121

Powered By Blogger

Thursday, 4 December 2014

ഇന്ത്യ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം








ഇന്ത്യ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം


Posted on: 05 Dec 2014


അബുദാബി: ഇന്ത്യ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം യു.എ.ഇ. സാംസ്‌കാരിക യുവജനക്ഷേമ സാമൂഹിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു.

സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം, ലുലു ഗ്രൂപ്പ് എം.ഡി. യൂസഫലി എം.എ., എസ്.എഫ്.സി. ഗ്രൂപ്പ് എം.ഡി. കെ. മുരളീധരന്‍, താഹ മെഡിക്കല്‍ സെന്റര്‍ എം.ഡി. പി.എസ്. താഹ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ആര്‍. വിനോദ് സ്വാഗതം പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായൊരുക്കിയ ആഘോഷനഗരിയില്‍ ഉദ്ഘാടനദിവസം ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. അബുദാബിയിലെ ഔദ്യോഗിക, അനൗദ്യോഗിക സംഘടനകളൊരുക്കിയ ഭക്ഷണസ്റ്റാളുകളും ബിസിനസ്, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളൊരുക്കിയ വ്യത്യസ്ത സ്റ്റാളുകളും മേളയെ ഏറെ സമ്പുഷ്ടമാക്കി. ഒരു മിനി ഗ്ലോബല്‍ വില്ലേജ് ശൈലിയിലാണ് ഇന്ത്യ ഫെസ്റ്റ് വേദി ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തെയ്യം കലാകാരന്മാര്‍ ഒരുക്കിയ തത്സമയ തെയ്യം മുഖത്തെഴുത്ത് മേളയിലെ പ്രധാന ആകര്‍ഷണമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രവാസികള്‍ക്ക് അനുഷ്ഠാന കലകളും മുഖത്തെഴുത്തുമെല്ലാം ഏറെ വ്യത്യസ്തമായ കാഴ്ചയായി.

മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ എത്തിയ മജീഷ്യന്മാരും അവരുടെ തനത് തെരുവ് മാജിക് പ്രകടനങ്ങളുമെല്ലാം ആവേശകരമായ അനുഭവങ്ങളായി. ഇന്ത്യന്‍ മാജിക്കിന്റെ മാത്രം സ്വന്തമായ 'ഗ്രീന്‍ മാംഗോ ട്രിക്കുമായി' ഷംസുദ്ദീന്‍ ചെര്‍പ്പുളശ്ശേരിയും യുവ മാന്ത്രികനായ മകന്‍ മുസ്തഫയും കാണികളെ അദ്ഭുതപ്പെടുത്തി. ഒപ്പം വ്യത്യസ്തമായ 'ഷാഡോ പ്ലേ'യുമായി പ്രഹ്ലാദ് ആചാര്യ കാണികളെ ദേശസ്‌നേഹത്തിലേക്കും കോമഡി മാജിക്കുമായി യോന സന്ദര്‍ശക മനസ്സിനെ ഫലിതചിന്തകളിലേക്കും കൊണ്ടെത്തിച്ചു. ഗാനമേളകളാസ്വദിച്ച് സ്റ്റാളുകളിലെ രുചിവൈവിധ്യങ്ങളും നുകര്‍ന്ന് നടക്കുന്ന കുട്ടികളും മുതിര്‍ന്നവരുമെല്ലാം മേളയ്ക്ക് ഹരംപകരുന്ന കാഴ്ചയായി.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി പ്രത്യേകം സംവിധാനങ്ങളൊരുക്കിയത് ദൂരെ നിന്നെത്തിയവര്‍ക്കും ഏറെ പ്രയോജനപ്രദമായി. പത്ത് ദിര്‍ഹത്തിന്റെ പ്രവേശന കൂപ്പണുകള്‍ വാങ്ങി മേള ആസ്വദിക്കുന്നതോടൊപ്പം പ്യൂഷൊ കാറടക്കമുള്ള സമ്മാനങ്ങള്‍ നേടാനും ഇതിലൂടെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അവസരമൊരുക്കുന്നു.











from kerala news edited

via IFTTT