Story Dated: Friday, January 16, 2015 03:17
മലപ്പുറം: ഗുണമേന്മയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സര്‍ക്കാര്‍ തുടങ്ങിയ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി മഞ്ചേരി മെഡിക്കല്‍ കോളജിലും തുടങ്ങി. ഫാര്‍മ്മസി ജനുവരി 16ന് രാവിലെ 11ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്‌ഘാടനം ചെയ്യും. ഇ.അഹമ്മദ് എം.പി.മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്‌ടര്‍ കെ.ബിജു, മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുക്കും. കാരുണ്യയുടെ സംസ്‌ഥാനത്തെ 27ാമതും ജില്ലയിലെ രണ്ടാമത്തെ ഫാര്‍മ്മസിയുമാണിത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഫാര്‍മ്മസി പ്രവര്‍ത്തിക്കുക. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 2014 ആഗസ്‌റ്രില്‍ ആദ്യഫാര്‍മ്മസി തുടങ്ങിയിരുന്നു. ദിനം പ്രതി 40000 രൂപയുടെ മരുന്നുകള്‍ ഇവിടെ വില്‍ക്കപ്പെടുന്നു. സംസ്‌ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും കാരുണ്യഫാര്‍മ്മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ഫാര്‍മ്മസികളെ അപേക്ഷിച്ചു ഇംഗ്ലീഷ് മരുന്നുകള്‍ക്ക് കാരുണ്യയില്‍ 93 ശതമാനം വരെ കിഴിവുണ്ടെന്ന് അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ സംരംഭമായ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഇടനിലക്കാരില്ലാതെ കമ്പനികളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങിക്കുന്നതിലൂടെയാണ് കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ സാധിക്കുന്നത്. കോഴിക്കോട് മലാപ്പറമ്പിലുള്ള കാരുണ്യ മെഡിക്കല്‍ ഡിപ്പോയില്‍ നിന്നാണ് ജില്ലയിലേക്കുള്ള മരുന്നുകള്‍ എത്തിക്കുക. 4000ത്തില്‍ പരം വിവിധ മരുന്നുകള്‍ ഇവിടെ സ്‌റ്റോക്ക് ചെയ്‌തിട്ടുണ്ട്. കാന്‍സറിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ഏറെ വിലക്കുറവില്‍ ലഭിക്കും. വാട്ടര്‍ബെഡ്, എയര്‍ ബെഡ്, വീല്‍ച്ചെയര്‍, ഗ്ലൂക്കോമീറ്റര്‍, ഗ്ലൂക്കോ സ്‌ടിപ്പ്, വാക്കര്‍ തുടങ്ങിയവയ്‌ക്കും വലിയ വിലക്കുറവുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സൂപ്രണ്ട് ഡോ. സന്ദകുമാര്‍, കെ.എം.സി.എല്‍ ജില്ലാ മാനേജര്‍ കെ. ദീപ, കാരുണ്യ മാനേജര്‍മാരായ കെ.ടി.ശരത്ത്, കെ.ടി.ബിജു, ആല്‍വിന്‍ അഗസ്‌റ്റിന്‍ പങ്കെടുത്തു.
from kerala news edited
via IFTTT