Story Dated: Thursday, December 4, 2014 04:11
കൊച്ചി : ജസ്‌റ്റിസ് വി.ആര്‍ കൃഷ്‌ണയ്യര്‍ (100) അന്തരിച്ചു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ പത്തു ദിവസത്തോളമായി ചികിത്സയിലായിരുന്നു.
1915 നവംബര്‍ ഒന്നിന് രാമ്മയ്യരുടേയും നാരായണി അമ്മാളിന്റേയും രണ്ടാമത്തെ മകനായി പാലക്കാട് ശേഖരിപുരത്തായിരുന്നു വി.ആര്‍ കൃഷ്‌ണയ്യരുടെ ജനനം. മുത്തച്‌ഛനില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. അണ്ണാമലൈ- മദ്രാസ് യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ഉന്നത വിദ്യാഭ്യാസം. പാവങ്ങളില്‍ നിന്ന് ഫീസ് വാങ്ങാതെയും സത്യത്തിന്റെ ഭാഗത്ത് നിലകൊണ്ടും കൃഷ്‌ണയ്ര്‍യ നെല്ലിച്ചേരി ബാര്‍ കൗണ്‍സിലില്‍ അച്‌ഛനോടൊപ്പം പ്രാക്‌ടീസ് തുടങ്ങി. ഒരാള്‍ ഉയര്‍ത്തിപിടിക്കുന്ന നല്ല മൂല്യങ്ങളാണ് അയാളെ മഹാനാക്കുന്നതെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം തുടക്കം മുതലേ ജനങ്ങളുടെ ഇഷ്‌ട നേതാവായിരുന്നു.
1952 ലെ മദ്രാസ് പ്രവിശ്യാ തെരഞ്ഞെടുപ്പ് വിജയത്തോടെ രാഷ്‌ട്രീയ ജീവിതം തുടങ്ങിയ കൃഷ്‌ണയ്യര്‍ 1957 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ മന്ത്രിയായി.ഇ.എം.എസ്. മന്ത്രിസഭയില്‍ നിയമവകുപ്പുള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ കൈകാര്യം ചെയ്‌തിരുന്ന കൃഷ്‌ണയ്യര്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരാന്‍ എടുത്ത നിയമ തീരുമാനങ്ങള്‍ സുപ്രധാനമായിരുന്നു.
1968 ല്‍ ഹൈക്കോടതി ജസ്‌റ്റിസായും 1973 മുതല്‍ 1980 വരെ സുപ്രീംകോടതി ജസ്‌റ്റിസായും സേവനമനുഷ്‌ഠിച്ച കൃഷ്‌ണയ്യര്‍ ഈ കാലയളവില്‍ നടത്തിയ വിധികളില്‍ പലതും ചരിത്രത്തിന്റെ ഏടുകളില്‍ ഇടംപിടിച്ചു. മനുഷ്യന് ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും തടവറയില്‍ കഴിയുന്നവര്‍ക്കും വേണമെന്ന് വാശിപിടിച്ച അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ ജയിലുകള്‍ പരിഷ്‌കരിച്ചു. നീതിപീഠത്തില്‍ കയറിയപ്പോള്‍ നിരവധി വിധിന്യായങ്ങള്‍ തടവുപുള്ളികള്‍ക്കുവേണ്ടി എഴുതി.
കസ്‌റ്റഡിയിലിരിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നിയമസഹായം ലഭിക്കുംവിധം ഭരണഘടനയില്‍ കൊണ്ടുവന്ന മാറ്റവും മുസ്ലിം വ്യക്‌തി നിയമവുമൊക്കെ കൃഷ്‌ണയ്യര്‍ ബെഞ്ചിന്റെ നേട്ടങ്ങളായിരുന്നു. 1975 ല്‍ ജസ്‌റ്റിസ് ജഗ്‌മോഹന്‍ സിന്‍ഹ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി സൂപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അവധിക്കാല ജഡ്‌ജായി വന്ന വി.ആര്‍. കൃഷ്‌ണയ്യര്‍ വിധിക്കു കൊടുത്ത സ്‌റ്റേ ഉപയോഗിച്ച് ഇന്ദിരാഗാന്ധി അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതു വന്‍ വിവാദമായിരുന്നു. 1980 ല്‍ വിരമിച്ചതിനുശേഷം സാമൂഹ്യ പ്രവര്‍ത്തനം, നിയമസേവനം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം ശക്‌തനായി നിലകൊണ്ടു. എല്ലാറ്റിനും മീതെ ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും എന്നും കൃഷ്‌ണയ്യര്‍ എന്നും കൂടെയുണ്ടായിരുന്നു. പീഡനം അനുഭവിക്കുന്നവരുടേയും പാവങ്ങളുടേയും പിന്നോക്ക വിഭാഗങ്ങളുടെയെല്ലാം ശബ്‌ദമായി ഉറക്കെ സംസാരിച്ചിരുന്ന കൃഷ്‌ണയ്യരെപ്പോലെ മറ്റൊരു നേതാവ് ഇനി ഉണ്ടാകുമോ എന്ന് കണ്ടറിയാം.
from kerala news edited
via IFTTT