കൃഷ്ണയ്യരെ അനുസ്മരിച്ച് മലയാളി സമൂഹം
Posted on: 05 Dec 2014
അബുദാബി: നീതിയുടെ കാവലാളായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിയോഗം പ്രവാസിലോകത്തും ദുഃഖം പടര്‍ത്തി. യു.എ.ഇയില്‍ സന്ദര്‍ശനം നടത്തിയിരുന്ന വേളയില്‍ അദ്ദേഹം പ്രവാസികളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഗൗരവപൂര്‍വം സംസാരിച്ചിരുന്നതായി സംഘടനാ നേതാക്കള്‍ അനുസ്മരിക്കുന്നു.
മൂസ മാഷ് പ്രസിഡന്റായിരുന്ന 1999-ല്‍ അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സന്ദര്‍ശിച്ച കൃഷ്ണയ്യര്‍ പ്രവാസികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഏറെ ശക്തവും കാര്യപ്രസക്തവുമായ വിഷയങ്ങള്‍ പങ്കുെവച്ചതായി കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി പറഞ്ഞു. നീതി നിഷേധിക്കപ്പെട്ട പാവങ്ങളുടെ കാര്യത്തില്‍ നടപ്പിലാക്കേണ്ടുന്ന നയങ്ങളെക്കുറിച്ച് ഏറെ വാചാലനായതും സഫറുള്ള ഓര്‍ക്കുന്നു.
അനീതിക്കും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ എക്കാലവും നിലകൊണ്ട കാവലാളെയാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിയോഗം കൊണ്ട് നഷ്ടമായതെന്ന് സെന്റര്‍ പ്രസിഡന്റ് എം.യു.വാസു അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. കേസ് വാദിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ നിയമസഹായം നല്‍കാന്‍ രാജ്യത്ത് ആദ്യമായി വ്യവസ്ഥയുണ്ടാക്കിയ കൃഷ്ണയ്യര്‍ തയ്യാറാക്കി അവതരിപ്പിച്ച 'മലബാര്‍ കാര്‍ഷിക ബന്ധ ബില്ലിന്റെ' ചുവട് പിടിച്ചാണ് പിന്നീട് കാര്‍ഷിക ബില്‍ രൂപപ്പെടുത്തിയതെന്നും സന്ദേശത്തില്‍ വ്യക്തമാക്കി. പാവങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായ വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസും ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂരും സംയുക്ത അനുശോചന പ്രസ്താവനയിലൂടെ അറിയിച്ചു.
വി.ആര്‍.കൃഷ്ണയ്യരുടെ വിയോഗത്തില്‍ കൊയിലാണ്ടി എന്‍.ആര്‍.ഐ. ഫോറം അനുശോചനം രേഖപ്പെടുത്തി. രതീഷ് കുമാര്‍, റിയാസ് ഹൈദര്‍, ഹാഷിം പുന്നക്കല്‍, ദിനേശ് നായര്‍, മുസ്തഫ പൂക്കാട് എന്നിവര്‍ സംസാരിച്ചു. കൃഷ്ണയ്യര്‍ തന്റെ ബാല്യകാലം ചെലവഴിച്ചത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് രാമചന്ദ്ര യ്യര്‍ കൊയിലാണ്ടി, കോഴിക്കോട്, തലശ്ശേരി കോടതികളിലെ തിരക്കേറിയ അഭിഭാഷകനായിരുന്നു. കൊയിലാണ്ടി കോതമംഗലത്തെ അദ്ദേഹത്തിന്റെ വസതി ഈ അടുത്തകാലം വരെ നിലനിന്നിരുന്നതായും അനുശോചന യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു. കോതമംഗലം എല്‍.പി. സ്‌കൂളിലാണ്കൃഷ്ണയ്യര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
from kerala news edited
via IFTTT