Story Dated: Thursday, December 4, 2014 01:47
തിരുവനന്തപുരം: വികലാംഗനായ വൃദ്ധനില്‍ നിന്നും 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിരുതനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ ലക്ഷംവീട് കോളനിയില്‍ സോമനാണ് പോലീസിന്റെ പിടിയിലായത്.
പട്ടം പ്ലാമൂട് സ്വദേശി റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന് ടി.എന്‍. മത്തായിയാണ് ഇയാളുടെ കബളിപ്പിക്കലിന് ഇരയായത്. തമിഴ്നാട്ടിലെ ഒരു സ്ഥലത്ത് വര്‍ഷങ്ങളോളം പഴക്കമുള്ള പെട്രോമാക്സ് ലൈറ്റ് ഉണ്ടെന്നും അതില്‍ കോടികള്‍ വിലപിടിപ്പുള്ള ഇറഡിയം ലോഹം അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ് മത്തായിയെ അതുവാങ്ങാന്‍ നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നു.
നിര്‍ബന്ധത്തിന് വഴങ്ങി മത്തായി പലതവണകളായി 30 ലക്ഷത്തോളം രൂപ പ്രതിക്ക് കൊടുത്തു. തുടര്‍ന്ന് മലപ്പുറത്തുള്ള ഒരു ആക്രിക്കടയില്‍ നിന്നും പഴക്കംചെന്ന ഒരു പെട്രോമാക്സ് ലൈറ്റ് വാങ്ങുകയും ഇതിന് മൂന്നു കോടിയോളം രൂപ വിലവരുമെന്നും മത്തായിയെ വിശ്വസിപ്പിക്കുന്നതിനായി ചില പൊടിക്കൈകള്‍ കാണിക്കുകയും ചെയ്തു. ഇതു വില്‍ക്കുന്നതിനായി പ്രതി, മത്തായിയെയും കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു. വില്ക്കാന് കഴിയാതെ വന്നപ്പോള്‍ പരാതിക്കാരന് സംശയംതോന്നി പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് അനേ്വഷണം ഊര്‍ജിതമാക്കി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
റൈസ് പുള്ളര്‍ എന്ന പേരില്‍ മുമ്പ് ഇതിനു സമാനമായ തട്ടിപ്പുകള്‍ നടത്തിയ പ്രതികളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും സമാനമായ നിരവധി തട്ടിപ്പുരീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും നിരവധിപേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവര്‍ ഉടന്‍തന്നെ പിടിയിലാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ റെജി ജേക്കബ്, മ്യൂസിയം സി.ഐ. അജിത്കുമാര്‍, എസ്.ഐമാരായ സജിശങ്കര്‍, ദിലീപ്, ഷാഡോ ടീം അംഗങ്ങളായ യശോധരന്, അരുണ്‍കുമാര്‍, സാബു, സജീശ്രീകാന്ത്, വിനീഷ്, അജിത് എന്നിവരാണ് അനേ്വഷണത്തിന് നേതൃത്വം നല്‍കിയത്.
from kerala news edited
via IFTTT