Story Dated: Saturday, January 17, 2015 11:53
പാരീസ്: മുഹമ്മദ് നബിയെ ചിത്രീകരിച്ച് വിവാദം വിലയ്‌ക്ക് വാങ്ങിയ ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാധ്യമം ചാര്‍ളി ഹെബ്‌ഡോയ്‌ക്കെതിരേ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നു. ശക്‌തമായ പ്രതിഷേധത്തിനിടയില്‍ നാലു പേര്‍ മരണമടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലാണ് നാലുപേര്‍ മരിച്ചത്.
തീവ്രവാദി ആക്രമണത്തിന് പിന്നാലെ പുറത്ത് വന്ന പുതിയ പതിപ്പിലും ഫ്രഞ്ച് മാധ്യമം ഉപയോഗിച്ചത് പ്രവാചകന്റെ കാര്‍ട്ടൂണ്‍ തന്നെയായിരുന്നു. ഇതിനെതിരേയാണ് പ്രതിഷേധം ആളിക്കത്തുന്നത്. നൈജറിലെ പല പള്ളികളും ഫ്രഞ്ച് സെന്ററുകളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. നൈജറിലെ സിന്ദര്‍ നഗരത്തില്‍ മൂന്ന് നാട്ടുകാരും ഒരു പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച നമസ്‌ക്കാരത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രോഷാകുലരായ ജനക്കൂട്ടം ഫ്രഞ്ച് കള്‍ച്ചറല്‍ സെന്ററിന് തീയിട്ടു. അമ്പും വില്ലുമേന്തിയാണ് ചില പ്രതിഷേധക്കാര്‍ എത്തിയത്. പരിക്കേറ്റവരില്‍ വെടിയേറ്റവര്‍ വരെയുണ്ട്. വെള്ളിയാഴ്‌ച പാകിസ്‌ഥാനിലും പ്രതിഷേധം അക്രമാസക്‌തമായിരുന്നു. അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ഫോട്ടോഗ്രാഫര്‍ക്ക് വെടിയേറ്റു. ഇയാള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പാകിസ്‌ഥാനില്‍ പരിക്കേറ്റിട്ടുണ്ട്. ചാര്‍ളി ഹെബ്‌ഡോയിലെ ജീവനക്കാരെ തൂക്കിലേറ്റണമെന്നാണ് ആവശ്യം.
എഎഫ്‌പി ഫോട്ടോഗ്രാഫര്‍ ആസിഫ് ഹസനാണ് വെടിയേറ്റത്. എന്നാല്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ രക്ഷപ്പെട്ടു. പോലീസുകാരും പ്രതിഷേധക്കാരും പരസ്‌പരം നടത്തിയ വെടിവെയ്‌പ്പിലാണ് ഹസന് വെടിയേറ്റത്. ജോര്‍ദ്ദാനിലെ അമ്മാനില്‍ നടന്ന പ്രതിഷേധത്തില്‍ 2,500 പേരാണ് പങ്കെടുത്തത്. പ്രവാചകനെ നിന്ദിക്കുന്നത് ആഗോള ഭീകരതയാണെന്ന ബാനറും പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ തെരുവ് കയ്യടക്കിയത്. അള്‍ജീരിയയിലെ പ്രതിഷേധത്തില്‍ സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞിരുന്നു.
from kerala news edited
via IFTTT