Story Dated: Friday, January 16, 2015 04:01
ന്യൂഡല്‍ഹി: തങ്ങളടെ സ്‌ത്രീകള്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമാണോയെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. ഹിന്ദു സ്‌ത്രീകള്‍ നാല് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്ന ബി.ജെ.പി. നേതാവ് സാക്ഷി മഹാരാജിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് മുന്നോടിയായി തിമര്‍പൂരില്‍ സംസാരിക്കവെയാണ് ബി.ജെ.പിക്കെതിരെ കെജ്രിവാള്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
സ്‌ത്രീകളുടെ പൂര്‍ണ്ണ ക്ഷേമവും സുരക്ഷിതത്വവുമായിരുന്നു തെരഞ്ഞെടുപ്പിനു മുന്‍പ് ബി.ജെ.പി നേതാക്കള്‍ നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം ഈ പാര്‍ട്ടി സ്‌ത്രീകളുടെ പിന്നാലെ പായുകയാണ്. നാലു കുട്ടികള്‍ക്ക് ജന്മം നല്‍കാനാണ് അവര്‍ നമ്മുടെ സ്‌ത്രീകളോട് ആവശ്യപ്പെടുന്നത്. അവര്‍ കുട്ടികളെ ഉത്‌പാദിപ്പിക്കാനുള്ള യന്ത്രങ്ങളാണോ? നാല് കുട്ടികള്‍ ഉണ്ടായാല്‍ അവര്‍ക്ക് എങ്ങനെ ആഹാരം കൊടുക്കുമെന്നും കെജ്രിവാള്‍ ചോദിച്ചു.
ബി.ജെ.പി സര്‍ക്കാര്‍ സ്‌ത്രീകളെ ഒട്ടും മാനിക്കുന്നില്ല. സ്‌ത്രീകളുടെ നന്മയ്‌ക്കായി ഒരു വാക്കുപോലും പറയാന്‍ അവര്‍ക്കു കഴിയുന്നില്ല. അതിനു പകരം മൊബൈല്‍ ഫോണും ജീന്‍സും ഉപയോഗിക്കുന്നത് വിലക്കുകയാണ് ചെയ്യുന്നത്. സ്‌ത്രീകള്‍ സ്‌കൂളില്‍ പോകുന്നതും ജോലി നേടുന്നതും അവര്‍ ആഗ്രഹിക്കുന്നില്ലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാംലീലാ മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തിനെയും കെജ്രിവാള്‍ വിമര്‍ശിച്ചു. മോഡി ഡല്‍ഹിയില്‍ ആശുപത്രികളും സ്‌കൂളുകളു ഫ്‌ളൈ ഓവറുകളും സ്‌ഥാപിക്കുമെന്ന പ്രസ്‌താവനയാവും ഇറക്കുകയെന്നാണ് താന്‍ കരുതിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗം തന്നെ നിരാശപ്പെടുത്തി. അദ്ദേഹം തന്നെ നക്‌സലേറ്റെന്ന് കുറ്റപ്പെടുത്തി കാട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ചെയ്‌തതെന്നും കെജ്രിവാള്‍ ആരോപിച്ചു.
2022 ഓടെ ഡല്‍ഹിയിലെ ചേരികള്‍ നീക്കം ചെയ്‌ത് എല്ലാവര്‍ക്കും വീട് നല്‍കുമെന്ന ബി.ജെ.പിയുടെ അജണ്ടയെ വിമര്‍ശിക്കാനും കെജ്രിവാള്‍ മറന്നില്ല. കുടിലുകള്‍ ഇല്ലാതാക്കിയശേഷം 2022ല്‍ പുതിയ വീട് വെച്ചുനല്‍കുമെന്ന് പറയുന്നതില്‍ എന്താണര്‍ഥം. ഡല്‍ഹിയിലെ ജനങ്ങള്‍ നഗരം ഉപേക്ഷിക്കേണ്ട സാഹചര്യം വരുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി കിരണ്‍ ബേദിയാണ് മത്സര രംഗത്ത്. അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ഒരുമിച്ച് നിന്ന ബേദിയും കെജ്രിവാളും മത്സരരംഗത്ത് മുഖാമുഖം വരുന്നത് കനത്ത പോരാട്ടത്തിനാവും വഴിയൊരുക്കുക.
from kerala news edited
via IFTTT