Story Dated: Friday, January 16, 2015 01:52
തിരുവനന്തപുരം: തരൂരിന്റെ മോഡി ചായ്‌വിനു പിന്നാലെ സുരേഷ്‌ഗോപിയുടെ രാഷ്‌ട്രീയ പ്രവേശത്തിനു മുന്നോടിയായുളള ഇടപെടലുകളും സംസ്‌ഥാന കോണ്‍ഗ്രസിനെ അസ്വസ്‌ഥമാക്കുന്നു. കഴിഞ്ഞ ദിവസം സുരേഷ്‌ഗോപി വിഴിഞ്ഞത്ത് നടത്തിയ പ്രസ്‌താവനയെ നിശിതമായി വിമര്‍ശിച്ചാണ് പാര്‍ട്ടി മുഖപത്രമായ 'വീക്ഷണം' എഡിറ്റോറിയല്‍ ലേഖനമെഴുതിയത്.
'അഹങ്കാരത്തിന് ആള്‍രൂപം പ്രാപിച്ചാല്‍ അത് സുരേഷ്‌ഗോപിയാവും സുരേഷ്‌ഗോപിക്ക് കാവിജ്വരം മൂത്താല്‍ കേരള തൊഗാഡിയയും' എന്നു പറഞ്ഞാണ് എഡിറ്റോറിയല്‍ ലേഖനം തുടങ്ങുന്നത്. വെളളിത്തിരയെ ചൂടുപിടിപ്പിച്ച സുരേഷ്‌ഗോപി വിവരക്കേടിന്റെ തിടമ്പേന്തി ബിജെപി രാഷ്‌ട്രീയത്തിലെ ഗുരുവായൂര്‍ കേശവനാകാന്‍ ശ്രമിക്കുകയാണെന്നും വിഴിഞ്ഞത്ത് ഹിന്ദുത്വ പ്രസംഗം നടത്തിയ താരം വിഷപ്രചരണത്തിന്റെ കാര്യത്തില്‍ പ്രവീണ്‍ തൊഗാഡിയക്ക് ശിഷ്യപ്പെട്ടിരിക്കുകയാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
അധികാര മോഹം മൂലമാണ് സുരേഷ് ഗോപി മോഡിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയത്. അധികാര ദുര മൂലമാണ് മോഡി ക്ഷണിച്ചാല്‍ മന്ത്രിയാവുമെന്നൊക്കെ താരം പറയാന്‍ കാരണം. മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളുമാണ് ഈ നാടിന്റെ ശാപമെന്ന് വെളളിത്തിരയില്‍ കയറി വിളിച്ചുകൂവിയ താരത്തെ താന്‍ വിസര്‍ജിച്ച വാക്കുകള്‍ അദ്ദേഹത്തെ വാരിത്തിന്നുമ്പോള്‍ പഴയ ഡയലോഗുകളും ആ മുഖവും മലയാളി ഓര്‍ത്തു പോകുന്നുവെന്നും ലേഖനം കടുത്ത വാക്കുകളിലൂടെ മുന്നേറുന്നു.
സീറ്റ് മോഹം മൂലമാണ് ലീഡറിന്റെ സപ്‌തതിക്ക് താരം ചോറു വിളമ്പാനെത്തിയത്. അത് നടക്കാതായപ്പോള്‍ വി എസിനോടു മമത മൂത്ത് മലമ്പുഴയില്‍ പ്രചരണത്തിനു പോയി. അന്ന് സിനിമയൊന്നുമില്ലാതെ ഏതാണ്ട് വിശ്രമ ജീവിതത്തിലായിരുന്നു. ഇപ്പോള്‍ കാവി പ്രണയം കലശലായപ്പോഴാണ് ഉമ്മന്‍ ചാണ്ടിയെ തെറി വിളിക്കാനുളള ആവേശമുണ്ടായത്. വടി കൊടുത്ത് യൂത്ത് കോണ്‍ഗ്രസുകാരില്‍ നിന്ന് അടി വാങ്ങിയ താരം പിന്നീട് മാപ്പു പറഞ്ഞ് തടിതപ്പി. യൂത്ത് കോണ്‍ഗ്രസുകാര്‍ കോലം കത്തിച്ചതു കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് താരം അടുത്ത കാലത്ത് പറഞ്ഞതിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
സിനിമാ താരങ്ങള്‍ രാഷ്‌ട്രീയത്തിലിറങ്ങുന്നത് പാപമല്ല, എന്നാല്‍ അതിനായി പ്രവീണ്‍ തൊഗാഡിയയുടെ കേരള രൂപമായി സുരേഷ് ഗോപി മാറരുതെന്നുമുളള ഉപദേശത്തോടെയാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.
from kerala news edited
via IFTTT