Story Dated: Saturday, March 28, 2015 03:20
പാലക്കാട്: അട്ടപ്പാടിയില്‍ തുടര്‍ച്ചയായ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലത്ത് ഗര്‍ഭിണികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള കേന്ദ്ര സഹായ വിതരണവും മുടങ്ങി. ഏറ്റവും കൂടുതല്‍ ശിശുമരണങ്ങള്‍ പുറംലോകമറിഞ്ഞ 2013, 2014 വര്‍ഷങ്ങളില്‍ ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന(ഐ.ജി.എം.എസ്.വൈ) പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്ക് നല്‍കേണ്ട തുകയാണ് സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങിയത്. ഗര്‍ഭകാലയളവിലും പ്രസവകാലയളവിലും ആവശ്യമായ ആരോഗ്യ പോഷകാഹാര പരിരക്ഷയും സംരക്ഷണവും നവജാതശിശുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പുകളും മുലപ്പാലും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഇന്ത്യയിലെ 52 ജില്ലകളില്‍ മാത്രം നടപ്പാക്കിയ പദ്ധതിയില്‍ കേരളത്തില്‍ നിന്നും പാലക്കാട് ഉള്‍പ്പെട്ടതുതന്നെ അട്ടപ്പാടി അടക്കമുള്ള പിന്നോക്കമേഖലകളെ പരിഗണിച്ചാണ്.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിനു കീഴില്‍ 2011 ഏപ്രില്‍ നാലിനാണ് പദ്ധതി നടപ്പിലായത്. ആദ്യം 4,000 രൂപയായിരുന്ന സഹായം 2013 സെപ്‌തംബര്‍ 27 ന് 6000 രൂപയാക്കി ഉയര്‍ത്തി. പ്രീനേറ്റല്‍ ചെക്കപ്പ്, പ്രതിരോധ കുത്തിവയ്‌പ്, ഗര്‍ഭകാല/പ്രസവകാല കൗണ്‍സലിംഗ്, കുട്ടിയുടെ മുലയൂട്ടല്‍, ജനന രജിസ്‌ട്രേഷന്‍, പ്രതിരോധ കുത്തിവെയ്‌പ്, തൂക്കമെടുക്കല്‍ തുടങ്ങിയ വ്യവസ്‌ഥകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്‌ക്കാണ് തുക നല്‍കുക. 4000 രൂപ മൂന്നുഗഡുക്കളായി വിതരണം ചെയ്‌തിരുന്നത് 6000 ആക്കിയപ്പോള്‍ രണ്ടായി ചുരുക്കി. പകുതി തുക ഗര്‍ഭധാരണം നടന്ന് ആറുമാസത്തിനുശേഷവും രണ്ടാംഗഡു പ്രസവം നടന്ന ആറാംമാസത്തിലുമാണ് നല്‍കേണ്ടത്.
സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസറില്‍ നിന്നും ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്ര?ജക്‌റ്റ് ഓഫീസര്‍മാര്‍ നേരിട്ട് തുക കൈമാറി ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യുകയായിരുന്നു പതിവ്. ഇത് ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നിര്‍ദേശം വന്നതോടെയാണ് വിതരണം നിലച്ചത്. 25,000 ത്തോളം അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയെങ്കിലും സാങ്കേതിക പ്രശ്‌നം തടസമായി. 4000 രൂപ വിതരണം മുടങ്ങിയതോടെ 6000 രൂപ വിതരണം ആരംഭിച്ചില്ല.
4000 ത്തിനുള്ള അപേക്ഷകളില്‍ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ 4.68 കോടി വിതരണം ചെയ്‌തതു. നിലവില്‍ 4,000 രൂപക്ക് 21,000 അപേക്ഷകളുണ്ട്. 6,000 രൂപയുടെ 18,000 അപേക്ഷകളും കെട്ടികിടപ്പാണ്. സി.ഡി.പി.ഒമാര്‍ നേരിട്ട് വിതരണം നടത്തിയ 2012-13 സാമ്പത്തികവര്‍ഷം വരെ അട്ടപ്പാടിക്ക് ആകെ അനുവദിച്ചത് 97,61,400 രൂപയാണ്. ഇതില്‍ എട്ടുലക്ഷം രൂപ തിരിച്ചടച്ചു. ബാക്കി 89,61,400 രൂപയും വിതരണം ചെയ്‌തതായാണ് കണക്ക്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 463 അപേക്ഷകളിലായി 18,52,000 രൂപയും അട്ടപ്പാടിക്ക് നല്‍കി.
ജില്ലയിലെ 21 ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സ്‌കീം(ഐ.സി.ഡി.എസ്) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലേക്ക് ഏറ്റവും കുറവ് അപേക്ഷ ലഭിക്കുന്നതും അട്ടപ്പാടിയില്‍ നിന്നാണ്. വര്‍ഷത്തില്‍ 800-900 അപേക്ഷകളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് മലമ്പുഴ, കൊല്ലങ്കോട് ഐ.സി.ഡി.എസുകളില്‍ നിന്നാണ്. മലമ്പുഴയില്‍ നിന്നും 3000 വും കൊല്ലങ്കോട് 2700 ഉം അപേക്ഷകളാണ് വര്‍ഷം ലഭിക്കുന്നത്. 19 വയസ് പൂര്‍ത്തിയായ ജില്ലയില്‍ സ്‌ഥിരതാമസക്കാരായ വനിതകള്‍ക്ക് പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്യാം. ഗര്‍ഭം ധരിച്ച് നാലുമാസത്തിനകം താമസസ്‌ഥലത്തുള്ള അങ്കണവാടിയിലാണ് രജിസ്‌റ്റര്‍ ചെയ്യേണ്ടത്. ആദ്യരണ്ടു പ്രസവങ്ങള്‍ക്കാണ് ധനസഹായം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരെയും ജോലിചെയ്യുന്നവരുടെ ഭാര്യമാരെയും പരിഗണിക്കില്ല.
എന്‍. രമേഷ്
from kerala news edited
via IFTTT