Story Dated: Thursday, December 4, 2014 08:12
തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന പദ്ധതി കേരളത്തിന്റെ സമ്മതമില്ലാതെ നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്‌തമാക്കി. 100 കോടി രൂപ മുതല്‍ മുടക്കുവരുന്ന പദ്ധതിയാണ് കേന്ദ്രം ആവിഷ്‌ക്കരിച്ചത്. ഇന്ത്യയിലെ മുപ്പതിലധികം നദികളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.
എന്നാല്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ്, ഡവലപ്‌മെന്റ് ആന്‍ഡ് മാനേജുമെന്റ് എന്നിവ നടത്തിയ പഠനത്തില്‍ പമ്പയിലും അച്ചന്‍കോവിലിലും അധിക ജലമില്ലെന്നും 2050ല്‍ ഇവിടെ രൂക്ഷമായ ജലക്ഷാമം ഉണ്ടാകുമെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി മുമ്പാകെ കേരളം ഹാജരാക്കി. കേന്ദ്രത്തിന്റെ പുതിയ പദ്ധതി നടപ്പിലായാല്‍ മദ്ധ്യ തിരുവിതാംകൂറിലെ പരിസ്‌ഥിതി സന്തുലിതാവസ്‌ഥയെ പ്രതികൂലമായി ബാധിക്കും. 2004 ഹെക്‌ടര്‍ ഭൂമിയാണ് പദ്ധതിമൂലം വെള്ളത്തിനടിയിലാവുക. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയെ കുടിവെള്ളക്ഷാമം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ബാധിക്കും.
ഇത്തരം പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടി കേരള നിയമസഭയുടെ ആറാം സമ്മേളനം പമ്പ-അച്ചകോവിലാര്‍-വൈപ്പാര്‍ പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാത്യൂ ടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
from kerala news edited
via IFTTT