കുന്ന ചിത്രമാണ് ദി ബ്യൂട്ടിഫുള്‍ ഗെയിം. ബെസ്റ്റ് ആക്ടറിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ടിനും ക്രിക്കറ്റ് ആവേശത്തെ സിനിമയാക്കിയ 1983 യിലൂടെ എബ്രിഡ് ഷൈന് ശേഷം ഫുട്‌ബോള്‍ ആവേശത്തിന്റെ കഥയാണ് ജമേഷ് പറയാന്‍ ഒരുങ്ങുന്നത്. നവാഗതനായ അജയ്കുമാര്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ ചിത്രത്തില്‍ ഒരു ലബനന്‍ മോഡല്‍ ആയിരിക്കും നായിക.
അടുത്തവര്‍ഷം മലപ്പുറം ജില്ലയിലെ അരീക്കോടായിരിക്കും ചിത്രീകരണം. മലബാറിന്റെയും, പ്രത്യേകിച്ച് മലപ്പുറത്തിന്റെയും ഫുട്‌ബോള്‍ ആവേശത്തിന്റെ കഥപറയുന്ന സിനിമയില്‍ പൃഥ്വിരാജിനോടൊപ്പം മാമുക്കോയയും, മലയാളത്തിലെ പ്രമുഖ താരങ്ങളും, കേരളത്തിന്റെ പഴയകാല ഫുട്‌ബോള്‍താരങ്ങളും, ആഫ്രിക്കന്‍ഫുട്‌ബോള്‍ താരങ്ങളും അഭിനയിക്കുന്നു.
ചിത്രത്തിലെ രണ്ട് യൂത്ത് ഫുട്‌ബോള്‍ ടീമുകളെ കേരളത്തിലെ സര്‍വകലാശാലകളെയും, കോളേജ് ടീമുകളെയും, ഗ്രാമീണ ഫുട്‌ബോള്‍ ക്ലബ്ബുകളെയും അടിസ്ഥാനമാക്കി നടത്തുന്ന ഓഡീഷനിലൂടെ കണ്ടെത്തും. ഇതിന് കേരളത്തിലെ പ്രഗത്ഭ ഫുട്‌ബോള്‍ പരിശീലകരും താരങ്ങളും നേതൃത്വം നല്‍കും.
ഇതില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഏഴുദിവസത്തെ ശില്‍പശാലയിലൂടെ സിനിമയെ പരിചയപ്പെടുത്തും. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് സൈമണും രാജേഷ് ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
from kerala news edited
via IFTTT