Story Dated: Saturday, March 28, 2015 02:28
തിരുവനന്തപുരം: കുട്ടികള്‍ കുറവെന്ന കാരണം പറഞ്ഞ് അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളിനെ അടച്ചുപൂട്ടി ഷോപ്പിങ് കോംപ്ലക്‌സ് പണിയാനുള്ള ശ്രമത്തിനെതിരേ സ്‌കൂള്‍ സംരക്ഷണ സമിതിയുടെ പുതിയ സമരമുറ.
ഹര്‍ത്താലുകളും ഉപരോധങ്ങളുമൊന്നുമല്ല സമരായുധം. നന്മയുടേയും സദ്‌ചിന്തയുടെയും മാതൃകയായി മാറുകയാണ് അട്ടക്കുളങ്ങര സ്‌കൂള്‍ സംരക്ഷണ സമിതി. കുട്ടികളെ സ്‌കൂളിലേക്കാകര്‍ഷിക്കുകയാണ് സംരക്ഷണസമിതിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി വരുന്ന അധ്യയനവര്‍ഷത്തില്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അഡ്‌മിഷന്‍ എടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ വിദ്യാഭ്യാസം, യൂണിഫോമുകള്‍, ഷൂസ്, ബാഗ്, നോട്ട്‌ബുക്കുകള്‍, പുസ്‌തകങ്ങള്‍ തുടങ്ങി മറ്റെല്ലാ പഠന ഉപകരണങ്ങളും നല്‍കും. ഇംഗ്ലിഷ്, മലയാളം, തമിഴ് മീഡിയങ്ങളിലായി അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയാണ് അഡ്‌മിഷന്‍ നടക്കുന്നത്. പോഷകസമൃദ്ധമായ ആഹാരം രാവിലെയും വൈകിട്ടും ഉറപ്പാക്കും. കായികവും കലാപരമായ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കും. വിദഗ്‌ധരുടെ മേല്‍നോട്ടത്തിലാ യിരിക്കും പരിശീലനം. ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളിലും പരിശീലനം ലഭ്യമാക്കും.
സുരക്ഷയ്‌ക്കു പ്രാധാന്യം നല്‍കി പെണ്‍കുട്ടികള്‍ക്കു വേണ്ട അഭ്യാസമുറകള്‍ പഠിപ്പിക്കാനും സംവിധാനമൊരുക്കുന്നുണ്ട്. ഈ രംഗത്ത് സജീവമായ ആശ ഗോപിനാഥാണ് ക്ലാസെടുക്കുക. ഇവിടെ അഞ്ചാം ക്ലാസില്‍ അഡ്‌മിഷന്‍ എടുക്കുന്ന കുട്ടിക്ക് ഒരുചെലവുമില്ലാതെ പത്താം ക്ലാസ് വരെ പഠിക്കാന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടം. കഴിഞ്ഞ അധ്യയനവര്‍ഷം പത്താം ക്ലാസിലെ പരീക്ഷയില്‍ സമ്പൂര്‍ണ്ണ വിജയം ഇവിടത്തെ കുട്ടികള്‍ കരസ്‌ഥമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ സംരക്ഷണ സമിതി ഒരുക്കിയിരുന്ന സൗജന്യ സ്‌പെഷല്‍ ട്യൂഷന്‍ ഇക്കൊല്ലവും തുടരും. പലതവണ ഹയര്‍ സെക്കന്‍ഡറിക്കു വേണ്ടി ആവശ്യം ഉന്നയിച്ചിട്ടും അനുവദിച്ചിരുന്നില്ല. ഇംഗ്ലിഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ ഇന്ററാക്‌ടീവ് ഇംഗ്ലിഷ് ക്ലാസുകള്‍ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ സഹായത്തോടെ നടത്തും. പൂര്‍വ വിദ്യാര്‍ഥികളും സ്‌കൂള്‍ സംരക്ഷണ സമിതിയും സംയുക്‌തമായി സ്‌കൂള്‍ നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
from kerala news edited
via IFTTT